TopTop

'ഞാൻ ഇന്ത്യക്കാരനാണോയെന്ന് തീരുമാനിക്കാൻ നരേന്ദ്ര മോദി ആരാണ്', ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വയനാട്ടിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിൽ പ്രധാനനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി എംപി. മഹാത്മാഗാന്ധിയുടെ ചരമ വാർഷികത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗാന്ധിയെ വധിച്ച നാഥൂറാം വിനായക് ഗോഡ്സെയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ പരാമർശങ്ങൾ.

'ഒരേ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ് നാഥുറാം ഗോഡ്സെയും നരേന്ദ്ര മോദിയുമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. മഹാത്മ ഗാന്ധിയെ വെടിവച്ച ഗോഡ്സെ ആരെയും സ്നേഹിച്ചിരുന്നില്ല, ആരെയും വിശ്വസിച്ചിരുന്നില്ല. നരേന്ദ്ര മോദിയും ചെയ്യുന്നത് അതുതന്നെയാണ്. വെറുപ്പും കോപവും നിറഞ്ഞ വ്യക്തിയാണ് മോദി. ഇന്ത്യയുടെ ശക്തി എന്താണെന്ന് അദ്ദേഹം മനസിലാക്കുന്നില്ല. ഗോഡ്സെയുടെ തത്വശാസ്ത്രത്തിനെതിരെ നമ്മൾ പോരാടിയ അതേ പാതയിൽ മോദിക്കെതിരെയും പോരാടണം. ഈ പോരാട്ടത്തിൽ നമ്മൾ ഉറപ്പായും വിജയിക്കും' രാഹുൽ പ്രസംഗത്തിൽ വ്യക്തമാക്കുന്നു.

"ഇന്ത്യക്കാർക്ക് ഇന്ത്യക്കാരെന്ന് തെളിയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഞാൻ ഇന്ത്യക്കാരനാണോയെന്ന് തീരുമാനിക്കാൻ നരേന്ദ്ര മോദി ആരാണ്?. ആരാണ് ഇന്ത്യക്കാരൻ, ആര് ഇന്ത്യക്കാരൻ അല്ല എന്ന് തീരുമാനിക്കാൻ മോദിക്ക് ആരാണ് ലൈസൻസ് നൽകിയത്?. ഞാനൊരു ഇന്ത്യക്കാരനാണെന്ന് എനിക്കറിയാം, അത് ആരുടെ മുന്നിലും തെളിയിക്കേണ്ടതില്ല" രാഹുൽ ഗാന്ധി വ്യക്തമാക്കി.

നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ യുവാക്കൾക്ക് ഒരു ഭാവി ഇരുളടയുകയാണ്. തൊഴിൽ ഇല്ലായ്മയെക്കുറിച്ച് മോദിയോട് ചോദിക്കുമ്പോഴൊക്കെയും അദ്ദേഹം ഉത്തരം നൽകാതെ ഒഴിഞ്ഞ് മാറും. എൻആർസിയും പൗരത്വ ഭേദഗതിയും യുവാക്കൾക്ക് തൊഴിൽ നൽകില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. രാജ്യത്തെ വിഭജിച്ച് വെറുപ്പ് വളർത്തി കൊളളയടിക്കുകയാണ് മോദി ചെയ്യുന്നത് എന്ന് ആരോപിച്ച അദ്ദേഹം നിക്ഷിപ്ത താൽപര്യങ്ങൾക്കായി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും വ്യക്തമാക്കുന്നു. രാജ്യത്ത് വിദ്വേഷവും വെറുപ്പും വളർത്തുകയാണ് മോദി. ഇന്ത്യക്കെതിരെ ഇന്ത്യക്കാർ യുദ്ധം ചെയ്യുന്ന സാഹചര്യമുണ്ടാക്കി.

അതേസമയം. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാഹുല്‍ഗാന്ധി എംപി വയനാട്ടിൽ നടത്തിയ ഭരണഘടനാസംരക്ഷണ റാലിയിൽ വൻ ജനപങ്കാളിത്തമായിരുന്നു ഉണ്ടായത്. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലെ എസ്‌.കെ.എം.ജെ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരം വരെയായിരുന്നു റാലി.

രാഹുല്‍ ഗാന്ധി മുന്നില്‍ നിന്ന് നയിച്ച റാലിയിൽ‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കളും അനുഗമിക്കുന്നുണ്ട്. നേതാക്കൾക്ക് പിന്നിലായി ദേശീയ പതാകയും ഭരണഘടനയുടെ ആമുഖവും ഉൾപ്പെടെ കയ്യിലേന്തി 5000 ത്തോളം പ്രവര്‍‍ത്തകരും പൊതുജനങ്ങളും ഉൾപ്പെടെ 20,000 ത്തോളം പേര്‍ റാലിയുടെ ഭാഗമായെന്നാണ് വിവരം.


Next Story

Related Stories