TopTop
Begin typing your search above and press return to search.

ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്; മഹാരാഷ്ട്രയില്‍ അനിശ്ചിതത്വം തുടരുന്നു

ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്; മഹാരാഷ്ട്രയില്‍ അനിശ്ചിതത്വം തുടരുന്നു

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കോണ്‍ഗ്രസ്. നേരത്തെ എന്‍സിപിയും ഉപാധികളോടെ കോണ്‍ഗ്രസും ശിവസേനയെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. അതേസമയം സേനയ്ക്ക് പിന്തുണ നല്‍കിയില്ലെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത്.

നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് ഈ വിഷയത്തില്‍ മലക്കം മറിയുകയായിരുന്നുവെന്നാണ് അറിയുന്നത്. ആന്റണി അടക്കമുള്ള നേതാക്കളാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. പിന്തുണയ്ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആശയക്കുഴപ്പം രൂപപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസും എന്‍സിപിയും പിന്തുണ കത്ത് രാജ്ഭവനിലേക്ക് ഫാക്‌സ് ചെയ്തുവെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ പൊതുമിനിമം പരിപാടി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയും സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നേരത്തെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചായിരുന്നു സംഭാഷണം. എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനോടും ഉദ്ധവ് സംസാരിച്ചു. സഖ്യരൂപീകരണം സംബന്ധിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഉദ്ധവ് സോണിയയെ വിളിച്ചത്. കോണ്‍ഗ്രസിന് എതിര്‍പ്പില്ലെങ്കില്‍ തയ്യാറാണെന്നായിരുന്നു എന്‍സിപിയുടെ നിലപാട്.

ഈ വിഷയത്തില്‍ സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ മഹാരാഷ്ട്രയിലെ നേതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ശിവസേനയെ പിന്തുണയ്ക്കുമെന്ന വാര്‍ത്തകളും പുറത്തു വന്നത്. ഇന്ന് വൈകിട്ട് ഏഴര വരെയാണ് ഗവര്‍ണര്‍ ശിവസേനയ്ക്ക് സമയം അനുവദിച്ചിരുന്നത്. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണ ഉറപ്പാക്കി ശിവസേന പ്രതിനിധിസംഘം രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുകയും ചെയ്തു. ഇതിനിടെയാണ് ഹൈക്കമാന്‍ഡിന്റെ മലക്കം മറിച്ചില്‍.


Next Story

Related Stories