TopTop
Begin typing your search above and press return to search.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപിക്ക് തിരിച്ചടി; കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം

തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപിക്ക് തിരിച്ചടി;  കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം

രാജ്യത്ത് കര്‍ഷക സമരം ശക്തമാകുന്നതിനിടെ നടന്ന പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പന്‍ വിജയം. 50ൽ 35 സീറ്റ്. ഇന്നു വോട്ടെണ്ണല്‍ നടന്ന മൊഹാലി കോര്‍പറേഷനും കോണ്‍ഗ്രസ് നേടി. ആകെ 8 കോർപറേഷനുകളിൽ ഏഴിടത്തും കോൺഗ്രസ് നേടി. ഒരിടത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയും കോൺഗ്രസ് ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളിനൊപ്പം സഖ്യത്തില്‍ മത്സരിച്ചപ്പോള്‍ എട്ട് സീറ്റുകള്‍ ലഭിച്ച ബിജെപിക്ക് ഇത്തവണ ഒറ്റ സീറ്റില്‍ പോലും വിജയിക്കാനായില്ല.

53 വര്‍ഷത്തിന് ശേഷം ഭട്ടിന്‍ഡ മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചു. ലോക്സഭയില്‍ ശിരോമണി അകാലിദളിന്റെ ഹര്‍സിമ്രത് കൗര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് ഭട്ടിന്‍ഡ. ഭട്ടിന്‍ഡയ്ക്ക് പുറമെ മോഗ, ഹോഷിയാര്‍പുര്‍, കപൂര്‍ത്തല, അബോഹര്‍, പത്താന്‍കോട്ട്, ബറ്റാല, എന്നീ കോര്‍പ്പറേഷനുകളും കോണ്‍ഗ്രസ് തൂത്തുവാരി. മോഗയില്‍ കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. മോഗയില്‍ ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല.

കോണ്‍ഗ്രസ് 2037, ശിരോമണി അകാലിദള്‍ (എസ്എഡി) 1569, ബിജെപി 1003, എഎപി 1606, ബിഎസ്പി 160 പേരെയുമാണു സ്ഥാനാര്‍ഥികളാക്കിയത്. 2832 സ്വതന്ത്രരും ജനവിധി തേടി. കാര്‍ഷിക നിയമങ്ങളെ ചൊല്ലി എന്‍ഡിഎയില്‍നിന്നു പുറത്തുവന്ന അകാലിദളും ബിജെപിയും വെവ്വേറെയാണു മത്സരിച്ചത്. 2,302 വാര്‍ഡുകള്‍, എട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, 190 മുനിസിപ്പല്‍ കൗണ്‍സില്‍-നഗരപഞ്ചായത്ത് എന്നിവിടങ്ങളിലേക്കുമാണു തിരഞ്ഞെടുപ്പ് നടന്നത്.

എട്ട് കോര്‍പ്പറേഷനുകളിലേക്കും 109 മുനിസിപ്പല്‍ കൗണ്‍സില്‍, നഗര്‍ പഞ്ചായത്തുകളിലേക്കുമായി ഫെബ്രുവരി 14-നാണ് തിരഞ്ഞെടുപ്പ് നടന്നത്. മൊഹാലി കോര്‍പ്പറേഷനിലെ രണ്ടു ബൂത്തിലടക്കം വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. 9,222 സ്ഥാനാര്‍ഥികളാണ് ആകെ ഉണ്ടായിരുന്നത്. സ്വതന്ത്രരാണ് ഏറ്റവും കൂടുതല്‍. 2832 സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായി മത്സരിച്ചു. 2037 പേരെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ബിജെപിക്ക് പലയിടങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനായിരുന്നില്ല. 1003 പേരാണ് ബിജെപി ടിക്കറ്റില്‍ മത്സരിച്ചത്. ശിരോമണി അകാലിദളിന് 1569 സ്ഥാനാര്‍ഥികളുണ്ടായിരുന്നു.


Next Story

Related Stories