TopTop
Begin typing your search above and press return to search.

പൗരത്വ ബില്‍ അമിത് ഷാ ഇന്ന് അവതരിപ്പിക്കും; നടപ്പിലാക്കുന്നത് ജിന്നയുടെ സിദ്ധാന്തമെന്ന് സിപിഎം

പൗരത്വ ബില്‍ അമിത് ഷാ ഇന്ന് അവതരിപ്പിക്കും; നടപ്പിലാക്കുന്നത് ജിന്നയുടെ സിദ്ധാന്തമെന്ന് സിപിഎം

പൗരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിക്കുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെ വന്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബില്‍ അവതരിപ്പിക്കപ്പെടുന്നത്. പ്രതിപക്ഷവും കടുത്ത എതിര്‍പ്പുകളുമായി രംഗത്തുണ്ട്.

ഇന്ന് ഉച്ചതിരിഞ്ഞായിരിക്കും ബില്ലവതരണവും പാസ്സാക്കലും നടക്കുക. ഭരണകക്ഷിക്ക് മൃഗീയ ഭൂരിപക്ഷമുള്ള ലോക്സഭയില്‍ ബില്‍ പാസ്സാകുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മുസ്ലിങ്ങള്‍ ഒഴികെയുള്ള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നേടുന്നത് എളുപ്പമാക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ഇത് തങ്ങളുടെ മേഖലയിലേക്കുള്ള കുടിയേറ്റങ്ങള്‍ വര്‍ധിപ്പിക്കുമെന്ന ഭീതിയിലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍. അറുപത് വര്‍ഷത്തോളം പഴക്കമുള്ള നിയമമാണ് മാറ്റുന്നത്. മതാടിസ്ഥാനത്തില്‍ പൗരത്വം നിഷേധിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമാണ്.

ഇന്നുവരെ രാജ്യത്ത് 11 വര്‍ഷമെങ്കിലും താമസിച്ചവര്‍ക്കു മാത്രമേ പൗരത്വം നല്‍കിയിരുന്നുള്ളൂ. ഇത് കുറയ്ക്കാനുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ടാകും. 1985ലെ അസം അക്കോര്‍ഡ് തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍ ആരോപിക്കുന്നു. ഇവര്‍ നാളെ 11 മണിക്കൂര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1971 വരെയുള്ള കാലയളവില്‍ രാജ്യത്തെത്തിയവര്‍ക്കു മാത്രമേ പൗരത്വം നല്‍കൂ എന്നതായിരുന്നു അസം അക്കോര്‍ഡിന്റെ അന്തസ്സത്ത. ഇതില്‍ മതപരമാ. വേര്‍തിരിവും ഉണ്ടായിരുന്നില്ല.

തൃണമൂല്‍ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സും സിപിഎമ്മും അടക്കമുള്ള സംഘടനകള്‍ പൗരത്വ ബില്ലിനെതിരെ രംഗത്തുണ്ട്. മതപരമായ വേര്‍തിരിവ് വെക്കുന്ന ഈ നിയമം അടിസ്ഥാനപരമായി ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

ജിന്നയുടെ ആശയം നടപ്പാക്കുന്നുവെന്ന് സിപിഎം

ബിജെപി സര്‍ക്കാര്‍ രാജ്യത്ത് മുഹമ്മദലി ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തമാണ് നടപ്പാക്കുന്നതെന്ന് സിപിഎം ആരോപിച്ചു. 'വസുധൈവ കുടുംബകം' എന്ന തത്വത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. എന്നാല്‍ ബിജെപിയുടെ നിലപാട് ഈ തത്വത്തിന് എതിരാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ഇന്ത്യ എല്ലാ മതങ്ങള്‍ക്കും തുല്യത ഭരണഘടനാപരമായി കല്‍പ്പിച്ചിട്ടുള്ള രാജ്യമാണെന്നും ഇത്തരം വിവേചനങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭയില്‍ ബില്ലിന് ഭേദഗതികള്‍ അവതരിപ്പിക്കാന്‍ സിപിഎമ്മിന് പദ്ധതിയുണ്ട്. മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവ് എതിര്‍ക്കുന്ന ഭേദഗതിയാണ് അവതരിപ്പിക്കുക.


Next Story

Related Stories