TopTop
Begin typing your search above and press return to search.

'ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സോഷ്യലിസം ഫലപ്രദമായി നടപ്പിലാക്കാൻ സഹായിക്കും' പുതിയ സാഹചര്യങ്ങള്‍ ഉയര്‍ന്ന ബോധമുള്ള സമൂഹസൃഷ്ടിക്ക് സഹായകരമെന്ന് കെഎന്‍ രവിന്ദ്രനാഥ്‌

50 വർഷം മുമ്പ് സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സി ഐ ടി യു) രൂപീകരിക്കുന്നതിന് നേതൃത്വം കൊടുക്കുകയും ദീർഘനാൾ കേരളത്തിൽ വിവിധ തൊഴിലാളി യൂണിയനുകളുടെയും സി പി എമ്മിന്റെയും അമരക്കാരനായി പ്രവർത്തിക്കുകയും ചെയ്ത കെ എൻ രവീന്ദ്രനാഥുമായി മുതിർന്ന സി പി ഐ എം നേതാവും സി ഐ ടി യു ദേശീയ സെക്രട്ടറി യുമായ കെ ചന്ദ്രൻ പിള്ള നടത്തിയ അഭിമുഖം. ചന്ദ്രൻ പിള്ളയുടെ യു ട്യൂബ് ചാനലിൽ സി ഐ ടി യു സ്ഥാപക ദിനമായ മേയ് 30 നോടാനുബന്ധിച്ചു സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിന്റെ ട്രാൻസ്ക്രിപ്റ്റ്, ചന്ദ്രൻ പിള്ളയുടെ അനുവാദത്തോടെ അഴിമുഖം പ്രസിദ്ധീകരിക്കുന്നു.

ചന്ദ്രൻ പിള്ള: സി ഐ ടി യു 1970ൽ രൂപീകൃതമായതിന് ശേഷം പിന്നിട്ട 50 വർഷക്കാലത്തെ അനുഭവങ്ങൾ ഇപ്പോൾ നമ്മുടെ മുന്നിൽ ഉണ്ട്. ലോകം ഒരു പ്രത്യേക സാഹചര്യത്തിലൂടെ കടന്ന് പോകുന്ന ഈ കാലഘട്ടത്തിൽ രൂപീകരണത്തിനിടയാക്കിയ പശ്ചാത്തലവും ഈ 50 വർഷത്തിനിടയിലെ പ്രവർത്തനങ്ങളും വിലയിരുത്തുമ്പോൾ എന്താണ് നമുക്ക് തൊഴിലാളി വർഗത്തിന്റെ മുമ്പാകെ പറയാൻ കഴിയുന്ന സന്ദേശം?
രവീന്ദ്രനാഥ്: ഒന്നാമത്തെ കാര്യം അമേരിക്കയുടെ നേതൃത്വത്തിൽ ലോകമാകെ ഒരു സമ്പദ്‌വ്യവസ്ഥ ആക്കി മാറ്റുന്നതിനെടുത്ത ആഗോളവൽക്കരണ നയങ്ങൾ പൊളിഞ്ഞിരിക്കുന്നു. പൊളിയുക മാത്രമല്ല, അമേരിക്കയുടെ നേതൃത്വത്തിന് തന്നെ കോട്ടം പറ്റിയിരിക്കുകയാണ്. അവർക്ക് ഇന്നുള്ള നാനാതരം പ്രതിസന്ധികളെ ഒന്നിനെയും ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. ഇത് ആഗോള സമ്പദ്‌വ്യവസ്ഥ ഒരു തീരാക്കുഴപ്പത്തിൽ ചെന്നു പെട്ടിരിക്കുന്നു എന്ന് കാണിക്കുന്നതു കാണാം.
ഒന്നാമത്, അമേരിക്കയിൽ ഉൾപ്പെടെ എല്ലാ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലും ഇൻഡെക്സുകൾ തകരുന്ന സ്ഥിതി വരുന്നുണ്ട്. മറ്റൊന്ന് കറൻസികൾ തമ്മിലുള്ള ബന്ധം, വിനിമയ നിരക്ക്, അത് നിരന്തരം തകർന്നുകൊണ്ടിരിക്കുകയാണ്.
മൂന്നാമത്, കയറ്റുമതിയിലൂടെ വികസനം എന്ന തന്ത്രം പൊളിഞ്ഞ്, domestic development വേണമെന്ന് സാമ്രാജ്യത്വത്തിന്റെ നിയന്ത്രണ വിധേയമായ ഐ എം എഫ് പോലും പറഞ്ഞിരിക്കുന്നു. കയറ്റുമതിയില്‍ നിന്ന് അഭ്യന്തര ഉത്പാദനത്തിലേക്കുള്ള മാറ്റം വരുമ്പോൾ അത് അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളെയും ഇന്നത്തെ ആഗോള സമ്പദ് വ്യവസ്ഥയുമായി ഘടിപ്പിച്ചിട്ടുള്ള എല്ലാ രാജ്യ സമ്പദ് വ്യവസ്ഥകളെയും ബാധിക്കുകയാണ്. ഇതാണ് കുഴപ്പം. ഇത് വ്യാപാര യുദ്ധങ്ങളിലേക്ക് പോകുമെന്നാണ് പ്രവചനം. പ്രവചനം മാത്രമല്ല, അനുഭവത്തിലും അത്തരം പ്രശ്നങ്ങൾ വരുന്നുണ്ട്. ഇതിന്റെ ഫലമായി അമേരിക്ക ഉൾപ്പെടെയുള്ള എല്ലാ വികസിത രാജ്യങ്ങളിലും സാധാരണക്കാരുടെ ജീവിതത്തിനും ആരോഗ്യത്തിനും രക്ഷയില്ലാത്ത സാഹചര്യം വളർന്നു വരികയാണ്. അതിന്റെ ഉദാഹരണമാണ് കോവിഡ്. ഇതിന് പ്രതിവിധി കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ അവർ നടത്തുന്നില്ല എന്നതും കാണാം. കാരണം, അവരുടെ അഭിപ്രായത്തിൽ ലോക ജനസംഖ്യ ഇത്ര അധികം ആവശ്യമില്ല, അത് surplus ആണ് എന്ന സമീപനം ഉള്ളത് കൊണ്ട് കുറേപ്പേർ ചത്തു പൊക്കോട്ടെ എന്ന സമീപനം എടുക്കുകയാണ്.
ഇങ്ങനെ ആഗോള സമ്പദ്‌വ്യവസ്ഥ വളർന്ന വരുന്ന സാഹചര്യത്തിൽ ഇതെല്ലാം സംഭവിക്കാൻ ഇടയുണ്ടെന്ന് മുൻകൂട്ടി കണ്ടിട്ടുണ്ട് സി ഐ ടി യു വിന് രൂപം കൊടുത്തിട്ടുള്ള അന്നത്തെ നേതാക്കളും എല്ലാവരും. അതിനെ തുടർന്ന് അവർ ഊന്നിയ കാര്യം തൊഴിലാളി വർഗത്തിന്റെ ദേശീയവും സാർവദേശീയവുമായ ഐക്യം ആണ്. അന്ന് മുതൽ സി ഐ ടി യു ആ കാര്യത്തിൽ ഉറച്ചു നിന്ന്, സി ഐ ടി യു വിനെതിരായ കൂട്ടുകെട്ടുണ്ടാക്കിയിട്ടുള്ള സംഘടനകളെയും കൂട്ടി യോജിപ്പിച്ചുകൊണ്ട് തൊഴിലാളി വർഗത്തിന്റെ ദേശീയ പണിമുടക്കുകൾ ഇന്ത്യാ രാജ്യത്തു സംഘടിപ്പിച്ചിട്ടുണ്ട്. അത് കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകേണ്ട സന്ദർഭം ഈ ആഗോള പ്രതിസന്ധി ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ആഗോള പ്രതിസന്ധിയുടെ ഭാഗമാണ് ഇന്ത്യയിലെ പ്രതിസന്ധിയും. അതിനെ നേരിടണമെങ്കിൽ തൊഴിലാളി വർഗത്തിന്റെ ഐക്യം കൂടുതൽ വേണം.
ചന്ദ്രൻ പിള്ള: സി ഐ ടി യു വിന്റെ രൂപീകരണത്തിന് ഇടയാക്കിയ അന്നത്തെ സവിശേഷ സാഹചര്യം കൂടി സൂചിപ്പിക്കുന്നത് നന്നായിരിക്കും.
രവീന്ദ്രനാഥ്: സി ഐ ടി യു രൂപീകരിക്കുന്ന കാലത്ത് ഇന്നുള്ള സി ഐ ടി യു തൊഴിലാളികളും നേതാക്കളും എല്ലാവരും എ ഐ ടി യു സി ക്ക് ഉള്ളിലാണ്. എ ഐ ടി യു സി ക്ക് അകത്തുള്ള സി ഐ ടി യുക്കാരും, തൊഴിലാളി വർഗത്തിന്റെ ഏക സംഘടന എന്ന സ്വാതന്ത്ര്യത്തിനു മുമ്പു നിലവിൽ ഇരുന്നത് പൊളിക്കരുത്, എല്ലാവരും വർഗ സംഘടനയിൽ ഒന്നിച്ചു നിൽക്കണം എന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്, എ ഐ ടി യു സിയും അന്നങ്ങനെ പറഞ്ഞിരുന്നു. എന്നാൽ സി ഐ ടി യു രൂപീകരണത്തിന് കുറച്ചു വർഷങ്ങൾക്ക് മുമ്പേ, എ ഐ ടി യു സിയുടെ നേതൃത്വം എസ് എ ഡാങ്കെയിൽ വന്നപ്പോൾ ഡാങ്കെ ആ സമീപനത്തിനു പകരം ഡാങ്കെയുടെ പരിപാടികളെ അനുകൂലിക്കാത്തവർക്ക് ട്രേഡ് യൂണിയന്റെ കേന്ദ്ര affiliation കൊടുത്തില്ല. ഇതിന്റെ ഫലമായി ബംഗാളിലും, മഹാരാഷ്ട്രയിലും മറ്റൊരു സ്റ്റേറ്റുകളിലും ഒരു അഖിലേന്ത്യാ സംഘടനയിലും ഇല്ലാത്ത ലക്ഷക്കണക്കിന് തൊഴിലാളികൾ വന്നു. ആ സാഹചര്യങ്ങളിലാണ് സി ഐ ടി യു രൂപീകരണത്തിന് മുൻകൈ എടുത്തത്.
ചന്ദ്രൻ പിള്ള: എ ഐ ടി യു സി അന്ന് ഡാങ്കെയുടെ നേതൃത്വത്തിൽ കോൺഗ്രസുമായി സഹകരിച്ച്, ആ നയങ്ങളെ ആകെ പിന്താങ്ങുക എന്നതിലേക്ക് പോകുന്നതും ഒരു കാരണമായോ?
രവീന്ദ്രനാഥ്: ഉണ്ട്. ഡാങ്കെയുടെ നേതൃത്വം ട്രേഡ് യൂണിയൻ രംഗത്ത് മാത്രമല്ല, സി പി ഐ ക്കുള്ളിലും ഈ സമീപനം തുടർന്നിട്ടുണ്ട്. അതിന്റെ ഫലമായി സി പി ഐക്കുള്ളിൽ വന്ന തർക്കങ്ങളെ തുടർന്ന് സി പി ഐ എമ്മും സി പി ഐയും രണ്ടായി പിരിഞ്ഞിട്ടുണ്ട്. അത് സി ഐ ടി യു രൂപീകരണത്തിന് ആറ് കൊല്ലം മുമ്പാണ്, 1964 ഇൽ. ഇത് ഇന്ത്യയിൽ മാത്രമല്ല. സോവിയറ്റ് യൂണിയനിൽ ക്രൂഷ്ചേവിന്റെ നേതൃത്വത്തിൽ വന്നിട്ടുള്ള വലതുപക്ഷ നീക്കം അത് ആഗോള അടിസ്ഥാനത്തിൽ എല്ലാ രാജ്യങ്ങളിലും World Federation of Trade Unions (WFTU) നെ പിളർക്കുന്നതിലേക്കെത്തി. അപ്പോൾ ഇതെല്ലാം വന്നിട്ടുള്ള പശ്‌ചാത്തലത്തിൽ ആണ് ഒരു പുതിയ സമീപനം, വളർന്നു വരുന്ന കുഴപ്പത്തെ അഭിമുഖീകരിക്കാൻ ഇന്ത്യക്കുള്ളിലും സാർവദേശീയമായി വരുന്ന കുഴപ്പങ്ങളെയും നേരിടാൻ കഴിയത്തക്ക സുശക്തമായ ഒരു ട്രേഡ് യൂണിയൻ ഇന്ത്യയിൽ വേണം എന്ന് തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ആണ് 1970ൽ സി ഐ ടി യു രൂപം കൊള്ളുന്നത്.
ആ രൂപം കൊള്ളുന്ന ആദ്യഘട്ടത്തിൽ ഡാങ്കെയുടെ നേതൃത്വത്തിലുള്ള എ ഐ ടി യു സിയും ഹിന്ദ് മസ്ദൂർ സഭയും ഐ എൻ ടി യു സി യും ചേർന്നൊരു കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു, സി ഐ ടി യു വിനെതിരെ. പക്ഷെ, സി ഐ ടി യു രൂപീകരണത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ചപ്പോൾ അതിനകത്ത് സി ഐ ടി യു ഇന്ദിര ഗാന്ധിയുടെ നേതൃത്വം എടുക്കുന്ന നിലപാടുകളെ തുറന്ന് കാണിക്കുന്ന ഒരു രേഖ അവതരിപ്പിച്ചു. ആ രേഖ അവതരിപ്പിച്ചതോടുകൂടി സി ഐ ടി യുവിനെതിരായ കൂട്ടുകെട്ട് പൊളിഞ്ഞു. മാത്രമല്ല, അതിനു ശേഷം നിരവധി വർഗസമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അതിലൊന്നാമത്തെ സംഗതി 1974 ലെ റെയിൽവേ പണിമുടക്കാണ്. ആ റെയിൽവേ പണിമുടക്കിന് സി ഐ ടി യു പൂർണ പിന്തുണ നൽകി. മാത്രമല്ല, സി ഐ ടി യുവിന്റെ അഭിപ്രായം അംഗീകരിച്ചുകൊണ്ട് അന്ന് എച്ച് എം എസ്സിൽ ഒരു വിഘടനവാദി ആയി നിന്നിരുന്ന ജോർജ് ഫെർണാണ്ടസ് സി ഐ ടി യു നേതൃത്വവുമായി ആലോചിച്ചു റെയിൽവേയിലുള്ള റജിസ്റ്റർ ചെയ്ത യൂനിയനുകളെ, കാറ്റഗറി വ്യത്യാസമില്ലാതെ വിളിച്ചു കൂട്ടി. ആ സമ്മേളനമാണ് റെയിൽവേ തൊഴിലാളികളുടെ ഡിമാൻഡ് വെയ്ക്കുകയും , അത് അംഗീകരിച്ചില്ലെങ്കിൽ പണിമുടക്കിന് പോകും എന്ന് പ്രഖ്യാപിച്ചിക്കുകയും ചെയ്തത്. ആ ഐക്യം വന്നതിനു ശേഷം, പക്ഷെ, ഉത്സാഹഭരിതരായ റെയിൽവേ തൊഴിലാളികൾ കേന്ദ്ര നേതൃത്വം പറയുന്നതിന് മുമ്പ് തന്നെ പണിമുടക്കിലേക്ക് പോയി. ആ പണിമുടക്കിനെ ഇന്ദിര ഗാന്ധി അടിച്ചമർത്തിയതോടെ കൂടി ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിന്റെ തനിനിറം എന്തെന്ന് ഇന്ത്യയിലുള്ളവർക്കും ലോകത്തിലുള്ളവർക്കും ബോധ്യമാവാൻ തുടങ്ങി. ഇതിനെ തുടർന്ന് നടന്ന നിരവധി സമരങ്ങളിൽ ഐക്യം വളർത്തിക്കൊണ്ടു വരാൻ സി ഐ ടി യു ശ്രമിച്ചിട്ടുണ്ട്, മിക്കവാറും അതിന്റെ അടിസ്ഥാനത്തിൽ ഐക്യ സമരങ്ങൾ വന്നിട്ടുണ്ട്. അങ്ങിനെ വന്നതിനു ശേഷമാണ് അമ്പതാം വാർഷികത്തിലേക്ക് സി ഐ ടി യു എത്തുന്നത്.ചന്ദ്രൻ പിള്ള: ഒരു കാര്യം ഇതിനകത്ത്, സി ഐ ടി യുവിന്റെ രൂപീകരണ സമയത്തു അതിന്റെ ലക്ഷ്യ പ്രഖ്യാപനത്തിൽ ഊന്നൽ കൊടുത്ത രണ്ടു കാര്യങ്ങളിൽ ഒന്ന് വർഗസമരം എന്നതാണ്. മറ്റൊന്ന് സോഷ്യലിസം എന്ന ലക്ഷ്യ പ്രഖ്യാപനമാണ്. ഇന്ന് നമ്മൾ തിരിഞ്ഞു നോക്കുമ്പോൾ അത് എത്രത്തോളം ശരിയായി എന്നതിൽ ഒരുപാട് സാഹചര്യങ്ങൾ വരുന്നുണ്ട്. അതൊന്ന് വിശദീകരിച്ചാൽ നന്നായിരുന്നു.

രവീന്ദ്രനാഥ്: ഇന്ന് വന്നിട്ടുള്ള ഈ ആഗോള സാഹചര്യത്തിൽ പ്രധാനപ്പെട്ട ഒന്ന് ഈ കോവിഡ് രോഗമാണ്. അത് വച്ചു നോക്കുമ്പോൾ അന്ന്, 50 വർഷം മുമ്പ്, സി ഐ ടി യു ഊന്നിപ്പറഞ്ഞിട്ടുള്ള തൊഴിലാളി വർഗത്തിന്റെ ഐക്യം ഇന്ത്യയിൽ അതിവേഗം ശക്തിപ്പെടുത്തണം, സാർവദേശീയമായിട്ടും വരണം. ഇന്ത്യയിൽ അത് ശക്തിപ്പെടുമ്പോൾ, ഇപ്പോഴും തൊഴിലാളി യൂണിയനുകളിൽ ഒരു വിഭാഗത്തിൽ രാഷ്ട്രീയക്കാർ ഉണ്ട്. അവരിൽ ഈ സമീപനം പൂർണ്ണമായി അംഗീകരിക്കാത്തവരും ഉണ്ട്. അതുകൊണ്ട് ഈ കാലത്ത് ഐക്യം ശക്തിപ്പെടുത്തുക തോറും തന്നെ, ഈ ഐക്യത്തിനെ എതിർക്കുന്ന ശക്തികൾ ക്രമേണ ക്രമേണ തൊഴിലാളികളിൽ നിന്ന് ഒറ്റപ്പെട്ടിട്ടുണ്ടെങ്കിലും അവർ വീണ്ടും വീണ്ടും കൂടിച്ചേർന്ന് ഈ ഐക്യം തകർക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അത് ആഗോളവൽക്കരണ നയങ്ങളോട് , ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിട്ടുള്ള വിവിധ രാഷ്ട്രീയ പാർട്ടികൾ എടുക്കുന്ന നിലപാടുകളിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ള സമീപനം സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ ഉള്ള എൽ ഡി എഫ്, ഇടതുപക്ഷ പാർട്ടികളുടെ കൂട്ടുകെട്ടും അവരുടെ നിയന്ത്രണത്തിൽ ഉള്ള കേരള ഗവണ്മെന്റും, സ്വീകരിക്കുന്നുണ്ട് എന്നത് ക്ലിയർ ആയി വന്നിട്ടുണ്ടിപ്പോൾ. ആ വ്യത്യാസം വന്നിട്ടുള്ളതിനെ തുടർന്ന് രാജ്യത്തെ ജനങ്ങൾക്കും തൊഴിലാളികൾക്കും ഓരോ രാഷ്ട്രീയ പാർട്ടികളേയും വിലയിരുത്താനും അവരുടെ നിലപാടുകൾ എന്തെന്ന് സൂക്ഷ്മമായി തിരിച്ചറിയാനും സാധിക്കുന്നൊരു സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.
ചന്ദ്രൻ പിള്ള: വിവിധ സംസ്ഥാനങ്ങളിലെ ഗവണ്മെന്റുകൾ ഇപ്പോൾ തൊഴിൽ നിയമങ്ങൾ കൂട്ടത്തോടെ മരവിപ്പിക്കുകയാണ്. തൊഴിൽ സമയം 12 മണിക്കൂറായി നീട്ടിക്കൊടുത്തിരിക്കുകയാണ്, അതിനൊക്കെ നേതൃത്വം കൊടുക്കുകയാണ്. നേരത്തെ സൂചിപ്പിച്ച പോലെ ഈ സംഭവ വികാസങ്ങൾ ഇടതുപക്ഷ പാർട്ടികളും അവർ നയിക്കുന്ന ഗവണ്മെന്റുകളും മറ്റ് രാഷ്ട്രീയ പാർട്ടികളുമായുള്ള വ്യത്യാസം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് സഹായകരമായി വരികയാണ്. ഇത് കോവിഡ് പ്രതിരോധത്തിലും കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ കാര്യത്തിലും ഒക്കെ വരുന്നുണ്ട്. അപ്പോൾ അത് നമ്മൾ എങ്ങിനെയാണ്, തൊഴിലാളികളുടെ മുമ്പിൽ ഈ വിഷയം അവതരിപ്പിക്കുമ്പോൾ കാണേണ്ടത്...

രവീന്ദ്രനാഥ്: തൊഴിലാളികളുടെ മുമ്പിൽ ഇത് അവതരിപ്പിക്കുമ്പോൾ, പഴയ രൂപത്തിൽ അല്ലെങ്കിലും, ഇപ്പോഴും തൊഴിലാളികളിൽ ഇക്കണോമിസത്തിന്റെ സമീപനം ഉണ്ട്. ആ സമീപനം വന്നിട്ടുള്ളത് സ്വാതന്ത്ര്യാനന്തര കാലത്ത് വന്നിട്ടുള്ള നെഹ്രുവിന്റെ ഗവണ്മെന്റ് തന്നെ ഒരു ഭാഗത്ത് ഐ എൻ ടി യു സി എന്നൊരു കേന്ദ്രസംഘടനയെ സംഘടിപ്പിച്ചിരുന്നു. അങ്ങിനെ ഒരു കേന്ദ്രസംഘടന ഉണ്ടെങ്കിലേ കോണ്ഗ്രസ് ഗവണ്മെന്റിന്റെ നിലപാടുകൾക്ക് തൊഴിലാളികളുടെ ഇടയിൽ തുടർന്ന് പിന്തുണ നിലനിർത്താനും അവരെ അണിനിരത്താനും കഴിയുകയുള്ളൂ. അത് കൂടാതെ അതേ ഗവണ്മെന്റ് തന്നെ തൊഴിലാളികൾക്ക് രാഷ്ട്രീയം വേണ്ട എന്ന സിദ്ധാന്തം തൊഴിലാളി വിദ്യാഭ്യാസത്തിനുള്ള സിലബസ് വഴി തൊഴിലാളികൾക്ക് കൊടുത്തിരുന്നു. വർക്കേഴ്സ് എജുക്കേഷൻ സെന്റർ വഴി. അതിന്റെ സ്വാധീന ശക്തി ഇപ്പഴും ട്രേഡ് യൂണിയനുകൾക്കിടയിൽ, തൊഴിലാളികൾക്കിടയിൽ, ജനങ്ങളുടെ ഇടയിൽ ഒക്കെ ഉണ്ട്. സി ഐ ടി യു ഐക്യം പ്രഖ്യാപിക്കുമ്പോഴും യോജിപ്പ് പ്രഖ്യാപിക്കുമ്പോഴും ഈ സ്ഥിതി ഉള്ളതാണ് പലപ്പോഴും മുമ്പോട്ട് പോകുന്നതിന് തടസ്സമായി വന്നിട്ടുള്ള ഘടകങ്ങളിൽ ഒന്ന്. റെയിൽവേ പണിമുടക്കിന് ശേഷം, ഈ രാഷ്ട്രീയം ആവശ്യമില്ല എന്ന ഇക്കണോമിസത്തിന്റെ സമീപനത്തിൽ പഴയ പോലെ അത്ര സ്വാധീനശക്തി ഇല്ല.
ചന്ദ്രൻ പിള്ള: മറ്റ് സംസ്ഥാനങ്ങളിൽ തൊഴിൽ നിയമങ്ങൾ അസ്ഥിരപ്പെടുത്തുന്നതിന് എതിരായ വലിയ പ്രക്ഷോഭങ്ങൾ ഉയർന്ന് വരികയാണ്. അപ്പോൾ ആ സംസ്ഥാനങ്ങളിലെ ഗവണ്മെന്റുകളെ നയിക്കുന്ന പാർട്ടികളും ആ പാർട്ടികളുടെ സ്വാധീനത്തിൽ പെട്ട ട്രേഡ് യൂണിയനുകൾ എല്ലാം ഇതിനെ അംഗീകരിക്കാൻ പറ്റാത്ത ഒരു പുതിയ പരിതഃസ്ഥിയിലേക്ക് മാറുമ്പോൾ എങ്ങിനെയാണ് 2009 മുതൽ ഉള്ള ട്രേഡ് യൂണിയൻ ഐക്യം മുന്നോട്ടു പോകേണ്ടത്?
രവീന്ദ്രനാഥ്: നമുക്ക് ഈ പുതിയ സാഹചര്യം വന്നതോട് കൂടി മുമ്പ് ഈ തൊഴിലാളി വിഭാഗങ്ങളിൽ ഉണ്ടായിരുന്ന ഇത്തരം ആശയങ്ങൾക്ക് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അത് തങ്ങൾക്ക് പ്രയോജനം ചെയ്യുന്നതല്ലെന്നു തൊഴിലാളികൾക്ക് ബോധ്യപ്പെടാൻ തുടങ്ങിയിരിക്കുന്നു, ജനങ്ങൾക്കും ബോധ്യപ്പെടാൻ തുടങ്ങിയിരിക്കുന്നു.
ചന്ദ്രൻ പിള്ള: അതിൽ ഇടത് പക്ഷ ഗവണ്മെന്റ് ഇപ്പോൾ എടുക്കുന്ന കോവിഡ് പ്രതിരോധത്തിനകത്തുള്ള ലോകം അംഗീകരിക്കുന്ന മുൻകൈയും, തൊഴിൽ നിയമങ്ങളുടെ പല സംസ്ഥാനങ്ങളിലും കൊണ്ടുവന്ന മരവിപ്പിക്കൽ ഈ സംസ്ഥാനത്ത് ബാധകമാക്കില്ലെന്ന ദൃഢ പ്രഖ്യാപനവും നല്ല പങ്ക് വഹിക്കുന്നുണ്ട്.
രവീന്ദ്രനാഥ്: അതിൽ ഇപ്പോൾ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉള്ള ഗവണ്മെന്റ് ഇന്ത്യയിലെ എല്ലാ തൊഴിൽ നിയമങ്ങളും അതിവേഗം മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിന് പകരം ട്രേഡ് യൂണിയൻ നിയമങ്ങളുടെ ഒരു കോഡ് കൊണ്ടുവന്നിരിക്കുകയാണ്. അങ്ങിനെ ഒരു കോഡ് കൊണ്ടുവന്നിരിക്കുക വഴി, മുമ്പുണ്ടായിരുന്ന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുമായിരുന്ന വ്യവസ്ഥകൾ പോലും ഇല്ലായ്മ ചെയ്തു. ഒന്നാം കമ്മ്യുണിസ്റ്റ് ഇന്റർനാഷനലിന് ശേഷമാണ് ചിക്കാഗോയിൽ അമേരിക്കൻ തൊഴിലാളികളുടെ വലിയൊരു movement വന്നത്. ആ ചിക്കാഗോ സമരത്തിൽ ഉന്നയിച്ച പ്രധാനമായ ആവശ്യം തൊഴിൽ സമയം എട്ട് മണിക്കൂർ ആക്കണം, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദത്തിനും തിരിക്കണം എന്ന് വച്ചു. ആ ആശയം രണ്ടാം ലോകമഹായുദ്ധതിനു ശേഷം പൊതുവിൽ ലോകത്തിലെ ട്രേഡ് യൂണിയനുകൾ അംഗീകരിച്ചിട്ടുണ്ട്. WFTU മാത്രമല്ല ഇന്റർനാഷണൽ ട്രേഡ് യൂണിയനുകളും അത് അംഗീകരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ആണ് യുണൈറ്റഡ് നാഷൻസിന്റെ ഒരു പ്രധാന ഘടകമായ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ഈ നിയമങ്ങളെ ക്രോഡീകരിച്ചുകൊണ്ടു കൺവെൻഷനുകൾ നടത്തുന്നത്. ഇപ്പോൾ മോദി ആ നിയമങ്ങളെയും കളഞ്ഞിരിക്കുകയാണ്. ഇന്ത്യയിൽ അത് മോദി ആണ് ചെയ്തതെങ്കിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ മറ്റ് ഗവണ്മെന്റുകളും ഇത് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി ഒരു അരക്ഷിത ബോധം തൊഴിലാളികൾക്കിടയിൽ വ്യാപകമായി വളർന്നു വന്നിരിക്കുകയാണ്. അങ്ങനെ വളർന്നു വന്നിട്ടുള്ള ഈ അരക്ഷിത ബോധത്തെക്കൂടി കണക്കിലെടുത്തുകൊണ്ടാണ് സി ഐ ടി യു മറ്റ് ട്രേഡ് യൂണിയനുകളുമായി ഐക്യത്തിൽ ഏർപ്പെടുന്നത്. ഈ ഐക്യത്തിന്റെ പ്രധാനപ്പെട്ട ഒരു സംഗതി ഇക്കണോമിസത്തിന്റെ ധാരണയിൽ നിന്നുകൊണ്ട്, അതിനെ എതിർക്കാതെ, ഈ ഐക്യത്തെ ഉണ്ടാക്കാൻ ഒക്കില്ല. ഐക്യം ഉണ്ടാക്കണമെങ്കിൽ ഒരു രാഷ്ട്രീയം ഉണ്ട്, എല്ലാ ട്രേഡ് യൂണിയനുകൾക്കും. ട്രേഡ് യൂണിയൻ നിയമങ്ങൾ എല്ലാം ഇല്ലായ്മ ചെയ്ത ഒരു കോഡ് കൊണ്ടുവരുന്നത് ആ രാഷ്ട്രീയത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല, പുതുതായി വരുന്ന സാഹചര്യത്തിൽ.
ചന്ദ്രൻ പിള്ള: അതിനകത്ത്, ഇങ്ങനെ ഇപ്പോൾ ലോകവ്യാപകമായി മുതലാളിത്ത രാജ്യങ്ങൾ കോവിഡ് പ്രതിരോധത്തിൽ വൻ പരാജയം ആവുകയും എവിടെയെല്ലാമാണോ പൊതുമേഖലക്ക് ആരോഗ്യ രംഗത്തു സ്വാധീനമുള്ളത് പ്രത്യേകിച്ച് ചൈനയെ പോലുള്ള, ക്യൂബയെ പോലുള്ള രാജ്യങ്ങളിൽ... അങ്ങനെ വരുമ്പോൾ ലോകവ്യാപകമായി മുതലാളിത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഒരു പൊതു ഉടമസ്ഥതക്കും അത് പോലെ തന്നെ ആരോഗ്യ വിദ്യാഭ്യാസ മണ്ഡലങ്ങളിൽ ഗവണ്മെന്റ് ഇടപെടലിനും ഉള്ള ഒരു വലിയ സമ്മർദത്തിന്റെ അന്തരീക്ഷം വരുന്നുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം അതുണ്ടാക്കുന്ന ഒരു പ്രതികരണം കേരളത്തിലെ ഗവണ്മെന്റിന് അനുകൂലമായി, ഇത് വരെ ഗവണ്മെന്റിനെ എതിർത്തവർക്ക് ഇടയിൽ പോലും, ഒരു മാറ്റത്തിന്റെ അന്തരീക്ഷം വരുന്നുണ്ട്. ഈ സാഹചര്യത്തെ നമ്മൾ എങ്ങിനെ ആണ് വിശകലനം ചെയ്യുന്നത്?

രവീന്ദ്രനാഥ്: ഈ സാഹചര്യങ്ങൾ ഞാൻ ആദ്യം പറഞ്ഞ പോലെ export oriented growth ന് പകരം domestic oriented growth ആക്കി ഐ എം എഫ് മാറ്റിയത് ഈ പുതിയ സാഹചര്യം വളർന്നു വരുന്ന പശ്ചാത്തലത്തിൽ ആണ്. പക്ഷെ ആ സമീപനം അതി ഗഹനമായ രൂക്ഷമായ ഈ പ്രതിസന്ധിയെ പരിഹരിക്കാൻ ഉതകുന്നതല്ല. ആ സമീപനം മാത്രം പോര. യഥാർത്ഥത്തിൽ ആസ്തികളുടെ ഒരു പുനർവിന്യാസം വരേണ്ടതുണ്ട്. ആസ്തികൾ ചില വ്യക്തികളിൽ കേന്ദ്രീകരിച്ചു വളർന്ന് വന്നിരിക്കുകയാണ്. വിശേഷിച്ചും അമേരിക്കയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും. അങ്ങിനെ വളർന്ന് വന്നിട്ടുള്ള രാജ്യങ്ങളിലെ ഗവണ്മെന്റുകൾക്ക് അവരുടെ രാജ്യങ്ങളിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയുന്നില്ല. അതീ കോവിഡ് കാലം വളരെ പ്രകടമായി തെളിയിച്ചു. ഉദാഹരണത്തിന്, ഈ കോവിഡ് കാലത്ത് മരണങ്ങൾ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്‌പെയിനിൽ പോലും ആരോഗ്യ രംഗത്ത് ഒരു പൊതുമേഖല ആവശ്യമുണ്ടെന്ന് പറയേണ്ടി വന്നു. അങ്ങനത്തെ ഒരു സാഹചര്യം വന്നിരിക്കുകയാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിന് സ്വകാര്യ മേഖലക്ക് കഴിയില്ല എന്നും ഒരു പൊതു ഉടമ സമ്പ്രദായം വേണം എന്നുമുള്ള അഭിപ്രായം ഈ ക്രൈസിസ് സാർവത്രികമായി ഉയർത്തിക്കൊണ്ടു വരുന്നുണ്ട്. അങ്ങിനെയുള്ള വികാരങ്ങളെ കൂടി മനസ്സിലാക്കിക്കൊണ്ടാണ് സി പി എമ്മും ഇടതുപക്ഷ പാർട്ടികളും കേരള ഗവണ്മെന്റിനെ സപ്പോർട്ട് ചെയ്യുന്നത്. കേരള ഗവണ്മെന്റിന്റെ ആരോഗ്യ പ്രവർത്തനങ്ങളെയും കോവിഡ് പ്രവർത്തനങ്ങളെയും സാധാരണ ജനങ്ങൾക്ക് സഹായകരമായ മറ്റ് നടപടികളും എടുക്കുന്നത്. ഈ ക്രൈസിസ് പരിഹരിക്കാൻ കഴിയാതെ വരുന്നതിനുള്ള ഒരു പ്രധാന കാരണം സ്വകാര്യ വ്യവസ്ഥക്കകത്തു നിക്ഷേപങ്ങൾ നടത്തുന്നവർ ലാഭം പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ ലാഭം ഉണ്ടാക്കാൻ കഴിയണം എങ്കിൽ ഡിമാൻഡ് സമൂഹത്തിൽ ഉണ്ടാകണം. സമൂഹത്തിൽ മറ്റ് വരുമാനം ഒന്നും ഇല്ലാതെ ഉളള തൊഴിൽ കൂടി നഷ്ടപ്പെട്ട സാഹചര്യത്തിൽ കിടക്കുന്നവർക്ക് ഉൽപ്പന്നം ഉണ്ടാക്കിയാൽ പോലും അത് വാങ്ങാൻ കഴിയില്ല. അങ്ങിനെ ഡിമാൻഡ് ഇല്ലായ്മ ഈ ക്രൈസിസിന്റെ ഒരു ഭാഗമാണ്.
ചന്ദ്രൻ പിള്ള: അതിനിടയിൽ ഉളള ഒരു പ്രശ്നം എന്താണെന്ന് വച്ചാൽ ഈ ഡിമാൻഡ് ഇല്ലാതായ സാഹചര്യത്തെ മറികടക്കാൻ ലോകത്ത് ഒരുപാട് ഗവണ്മെന്റുകൾ ഇപ്പോൾ നേരിട്ട് പണം മുടക്കി ശമ്പളം മുടങ്ങിയവർക്ക് ശമ്പളം എത്തിച്ചു കൊടുക്കുക, വ്യവസായ പ്രവർത്തനത്തെ പുനരുജ്ജീവിപ്പിക്കാൻ ആയി സാമ്പത്തികമായി വിവിധ പ്രോത്സാഹനങ്ങൾ പ്രഖ്യാപിക്കുക ഒക്കെ ചെയ്തപ്പോഴും അതിന്റെ അടുത്തേക്കെങ്ങും എത്താവുന്ന ഒരു പ്രസ്താവന നടത്താൻ ഇന്ത്യ ഗവണ്മെന്റ് ആദ്യഘട്ടത്തിൽ ഒന്നും തയ്യാറായില്ല. ഒന്നൊന്നര മാസത്തിനു ശേഷം വന്ന പുതിയ പ്രഖ്യാപനങ്ങൾ ആണെങ്കിൽ 20 ലക്ഷം കോടി എന്ന് പുറത്തേക്ക് പറഞ്ഞെങ്കിലും അതിന്റെ പ്രത്യക്ഷമായ ഫലം സമ്പദ് വ്യവസ്ഥക്കകത്തു വിവാദ മേഖലകളിൽ കിട്ടാത്തതാണ് യാഥാർഥ്യം എന്നാണ് ഇപ്പോൾ വരുന്നത്. എന്ന് വച്ചാൽ ഗവണ്മെന്റ് പണം നേരിട്ട് മുടക്കുന്നതിൽ നിന്നും മാറി ബാങ്കുകളെ ചുമതലപ്പെടുത്തുക, ദുർബലമായ ബാങ്കുകൾക്ക് അതനുസരിച്ച് ചെയ്യാൻ കഴിയാതെ വരിക... ഈ പറയുന്ന ഡിമാൻഡ് ഉണ്ടാക്കാൻ ഒരു പാക്കേജ്‌ കൊടുക്കുക എന്നതിൽ ഇന്ത്യ ഗവണ്മെന്റ് പൂർണമായും പരാജയപ്പെട്ടു എന്നതിനെ നമ്മൾ എങ്ങിനെയാണ് കാണുക?
രവീന്ദ്രനാഥ്: ഇന്ത്യ ഗവണ്മെന്റിന്റെ ഈ പരാജയം, ഒന്നാമത്, ഇത് ഇന്ത്യയിൽ മാത്രം ഉള്ളതല്ല. അതിനൊരു ആഗോള സാഹചര്യം ഉണ്ട്. ആ സാഹചര്യത്തിന്റെ ഫലമായിട്ട് ഡിമാൻഡ് സാധാരണ ഗതിയിൽ ഉണ്ടാകണമെങ്കിൽ അതിനു വേണ്ടി തൊഴിലും വരുമാനവും ഉണ്ടാകണം. തൊഴിലുകളും വരുമാനവും ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് വികസിത രാജ്യങ്ങളും ഇന്ത്യ ഉൾപ്പെടെ ഉള്ള രാജ്യങ്ങളും പോയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഡിമാൻഡ് സ്വയം വരില്ല. ഉൽപ്പന്നം ഉണ്ടാക്കിക്കൊണ്ടു നിക്ഷേപിക്കുന്നവർ നിക്ഷേപിക്കാൻ മടിക്കും. കാരണം നിക്ഷേപിക്കുമ്പോൾ അവരുടെ ഏക ഉദ്ദേശം ലാഭമാണ്. ആ ലാഭം ഉണ്ടാകണമെങ്കിൽ അവർ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിയണം. വിറ്റഴിയണമെങ്കിൽ ജനങ്ങളുടെ കയ്യിൽ പണം വേണം. അതില്ലാത്തതിന്റെ ഫലമായി വരുന്ന ഒരു ക്രൈസിസ് ആണിത്. ഇത് സ്വകാര്യ മുതലാളിത്തത്തിൽ വന്നിട്ടുള്ള കേന്ദ്രീകരണത്തെയും അവരുടെ താല്പര്യങ്ങളെയും തൊടാതെ പരിഹരിക്കാൻ കഴിയും എന്നത് ശരിയായ ധാരണയും അല്ല.
ചന്ദ്രൻ പിള്ള: ഈ സാങ്കേതിക വിദ്യയുടെ പുതിയ വരവും അത് സൃഷ്ടിക്കുന്ന ഒരുപാട് ഇടപെടലുകളും ഈ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുന്നില്ലേ?
രവീന്ദ്രനാഥ്: ഉണ്ട്. സാങ്കേതിക വിദ്യയുടെ ഇപ്പോൾ വന്നിട്ടുള്ള ഒരു പ്രധാനപ്പെട്ട സംഗതി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്. ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് പറയുന്നത് ബുദ്ധിപരമായി പണ്ട്‌ മനുഷ്യന് മാത്രം ചെയ്യാൻ കഴിഞ്ഞിരുന്ന കാര്യങ്ങൾ കൃത്രിമ ബുദ്ധി കൊണ്ട്, റോബോട്ടുകളെ കൊണ്ട് ചെയ്യുകയാണ്. അത് വരുമ്പോൾ ഇത് വരെ തൊഴിൽ ഉണ്ടായിരുന്ന ഒരു വിഭാഗത്തിന് പോലും ഈ പുതിയ സാഹചര്യങ്ങളിൽ തൊഴില്ലായ്മ വരും എന്നാണ് സാഹചര്യം. കാരണം അവരുടെ ബൗദ്ധികമായ കഴിവുകൾക്ക് ആവശ്യമില്ല എന്ന നിലയാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യം മുമ്പുള്ള തൊഴിലില്ലായ്മയേക്കാൾ അതിവേഗത്തിൽ സമൂഹത്തെ ബാധിക്കും.
ചന്ദ്രൻ പിള്ള: ബൗദ്ധികം മാത്രമല്ല, കായികവും.
രവീന്ദ്രനാഥ്: അതെ, രണ്ടും. കായികം നേരത്തെ തന്നെ ബാധിച്ചിട്ടുണ്ട്. ഇപ്പോൾ ബൗദ്ധികം കൂടി വന്നു. അത് കൂടി വന്ന സാഹചര്യത്തിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമായിരിക്കുകയാണ്. അത് കൊണ്ട്, ഈ നയങ്ങൾ ആകെ പൊളിച്ചുമാറ്റത്തക്ക തരത്തിൽ ഒരു പ്രസ്ഥാനം ഇന്ത്യയിലും ലോകത്തിൽ ഇങ്ങനെ ഒരു സാഹചര്യം അനുഭവിക്കുന്ന എല്ലാ രാജ്യങ്ങളിലും വളർന്ന് വരേണ്ടതുണ്ട് എന്നുള്ളതാണ്.
ചന്ദ്രൻ പിള്ള: അപ്പോൾ 50 വർഷത്തിന്റെ ഒരു അനുഭവത്തിൽ നിന്നുകൊണ്ട് ഇനിയുള്ള നാളുകൾ... പുതിയൊരു അന്തരീക്ഷം ആണ് ഇപ്പോൾ ഉള്ളത്. ഒരുപാട് പരിമിതികൾ ഒക്കെ ഉണ്ട്. എങ്കിലും അത് മാറും എന്ന സാഹചര്യങ്ങളിൽ ട്രേഡ് യൂണിയനുകളുടെ ഐക്യത്തോട് കൂടിയുള്ള പ്രവർത്തനത്തിന് വെക്കേണ്ട മുദ്രാവാക്യങ്ങളെയും സമര രൂപങ്ങളെയും സംബന്ധിച്ച് മുഴുവൻ അല്ലെങ്കിലും എന്തെങ്കിലും സൂചനകൾ പറയാനുണ്ടോ?
രവീന്ദ്രനാഥ്: സമരരൂപങ്ങളെ പറ്റി ട്രേഡ് യൂണിയനുകൾക്ക് തീരുമാനിക്കാം. അവരുടെ സ്വാതന്ത്ര്യത്തിന് അനുസരിച്ച്. പക്ഷെ ഇത്തരം ആശയങ്ങളെ സംബന്ധിച്ച് വലിയൊരു ആശയപ്രചരണം നടത്തേണ്ടതുണ്ട്. അത് ട്രേഡ് യൂണിയനുകൾക്കിടയിൽ നടത്തേണ്ടതുണ്ട്. ജനങ്ങൾക്കിടയിൽ നടത്തേണ്ടതുണ്ട്.
ചന്ദ്രൻ പിള്ള: ഞാൻ ആദ്യം പറഞ്ഞപ്പോൾ അതിൽ വേണ്ടത്ര ഒരു പ്രതികരണം വരാതെ പോയത്, സി ഐ ടി യുവിന്റെ രൂപീകരണ സന്ദർഭത്തിൽ വർഗസമരത്തിന്റെ പ്രാധാന്യവും സമൂഹത്തിൽ അതിനുള്ള ഒരു പ്രത്യേകതയും അതോടൊപ്പം സോഷ്യലിസം എന്ന മുദ്രാവാക്യത്തിന്റെ ആവശ്യവും പറഞ്ഞു. അത് ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ സജീവമാവുകയല്ലേ?

രവീന്ദ്രനാഥ്: അതെ. ആ നിലപാട് കൂടുതൽ കൂടുതൽ പ്രസക്തമായി വരികയാണ് ഇപ്പോൾ.
ചന്ദ്രൻ പിള്ള: അതൊന്ന് വിശദീകരിച്ചാൽ നമുക്കത് നന്നായിട്ട് പ്രയോജനം കിട്ടുമായിരുന്നു...
രവീന്ദ്രനാഥ്: സോഷ്യലിസം, അത് മാർക്സ് ഒക്കെ പറയുന്ന കാലത്തു തന്നെ, നിലനില്പിനാവശ്യമായ ഉൽപ്പന്നങ്ങളും മറ്റും ഉണ്ടാക്കുന്ന സംഗതിയിൽ നിന്ന് വിട്ട്, മനുഷ്യ സമൂഹത്തിന് സാംസ്കാരികവും വൈജ്ഞാനികവുമായ മേഖലകളിൽ വളരാനുള്ള അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കലാണ് ചെയ്തത്. ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വന്നതോട് കൂടി സോഷ്യലിസം കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം ആണ് വന്നിരിക്കുന്നത്. മനുഷ്യർക്കാകെ അവർക്ക് നിലനില്പിനാവശ്യമായ കായികമോ ബൗദ്ധികമോ ആയിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനേ സമയമുള്ളൂ എന്ന് വന്നാൽ സാംസ്‌ക്കാരികമായ നാനാ മേഖലകളിൽ പ്രവർത്തിക്കാനും അങ്ങനെ ഉയർന്ന ബോധമുള്ള ഒരു മനുഷ്യ സമൂഹത്തെ തന്നെ സൃഷ്ടിക്കാനും കഴിയില്ല. സർഗാത്മകവും സൃഷ്ടിപരവും ആയ മേഖലകളിലേക്ക് മനുഷ്യർ വരണം എന്നാണ് സോഷ്യലിസത്തിന്റെ കാഴ്ചപ്പാട്. ആ കാഴ്ചപ്പാട് ഇപ്പോൾ വരുന്ന ഈ പ്രതിസന്ധി ഒന്നുകൂടി രൂഢമൂലമായി ശരിവെക്കുന്നതാണ്.കെ ചന്ദ്രന്‍ പിള്ള

കെ ചന്ദ്രന്‍ പിള്ള

സി പി എം സംസ്ഥാന സമിതി അംഗം, സി ഐ ടി യു ദേശീയ സെക്രട്ടറി, മുന്‍ എം പി

Next Story

Related Stories