TopTop
Begin typing your search above and press return to search.

സച്ചിന്‍ പൈലറ്റ് വഴങ്ങുന്നുവെന്ന അവകാശവാദവുമായി കോണ്‍ഗ്രസ് വൃത്തങ്ങള്‍; നിഷേധിച്ച് പൈലറ്റ്; സഭാസമ്മേളനത്തിലേക്ക് ഇനി 4 ദിവസം

സച്ചിന്‍ പൈലറ്റ് വഴങ്ങുന്നുവെന്ന അവകാശവാദവുമായി കോണ്‍ഗ്രസ് വൃത്തങ്ങള്‍; നിഷേധിച്ച് പൈലറ്റ്; സഭാസമ്മേളനത്തിലേക്ക് ഇനി 4 ദിവസം

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും മറ്റ് എംഎല്‍എമാരും പ്രധാനപ്പെട്ട ചില കോണ്‍ഗ്രസ് നേതാക്കളെ കാണുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാന്ധി കുടുംബത്തില്‍ പെട്ട നേതാക്കളെയോ ഇല്ലെങ്കില്‍ ദേശീയതലത്തിലെ മുതിര്‍ന്ന നേതാക്കളാരെയെങ്കിലുമോ കാണാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം തന്നെ ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ വെച്ച് പൈലറ്റ് പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇതിനു ശേഷം വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതെസമയം ഇത്തരമൊരു സംഭവമുണ്ടായെന്ന വാര്‍ത്തകള്‍ സച്ചിന്‍ പൈലറ്റ് നിഷേധിക്കുകയാണ്. തന്റെ നിലപാടില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും അശോക് ഗെലോട്ട് മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാക്കളെ കാണാന്‍ പോലും സച്ചിന്‍ പൈലറ്റ് തയ്യാറായിരുന്നില്ല. പ്രിയങ്ക സച്ചിനുമായി ഇക്കാര്യം ആശയവിനിമയം ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ അവസരമൊരുക്കാം എന്നതായിരുന്നു ഓഫര്‍. എന്നാല്‍ പൈലറ്റ് അത് തള്ളിക്കളഞ്ഞു. ഗെലോട്ടിനെ നീക്കം ചെയ്യുന്നതില്‍ക്കുറഞ്ഞൊന്നും അംഗീകരിക്കില്ലെന്ന പിടിവാശിയില്‍ പൈലറ്റ് തുടര്‍ന്നു. 19 എംഎല്‍എമാരാണ് പൈലറ്റിനൊപ്പം ഇപ്പോഴുള്ളത്.

എന്നാല്‍ പൈലറ്റ് അയഞ്ഞു തുടങ്ങിയെന്ന സൂചനയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്നത്. ഇനി നാല് ദിവസം കൂടിയേ സഭ ചേരുന്നതിലേക്ക് ബാക്കിയുള്ളൂ. ഇതിനകം പൈലറ്റിനെ വശത്താക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഈ വാര്‍ത്തയുടെ കാര്യത്തിലും സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പൈലറ്റ് തള്ളിക്കളഞ്ഞിട്ടുമുണ്ട്.

ബിജെപിയുമൊത്തം ഗൂഢാലോചന നടത്തുകയാണ് പൈലറ്റെന്നാണ് ഗെലോട്ട് ആരോപിക്കുന്നത്. പൈലറ്റ് കഴിവുകെട്ടയാളാണെന്നും ഗെലോട്ട് ആരോപിക്കുകയുണ്ടായി. കടുത്ത ഭാഷയിലുള്ള ആക്രമണങ്ങള്‍ പൈലറ്റ് ക്യാമ്പിനെ കൂടുതല്ഡ അകറ്റുകയാണുണ്ടായത്. ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും വാക്പോര് അവസാനിപ്പിക്കാന്‍ ഗെലോട്ട് മടിച്ചു.

ഇതിനിടയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ജയ്സാല്‍മീറിലെ ഹോട്ടലില്‍ വെച്ച് ചേര്‍ന്നു. ഇവിടെത്തന്നെയാണ് ദിവസങ്ങളായി ഗെലോട്ട് പക്ഷം താമസിക്കുന്നത്. ഓഗസ്റ്റ് 14നാണ് അസംബ്ലി ചേരാന്‍‌ ഗവര്‍ണര്‍ അനുവദിച്ചിരിക്കുന്നത്. ഈ സമ്മേളനത്തില്‍ ഗെലോട്ട് വിശ്വാസവോട്ട് തേടുമെന്നാണ് വിവരം. 'ജനാധിപത്യത്തിന്റെ പോരാളികള്‍' എന്നാണ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ വെച്ച് തന്റെ പക്ഷത്തെ എംഎല്‍എമാരെ ഗെലോട്ട് വിശേഷിപ്പിച്ചത്. സഭയില്‍ ഐക്യം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Next Story

Related Stories