TopTop
Begin typing your search above and press return to search.

രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയ കുടിയേറ്റ തൊഴിലാളികള്‍ ഗ്രാമത്തില്‍ തിരിച്ചെത്തി; ഡോക്യുമെന്ററിയുമായി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയ കുടിയേറ്റ തൊഴിലാളികള്‍ ഗ്രാമത്തില്‍ തിരിച്ചെത്തി; ഡോക്യുമെന്ററിയുമായി കോണ്‍ഗ്രസ്

ലോക്ഡൗണില്‍പ്പെട്ട് ഗ്രാമങ്ങളിലേക്ക് നടക്കേണ്ടി വന്ന കുടിയേറ്റ തൊഴിലാളികളെ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി കോണ്‍ഗ്രസ് പുറത്തുവിട്ടു. കുടിയേറ്റ തൊഴിലാളികളുടെ ദുരിതങ്ങളും രാഹുല്‍ ഗാന്ധി അവരുമായി കൂടിക്കാഴ്ച നടത്തുന്നതും തുടര്‍ന്ന് കോണ്‍ഗ്രസ് ഇവര്‍ക്ക് വാഹനസൗകര്യം ഒരുക്കി അവരുടെ ഗ്രാമത്തില്‍ എത്തിക്കുന്നതുമാണ് ഡോക്യുമെന്ററിയിലുള്ളത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി കോണ്‍ഗ്രസ് ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചാരണം നടത്തുന്നുണ്ട്.

തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സുഖ്‌ദേവ് വിഹാര്‍ ഫൈ്‌ള ഓവറിനു കീഴില്‍ തങ്ങുന്ന കുടിയേറ്റ തൊഴിലാളികളെ കാണാനാണ് രാഹുല്‍ കഴിഞ്ഞ ശനിയാഴ്ച എത്തിയത്. ജോലി ചെയ്യുന്ന ഹരിയാനയില്‍ നിന്ന് സ്വന്തം ഉത്തര്‍ പ്രദേശിലെ ഝാന്‍സിയിലേക്ക് നടക്കുന്നവരായിരുന്നു കുട്ടികളും സ്ത്രീകളും അടക്കമുള്ള സംഘം. തുടര്‍ന്ന് ഇവരോട് രാഹുല്‍ സംസാരിക്കുന്നതിന്റെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. മാസ്‌ക് അണിഞ്ഞ് റോഡിനു സമീപത്തെ പടവിലിരുന്ന് രാഹുല്‍ സംസാരിക്കുന്നതായിരുന്നു ചിത്രങ്ങള്‍. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക പാക്കേജ് തൊഴിലാളികളേയും കര്‍ഷകരേയും യാതൊരു വിധത്തിലും സഹായിക്കുന്നതല്ലെന്നും അവര്‍ക്ക് നേരിട്ട് പണം ലഭിക്കുന്ന വിധത്തില്‍ പാക്കേജില്‍ മാറ്റം വരുത്തണമെന്നും രാഹുല്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു.

"രാഹുല്‍ ഗാന്ധി ഞങ്ങളുടെ അടുക്കല്‍ വന്നു, സംസാരിച്ചു. ഞങ്ങള്‍ എന്തൊക്കെ ബുദ്ധിമുട്ടുകളാണ് നേരിടുന്നത് എന്നതായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. ഞങ്ങള്‍ വിശപ്പു സഹിക്കാതെ മരിച്ചു പോകുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. എവിടേയും ജോലിയില്ല. കഴിഞ്ഞ 50 ദിവസമായി ഇങ്ങനെയാണ്", കോണ്‍ഗ്രസ് നേതാവ് കൂടിക്കാഴ്ച നടത്തിയ തൊഴിലാളികളിലൊരാളായ മഹേഷ് കുമാര്‍ പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധി തങ്ങളെ കാണാനെത്തിയതില്‍ അദ്ദേഹം നന്ദിയും പറഞ്ഞിരുന്നു "ഒരാളെങ്കിലും ഞങ്ങളെ കാണാനും ഞങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും വന്നല്ലോ. സഹായിക്കാന്‍ ശ്രമിക്കാമെന്ന് രാഹുല്‍ ഗാന്ധി പറയുകയും ചെയ്തു", മഹേഷ് പറഞ്ഞു. കേന്ദ്രം ശ്രമിക് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടും ഏതു സാഹചര്യത്തിലാണ് ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് നടക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നതെന്നും രാഹുല്‍ ഗാന്ധി അവരോട് ആരായുന്നതി ന്റെ ദൃശ്യങ്ങള്‍ പുതിയ ഡോക്യുമെന്ററിയിലുണ്ട്.

രാഹുല്‍ ഗാന്ധി വന്നു പോയതിനു പിന്നാലെ തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇത് പോലീസ് ഇത് നിഷേധിക്കുകയും ഈ തൊഴിലാളികള്‍ക്ക് സഞ്ചരിക്കാനായി കോണ്‍ഗ്രസ് വാഹനമേര്‍പ്പെടുത്തിയതില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് അടക്കമുള്ള കാര്യങ്ങള്‍ പാലിക്കുന്നുണ്ട് എന്നുറപ്പാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസ് പറഞ്ഞത്.

രാഹുല്‍ ഏര്‍പ്പെടുത്തിയ വാഹനത്തില്‍ ഝാന്‍സിയില്‍ തിരിച്ചെത്തിയ ഇവരെ 21 ദിവസത്തെ ക്വാരന്റൈനില്‍ പ്രവേശിപ്പിച്ചു എന്നും 16.44 മിനിറ്റുള്ള ഡോക്യുമെന്ററിയില്‍ പറയുന്നു.


Next Story

Related Stories