സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടുത്ത എട്ട് ദിവസത്തേക്ക് ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ അലംഭാവം കാണിച്ചാല്‍ കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നല്കി. രോഗം പടരുന്നത് പ്രതിരോധിക്കാന്‍ എല്ലാ രാഷ്ട്രീയ, സാമൂഹിക, മത സമ്മേളനങ്ങള്‍, ഘോഷയാത്രകള്‍, മോര്‍ച്ചകള്‍, പൊതു പ്രതിഷേധങ്ങള്‍ എന്നിവയ്ക്ക് ഏതാനും ദിവസത്തേക്ക് സമ്പൂര്‍ണ വിലക്ക് പ്രഖ്യാപിച്ചു. ഒരാഴ്ച്ചത്തെ സ്ഥിതി വിലയിരുത്തിയ ശേഷം രോഗവ്യാപനം കുറഞ്ഞില്ലെങ്കില്‍ ലോക്ഡൗണ്‍ ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം.
സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും രോഗം വീണ്ടും വ്യാപിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് മാസത്തിന് ശേഷം ഏഴായിരത്തിന് അടുത്തെത്തി. പ്രതിദിന രോഗികള്‍ നൂറില്‍ താഴെയായിരുന്ന മുംബൈയില്‍ കണക്ക് ആയിരത്തിലേക്കെത്തുന്നു. യവാത്മല് ജില്ലയ്ക്ക് പിന്നാലെ അമരാവതിയിലും ഒരാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. പുണെയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മുംബൈയില്‍ അഞ്ചില്‍ കൂടുതല്‍ രോഗികളുടെ നൂറ് കണക്കിന് കെട്ടിടങ്ങളാണ് സീല്‍ ചെയ്തത്. ലോക്ഡൗണ്‍ ആണ് രോഗവ്യാപനത്തെ തടയാനുള്ള കടുത്ത മാര്‍ഗമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജനം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അത് നടപ്പാക്കേണ്ടിവരുമെന്ന് പറഞ്ഞു.
കോവിഡിന്റെ രണ്ടാമത്തെ തരംഗം ഇതുവരെ വന്നിട്ടില്ല, പക്ഷേ അത് നമ്മുടെ വാതിലില്‍ മുട്ടിയിരിക്കുകയാണ്. അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ ഇത് വ്യക്തമാകും, അദ്ദേഹം പറഞ്ഞു. നാം കൂടുതല്‍ ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്ന് താക്കറെ പറഞ്ഞു.