TopTop
Begin typing your search above and press return to search.

'സച്ചിൻ‌ പൈലറ്റ് പുതിയ പാർട്ടി ഉണ്ടാക്കുമോ അതോ ബിജെപിയിൽ ചേരുമോ', രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം, എംഎൽഎമാരുടെ യോഗം വിളിച്ച് ഗെലോട്ട്

സച്ചിൻ‌ പൈലറ്റ് പുതിയ പാർട്ടി ഉണ്ടാക്കുമോ അതോ ബിജെപിയിൽ ചേരുമോ, രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം, എംഎൽഎമാരുടെ യോഗം വിളിച്ച് ഗെലോട്ട്

എട്ട് എംഎൽഎമാർക്കൊപ്പം ഡൽഹിയിലെത്തിയ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റിന്റെ നടപടിക്ക് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുന്നു. രാജസ്ഥാനില്‍ തന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനായി ബിജെപി 15 കോടി രൂപ വരെ വാഗ്ദാനം ചെയ്യുന്നതായി മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്നലെ പറഞ്ഞതിന് പിന്നാലെയാണ് അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ എന്ന് സൂചന നൽകി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

25 എംഎല്‍എമാര്‍ സച്ചിന്റെ കൂടെയാണെന്നും സച്ചിന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ സര്‍ക്കാരും പാര്‍ട്ടിയും രാജസ്ഥാനില്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് സച്ചിന്‍ പൈലറ്റ് രാജസ്ഥാനിലെക്കിയിരിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ മധ്യപ്രദേശില്‍ സമാനമായ നിലയില്‍ അവകാശവാദം ഉന്നയിച്ചിരുന്ന ജ്യോതിരാദിത്യ സിന്ധ്യ 22 എംഎല്‍എമാര്‍ക്കൊപ്പം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയും കമല്‍നാഥിന്റെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കുകയും ചെയ്തിരുന്നു.

സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപണത്തിന്റെ പേരിൽ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സച്ചിന് പൈലറ്റിനോട് ചോദ്യം ചെയ്യാൻ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് സമൻസ് നൽകിയതോടെയാണ് സ്ഥിരിതിഗതികൾ രൂക്ഷമായത്. എസ്.ഒ.ജിയെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രാലയം അശോക് ഗെലോട്ടിന് കീഴിലാണെന്നതും പ്രശ്നം വഷളാക്കാൻ ഇടയാക്കിയിട്ടുണ്ട്.

അഭ്യൂഹങ്ങൾ നിലനിൽക്കെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശേക് ഗെലോട്ട് ഇന്ന് പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതോടൊപ്പം രാജസ്ഥാനിലെ സ്ഥിതിഗതികളിൽ ഹൈക്കമാൻഡിനും അതൃപ്തിയുണ്ട്. ഇക്കാര്യം ഗെലോട്ടിനെ അറിയിച്ചതായും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സ്ഥിതിഗതികള്‍ നീരീക്ഷിച്ച് വരികയാണ്. ഇത്തവണ മധ്യപ്രദേശ് ആവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാവിന്റെ പ്രതികരണം. അതേസമയം, ഇന്ന് നടക്കുന്ന യോഗത്തിലേക്ക് സച്ചിന്‍ പൈലറ്റിനെയും ക്ഷണിക്കാൻ ശ്രമിച്ചിരുന്നെന്നും പക്ഷേ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്നുമാണ് അശോക് ഗെലോട്ടിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

എന്നാൽ, സച്ചിൻ പൈലറ്റുമായി ചർച്ച നടത്തിയെന്ന വാദങ്ങൾ തള്ളുകയാണ് ബിജെപി നേതൃത്വം. സച്ചിൻ പൈറ്റിനെ മുഖ്യമന്ത്രിയാക്കിക്കൊണ്ടൊരു രാഷ്ട്രീയ നീക്കം പാർട്ടിയിൽ ആഭ്യന്തര തർക്കത്തിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലാണ് ഈ നിലപാടിന് പിന്നിലെന്നാണ് വിവരം. നിലവിൽ ബിജെപിയുടെ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് 45 എം‌എൽ‌എമാരുടെ പിന്തുണയുണ്ട്. ഈ സാഹചര്യവും പാർട്ടി വിലയിരുക്കുന്നു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി എന്ന നിലയിലേക്ക് ചർ‌ച്ചകൾ നടക്കുന്നില്ലെന്നാണ് പാർട്ടി ക്യാമ്പിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ അശോക് ഗെലോട്ട് സർക്കാരിനെ താഴെയിറക്കുകയെന്നതാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും ബിജെപി നേതാക്കളെ ഉദ്ധരിച്ച് മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ബിജെപിയിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും ഒരു പ്രാദേശിക പാർട്ടി രൂപീകരിക്കാൻ തയാറാണെന്നും സച്ചിൻ പൈലറ്റ് കോൺഗ്രസ് ഹൈക്കമാൻഡിന് സൂചിപ്പിച്ചതായി ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.


Next Story

Related Stories