TopTop
Begin typing your search above and press return to search.

ശബരിമല: ഇനി വിധി പറയുക പുതിയ ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ ബെഞ്ച്

ശബരിമല: ഇനി വിധി പറയുക പുതിയ ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ ബെഞ്ച്

ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനത്തിനുള്ള സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ പുനപരിശോധന ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടിരിക്കുന്നു. എല്ലാ മതങ്ങളുടേയും ആരാധനാലയങ്ങളില്‍ സ്ത്രീ പ്രവേശന പ്രശ്‌നങ്ങള്‍ പരിഗണിക്കേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ചംഗ ബഞ്ച്, കേസ് വിശാല ബഞ്ചിന് വിട്ടിരിക്കുന്നത്. പുതിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ തീരുമാനിക്കുന്ന ഏഴംഗ ബഞ്ച് ആയിരിക്കും കേസില്‍ ഇനി വിധി പ്രസ്താവിക്കുക.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവർ ഭൂരിപക്ഷ വിധിന്യായത്തിനൊപ്പം നിന്നപ്പോൾ ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാനും ഡി വൈ ചന്ദ്രചൂഡും ഭൂരിപക്ഷ തീരുമാനത്തോട് വിയോജിച്ച് വിധിന്യായങ്ങളെഴുതി. അതേസമയം പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച 2018 സെപ്റ്റംബര്‍ 28ന്റെ വിധി സ്റ്റേ ചെയ്തിട്ടുമില്ല. അതായത് യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി നിലനില്‍ക്കുകയാണ്.

ശിരൂര്‍ മഠ് കേസിലെ വിധിന്യായത്തിലെ ശരി തെറ്റുകള്‍ കോടതി പരിശോധിക്കും. മുസ്ലീം, പാഴ്‌സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഏഴംഗ ബഞ്ച് പരിഗണിക്കും. അതുവരെ ശബരിമല കേസിലെ പുനപരിശോധന ഹര്‍ജികള്‍ പരിഗണനയിലായിരിക്കും.

നിലവിലെ യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഏഴംഗ ബഞ്ച് തീരുമാനിക്കും. എല്ലാ കക്ഷികള്‍ക്കും വീണ്ടും വാദങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. 60ലധികം ഹര്‍ജികളാണ് 2018ലെ സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് ഫയല്‍ ചെയ്യപ്പെട്ടത്.


Next Story

Related Stories