Top

എസ് എ ബോബ്‌ഡെയെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ശുപാര്‍ശ ചെയ്ത് രഞ്ജന്‍ ഗൊഗോയ്

എസ് എ ബോബ്‌ഡെയെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ശുപാര്‍ശ ചെയ്ത് രഞ്ജന്‍ ഗൊഗോയ്

ജസ്റ്റിസ് എസ് എ ബോബ്ഡെയെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. ശുപാർശക്കത്ത് ചീഫ് ജസ്റ്റിസ്, കേന്ദ്ര സർക്കാരിന് നൽകി. നവംബർ 17ന് രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ചീഫ് ജസ്റ്റിസിനെ ശുപാർശ ചെയ്തിരിക്കുന്നത്.

നിലവില്‍ ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയാണ് എസ് എ ബോബ്‌ഡെ. 2013 ഏപ്രില്‍ 12 മുതല്‍ സുപ്രീം കോടതി ജഡ്ജിയാണ്. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. 2021 ഏപ്രില്‍ 23 വരെയാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് എസ് എ ബോബ്‌ഡെയുടെ കാലാവധി. നാഗ്പൂരിലെ മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ കൂടിയാണ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ.

1956 ഏപ്രില്‍ 24ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ശരദ് അരവിന്ദ് ബോബ്‌ഡെയുടെ ജനനം. അഭിഭാഷക കുടുംബമാണ് ബോബ്‌ഡെയുടേത്. പിതാവ് അരവിന്ദ് ബോബ്‌ഡെ 1980-85 കാലത്ത് മഹാരാഷ്ട്ര അഡ്വക്കറ്റ് ജനറല്‍ ആയിരുന്നു. ജ്യേഷ്ഠ സഹോദരന്‍ വിനോദ് അരവിന്ദ് ബോബ്‌ഡെ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായിരുന്നു.

നാഗ്പൂര്‍ എസ് എഫ് എസ് കോളേജിലെ ബിരുദ പഠനത്തിന് ശേഷം 1978ല്‍ നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടി. 1978 സെപ്റ്റംബറില്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്തു. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 1998ല്‍ സീനിയര്‍ അഡ്വക്കറ്റ് ആയി. 2000 മാര്‍ച്ചില്‍ ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിക്കപ്പെട്ടു. 2012 ഒക്ടോബറില്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെട്ടു. 2013 മാര്‍ച്ച് 12 മുതല്‍ സുപ്രീം കോടതി ജഡ്ജി.

ആധാര്‍ ഇല്ലാത്തതിനാല്‍ ഒരു പൗരനും അടിസ്ഥാന സേവനങ്ങള്‍ നിഷേധിക്കപ്പെടരുത് എന്ന വിധി ന്യായം പുറപ്പെടുവിച്ച ഡിവിഷന്‍ ബഞ്ചില്‍ ജസ്റ്റിസുമാരായ ജെ ചെലമേശ്വറിനും സി നാഗപ്പനുമൊപ്പമുണ്ടായിരുന്നത് എസ് എ ബോബ്‌ഡെയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനാണ് രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്. അയോധ്യ ഭൂമി തർക്ക കേസും ശബരിമല യുവതീപ്രവേശന കേസുമടക്കമുള്ള സുപ്രധാന കേസുകളിൽ രഞ്ജൻ ഗൊഗോയ് വിരമിക്കുന്നതിന് മുൻപ് സുപ്രീം കോടതി വിധി പ്രസ്താവിക്കും എന്നാണ് കരുതപ്പെടുന്നത്.


Next Story

Related Stories