TopTop
Begin typing your search above and press return to search.

പൗരത്വ ബില്ലിനെ പിന്തുണയ്ക്കുമെന്ന്, ഇതുവരെ എതിർത്തിരുന്നവർ; പഠിക്കുകയാണെന്ന് കോൺഗ്രസ്, ഒന്നും മിണ്ടാതെ തൃണമൂൽ

പൗരത്വ ബില്ലിനെ പിന്തുണയ്ക്കുമെന്ന്, ഇതുവരെ എതിർത്തിരുന്നവർ; പഠിക്കുകയാണെന്ന് കോൺഗ്രസ്, ഒന്നും മിണ്ടാതെ തൃണമൂൽ

വിവാദ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണക്കുമെന്ന് ശിവസേനയും ജെഡിയുവും അറിയിച്ചിരിക്കുന്നു. രാജ്യസഭയില്‍ വളരെ അനായാസകരമായി അടുത്തയാഴ്ച ബില്‍ പാസാക്കാനാകുമെന്ന മോദി സര്‍ക്കാരിന്റെ അവകാശവാദത്തിന് ശക്തി പകരുന്നതാണ് ഈ പിന്തുണകള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെ ഉയര്‍ന്ന, ഇപ്പോളും തുടരുന്ന ശക്തമായ പ്രതിഷേധം കുറെയോക്കെ തണുപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഈ സംസ്ഥാനങ്ങളിലെ വിവിധ കക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലൂടെ കഴിഞ്ഞിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് അസമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരിങ്കൊടികളുമായാണ് അസം ഗണ പരിഷദ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. എന്നാല്‍ പിന്നീട് തീവ്ര പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറിയെ എജെപി ഇപ്പോള്‍ ബില്ലിനെ അംഗീകരിക്കുന്ന നിലയിലെത്തിയതായാണ് സൂചന.

ലോക്‌സഭയില്‍ ഈ ബില്‍ വന്നപ്പോള്‍ ശക്തമായ എതിര്‍പ്പുമായാണ് പ്രതിപക്ഷം ഇതിനെ നേരിട്ടത്. ഇരു സഭകളിലേയും പ്രതിഷേധം ബില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയിരുന്നു. എന്നാല്‍ മറ്റെല്ലാ വിവാദ ബില്ലുകളേയും പോലെ രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച് കൂടുതല്‍ പാര്‍ട്ടികള്‍ രംഗത്തുവരുകയാണ്. മുത്തലാഖ് ബില്‍, യുഎപിഎ ഭേദഗതി ബില്‍, എന്‍ഐഎ ഭേദഗതി ബില്‍, വിവരാവകാശ ഭേദഗതി ബില്‍ എന്നിവയൊക്കെ ഭൂരിപക്ഷമില്ലാഞ്ഞിട്ടും രാജ്യസഭയില്‍ പാസാക്കിയെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാരിന് കഴിഞ്ഞു. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകള്‍ കൊണ്ട് വിവാദമായ പൗരത്വ ഭേദഗതി ബില്ലും ഇത്തരത്തില്‍ പാസാക്കപ്പെട്ടേക്കാം എന്ന സൂചനയാണ് വരുന്നത്. ബില്ലിന്റെ വിമര്‍ശകരായിരുന്ന പല പാര്‍ട്ടികളും നിലപാട് മാറ്റിയിരിക്കുന്നു. രാജ്യസഭയില്‍ 122 അംഗങ്ങളുടെ പിന്തുണ ഇതിനോടകം ബില്ലിനുണ്ട് എന്നാണ് ബിജെപി അവകാശപ്പെടുന്നത്. കൂടുതല്‍ പിന്തുണ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. നിലവില്‍ 238 ആണ് രാജ്യസഭയുടെ അംഗബലം. ഡിസംബർ 10നകം ബിൽ പാസാക്കാനാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയുമായ സഖ്യം പിരിയുകയും രാജ്യത്തുടനീളം മഹാരാഷ്ട്ര ആവര്‍ത്തിച്ച് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണി മുഴക്കുന്ന ശിവസേന ബില്ലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ബില്ലിനെ ശക്തമായി എതിർക്കുകയും പ്രതിഷേധിച്ച് വാക്ക് ഔട്ട് നടത്തുകയും ചെയ്ത ജെഡിയു പിന്തുണ അറിയിച്ചിരിക്കുന്നു. ബിജെപിയുടെ സഖ്യകക്ഷി ആണെങ്കിലും രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ ബിജെപിയുമായി അസ്വാസരസ്യത്തിലുള്ള ജെഡിയു, ബില്‍ ലോക്‌സഭ പാസാക്കിയപ്പോള്‍ പ്രതിഷേധിച്ച് വാക്ക് ഔട്ട് നടത്തിയിരുന്നു. ബില്ലിനെതിരെ ശക്തമായ പ്രചാരണം നടത്തിയ ജെഡിയു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്ക് പ്രതിനിധി സംഘത്തെ അയയ്ക്കുകയും ബില്ലിനെതിരെ പ്രതിഷേധിക്കുന്ന പൗരാവകാശ പ്രവര്‍ത്തകരെ കണ്ട് സംസാരിക്കുകയും ബില്ലിനെതിരെ പാര്‍ലമെന്റില്‍ വോട്ട് ചെയ്യുമെന്ന് പ്രതിഷേധവുമായി രംഗത്തുള്ള സംഘടനകള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെ എതിര്‍ത്തിരുന്ന പാര്‍ട്ടികള്‍ പുതിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ബില്ലിനെ പിന്തുണക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് തങ്ങളും ബില്ലിനെ പിന്തുണക്കുന്നത് എന്നാണ് ജെഡിയുവിന്റെ വിശദീകരണം. ബിജെപിയുടെ രാജേന്ദ്ര അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ജെപിസി ബില്ലിനെ അംഗീകരിച്ചപ്പോള്‍ കമ്മിറ്റി അംഗമായിരുന്ന ബിജെഡിയുടെ (ബിജു ജനതാദള്‍) ഭര്‍തൃഹരി മെഹ്താബ് വിയോജനക്കുറിപ്പെഴുതിയിരുന്നു. അസം അക്കോഡിന് വിരുദ്ധമാണ് ബില്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് വിയോജനക്കുറിപ്പ് നല്‍കിയത്. അസം അക്കോഡ് അനുസരിച്ച് 1971 മാര്‍ച്ച്് 25ന് ശേഷം അസമിലേയ്ക്ക് കുടിയേറിയവര്‍ നിയമവിരുദ്ധ കുടിയേറ്റക്കാരും വിദേശികളുമാണ്. എന്നാല്‍ ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാള്‍ ഇപ്പോള്‍ ബില്ലിനെ അനുകൂലിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ബില്ലിനെ ശക്തമായി എതിര്‍ത്ത പാര്‍ലമെന്റ് അംഗങ്ങളില്‍പ്പെട്ടവരാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ സൗഗതോ റോയിയും ഡെറിക് ഓബ്രിയനും. ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉണ്ടായത്. ബംഗാളില്‍ പൗരത്വ പട്ടിക നടപ്പാക്കില്ല എന്ന മമത വ്യക്തമാക്കുകയും ചെയ്തു. ബംഗാളില്‍ പൗരത്വ പട്ടിക നടപ്പാക്കണം എന്ന് ആവശ്യപ്പെടുന്ന ബിജെപിക്ക് അസമിലെ പൗരത്വ പട്ടികയില്‍ പരാതി പുറത്താക്കപ്പെടുന്നവരില്‍ ഹിന്ദുക്കളും ഉള്‍പ്പെടുന്നു എന്നതാണ്. ഈ കുറവ് നികത്താനാണ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുന്നത് എന്ന് ബിജെപി പറയുന്നു. അതേസമയം പൗരത്വ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ത്തിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ നിശബ്ദരാണ്.

ആന്ധ്രപ്രദേശ് ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബില്ലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. അയല്‍രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന അവിടങ്ങളില മതന്യൂനപക്ഷങ്ങളെ സഹായിക്കാന്‍ എന്ന ബിജെപിയുടെ വാദം അംഗീകരിക്കുകയാണ് വൈഎസ്ആര്‍. ഇത്തരത്തില്‍ മതപീഡനം നേരിടുന്ന വിഭാഗങ്ങളെ സഹായിക്കുന്നതില്‍ യാതൊരു തെറ്റുമില്ല എന്നാണ് വൈഎസ്ആര്‍സിപി നേതാവ് വിജയ്‌സായ് റെഡ്ഡി പറഞ്ഞത്. മുസ്ലീങ്ങളോടുള്ള വിവേചനം സംബന്ധിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടറുടെ ചോദ്യത്തോട് വിജയ്‌സായ് റെഡ്ഡി വ്യക്തമായ മറുപടിയില്ലാതെ അയല്‍രാജ്യങ്ങളിലെ പീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ സഹായിക്കാന്‍ എന്ന വാദം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. വിവാദ കാശ്മീര്‍ ബില്ലിനെ അടക്കം പിന്തുണച്ച ആം ആദ്മി പാര്‍ട്ടിയും തെലങ്കാന രാഷ്ട്രസമിതിയും ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ബില്ലിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നത് ബില്‍ പഠിച്ചുവരുകയാണ് എന്നാണ്. ഏത് രൂപത്തിലാണ് പുതിയ കരട് ബില്‍ വന്നിരിക്കുന്നത് എന്ന് പരിശോധിക്കണം. ഇതിന് ശേഷമേ നിലപാട് പറയാനാകൂ - ബില്‍ ഭരണഘടനാവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി നേരത്തെ വിയോജനക്കുറപ്പ് നല്‍കിയ, കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ പൗരന്മാര്‍ക്കും ജാതി, മത, ലിംഗ, ഭാഷാ ഭേദമന്യേ സമത്വം ഉറപ്പ് നല്‍കുന്ന, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന് വിരുദ്ധമാണ് ബില്‍ എന്ന് അധീര്‍ രഞ്ജന്‍ ചൗധരി നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസിലെ സുഷ്മിത ദേവ്, കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേയ്ക്ക് ചേക്കേറിയ പ്രദീപ് ഭട്ടാചാര്യ എന്നിവരും വിയോജനക്കുറിപ്പുകള്‍ നല്‍കിയിരുന്നു.

2019 ജനുവരിയില്‍ ബില്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി, അന്ന് ബംഗാളില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്ന സിപിഎമ്മിലെ മുഹമ്മദ് സലീം സംസാരിച്ചിരുന്നു. ബില്ലിനോടുള്ള ശക്തമായ എതിര്‍പ്പ് സിപിഎം തുടരുകയാണ്. ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി നിലപാട് വ്യക്തമാക്കി - കാര്യം വളരെ ലളിതമാണ്. മതാടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കാനാകില്ല. ഇതുകൊണ്ട് പൗരത്വ ഭേദതഗി ബില്‍ ഭരണഘടനാവിരുദ്ധവും അസ്വീകാര്യവുമാകുന്നത്. ഇന്ത്യയുടെ മതനിരപേക്ഷ ഘടനയെ തകര്‍ക്കുന്നതാണ് പൗരത്വ ഭേദഗതി ബില്‍. ഇന്ത്യന്‍ പൗരന്മാര്‍ ഈ രാജ്യത്തെ പൗരന്മാരാണ്. മതവിശ്വാസത്തിനും കഴിക്കുന്ന ഭക്ഷണത്തിനും ചെയ്യുന്ന ജോലിക്കും ജാതിക്കും താമസസ്ഥലത്തിനും ലിംഗത്തിനും തൊലിനിറത്തിനും എല്ലാം അതീതമായി അവര്‍ ഇന്ത്യക്കാരാണ് - സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. സമാജ് വാദി പാര്‍ട്ടിയുടെ ജാവേദ് അലി ഖാനും ബില്ലിനെ ശക്തമായി എതിര്‍ത്തുകൊണ്ട് രംഗത്തെത്തി. അതേസമയം സമാജ് വാദി പാര്‍ട്ടിയുടെ ബില്‍ സംബന്ധിച്ച നിലപാടില്‍ വ്യക്തതയില്ല. ബി എസ് പിയുടെ നിലപാടും വ്യക്തമല്ല.

1955ലെ പൗരത്വ ബില്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്‍ പാസ്‌പോര്‍ട്ട് നിയമത്തേയും വിദേശി നിയമത്തേയും ഭേദഗതി ചെയ്യുന്നു. ആരാണ് നിയമവിരുദ്ധ കുടിയേറ്റക്കാര്‍ അല്ലെങ്കില്‍ വിദേശികള്‍ എന്ന നിര്‍വചനത്തിലും പൗരത്വം നല്‍കുന്ന മാനദണ്ഡങ്ങളിലുമാണ് പുതിയ ബില്‍ വിവാദമാകുന്നത്. പാകിസ്താന്‍ അഫ്ഗാനിസ്താന്‍, ബംഗ്‌ളാദേശ് എന്നീ അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് - ഹിന്ദു, സിഖ്, ബൗദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ - നിയമപരമായ യാത്രാ രേഖകളില്ലെങ്കിലും പൗരത്വം അനുവദിക്കുകയും മുസ്ലീങ്ങളെ മാത്രം മാറ്റിനിര്‍ത്തുകയും ചെയ്യുന്നതാണ് ബില്ലിനെ വിവാദമാക്കുന്നത്.

അസമിന്റെ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി) മേഖലകളെ ഒഴിവാക്കിയുള്ള ബില്ലിനാണ് കേന്ദ്ര മന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കിയത്. ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരമുള്ള കുടിയേറ്റ നിയന്ത്രിത പ്രദേശങ്ങളാണിവ. ഐഎല്‍പി മേഖലകള്‍ ഒഴിവാക്കുന്നത് ഉള്‍പ്പടെയുള്ള ഇളവുകള്‍ വടക്കുകിഴക്കന്‍ നേതാക്കളുമായുള്ള യോഗത്തില്‍ അമിത് ഷാ ഉറപ്പ് നല്‍കിയതോടെ പല സംഘടനകളും പ്രതിഷേധത്തില്‍ പിന്മാറിയിട്ടുണ്ട്.


Next Story

Related Stories