Top

ബിജെപിയുടെ 'വ്യാജ ദേശീയവാദ'ത്തെ നേരിടാന്‍ പ്രവര്‍ത്തകര്‍ക്ക് പഠന ക്ലാസ്സുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ്

ബിജെപിയുടെ വ്യാജ ദേശീയവാദത്തെ നേരിടാന്‍ പ്രവര്‍ത്തകര്‍ക്ക് പഠന ക്ലാസ്സുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ്

രാജ്യത്തെമ്പാടും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് 'ദേശീയത' സംബന്ധിച്ച ക്ലാസ്സുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. കോണ്‍ഗ്രസ്സിന്റെ സ്വാതന്ത്ര്യസമരകാല ചരിത്രത്തിലൂന്നിയായിരിക്കും ഈ ക്ലാസ്സുകളെന്നാണ് അറിയുന്നത്. ബിജെപിയുടെ നേതൃത്വത്തില്‍ ദേശീയത സംബന്ധിച്ച് മറ്റൊരു ധാരയിലുള്ള പ്രത്യയശാസ്ത്രം പ്രചരിക്കുന്നതിന് ബദലായി ഇതിനെ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ്സിന്റെ നീക്കം. അതെസമയം ഈ സന്ദര്‍ഭത്തില്‍ ദേശീയതാ ക്ലാസ്സുകള്‍ ബിജെപിയുടെ അതേ മാര്‍ഗത്തില്‍ കോണ്‍ഗ്രസ് നീങ്ങുന്നതിനു സമമാണെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്.

ദേശീയത, ആശയവിനിമയം, പ്രചാരണം തുടങ്ങിയ രാഷ്ട്രീയപ്രവര്‍ത്തന പരിപാടികളിന്മേല്‍ ക്ലാസ്സുകള്‍ നല്‍കുമെന്നാണ് അറിയുന്നത്. ഇതില്‍ ഏറ്റവും ഊന്നല്‍ കിട്ടുക ദേശിയതയ്ക്കായിരിക്കും. ബിജെപിയുടെ 'പൊള്ളയായ ദേശീയതാവാദ'ത്തെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ധാരണയുണ്ടാക്കിക്കൊടുക്കുകയും അതിനെ നേരിടാന്‍ സജ്ജരാക്കുകയുമാണ് ലക്ഷ്യം.

ഇതോടൊപ്പം എങ്ങനെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ നടത്തണമെന്നതിന്റെ ക്ലാസ്സുകളും ഉണ്ടയിരിക്കും. പുതിയ കാലത്തെ ആശയവിനിമയ സംവിധാനങ്ങള്‍ എങ്ങനെ പ്രചാരണങ്ങള്‍ക്കായി വിദഗ്ധമായി ഉപയോഗിക്കാമെന്നതും ക്ലാസ്സുകളില്‍ ഉള്‍പ്പെടുത്തും. സുപ്രധാന വിഷയങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നിരന്തരമായ ഇടപെടലുകള്‍ പുതിയ ആശയവിനിമയ ഉപാധികള്‍ ഉപയോഗിച്ച് നടത്തേണ്ടത് എങ്ങനെയെന്ന് ക്ലാസ്സുകളില്‍ വിശദീകരിച്ചു നല്‍കും.

ഈയിടെ സോണിയ ഗാന്ധിയും സംസ്ഥാന നേതാക്കളും നടത്തിയ കൂടിക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞ ആശയമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പൊതുചര്‍ച്ചകളിലേക്ക് ബിജെപി തങ്ങളുടെ തീവ്ര ദേശീയതയെ കൊണ്ടുവന്നതിനെ വേണ്ടവിധം പ്രതിരോധിക്കാനായില്ല എന്ന തോന്നല്‍ കോണ്‍ഗ്രസ്സിനുണ്ട്. പാര്‍ട്ടിക്ക് ഇതുണ്ടാക്കിയ പരിക്കുകള്‍ വളരെ വലുതാണെന്നും വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസ് നേതാവായ സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ഏതാണ്ട് സ്വന്തമാക്കുക തന്നെ ചെയ്ത ബിജെപിയുടെ പ്രചണ്ഡപ്രചാരണത്തെ തിരിച്ചൊന്നാക്രമിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുകയുണ്ടായില്ല. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ ശത്രുവായിരുന്നു പട്ടേല്‍ എന്ന പൊതുധാരണ അവര്‍ക്കിടയിലുണ്ടായിരുന്ന രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ പെരുപ്പിച്ചു കാട്ടി വളര്‍ത്താന്‍ ബിജെപിക്ക് സാധിച്ചു. ബിജെപിയുടെ ഈ പ്രചാരണം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും വലിയ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇവയെയെല്ലാം നേരിടുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

ദേശീയതാ പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടി രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ തിരിച്ചു പിടിക്കുകയാണ് ഈ ക്ലാസ്സുകളുടെ പ്രധാന ലാക്ക്.


Next Story

Related Stories