TopTop
Begin typing your search above and press return to search.

ഡല്‍ഹിയില്‍ അഭിഭാഷക അക്രമത്തിനെതിരെ പൊലീസ് പ്രതിഷേധം രാത്രിയിലും, മെഴുകുതിരികളുമായി പൊലീസുകാരും കുടുംബങ്ങളും

ഡല്‍ഹിയില്‍ അഭിഭാഷക അക്രമത്തിനെതിരെ പൊലീസ് പ്രതിഷേധം രാത്രിയിലും, മെഴുകുതിരികളുമായി പൊലീസുകാരും കുടുംബങ്ങളും

ഡല്‍ഹിയില്‍ അഭിഭാഷക അക്രമം ആരോപിച്ചുള്ള പൊലീസുകാരുടെ പ്രതിഷേധം രാത്രിയിലും തുടരുന്നു. കുടുംബാംഗങ്ങളോടൊപ്പമെത്തിയ പൊലീസ് ഉദ്യോഗസ്ഥർ മെഴുകുതിരികളുമായി മാർച്ച് നടത്തി. നീതിയും സുരക്ഷയും ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നിലാണ് പൊലീസുകാര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പല തവണ ആവശ്യപ്പെട്ടിട്ടും പൊലീസുകാര്‍ വഴങ്ങിയില്ല. സര്‍വീസ ചട്ടപ്രകാരം പൊലീസുകാര്‍ക്ക് പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ അവകാശമില്ല. അസാധാരണമായ ഈ പൊലീസ് പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും തലവേദനയായിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ഡൽഹി പൊലീസിന്റെ നിയന്ത്രണാധികാരം. ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കോടതികള്‍ ഇടപെട്ടതിന് പിന്നാലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഔദ്യോഗിക വസതിയില്‍ യോഗം വിളിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായാണ് ലെഫ്.ഗവർണർ ചർച്ച നടത്തുന്നത്. പത്ത് ആവശ്യങ്ങളാണ് സമരം ചെയ്യുന്ന പൊലീസുകാർ‌ക്കുള്ളത്. ഇതിൽ 'പൊലീസ് സംരക്ഷണ നിയമം' വേണമെന്നതും ഉൾപ്പെടുന്നു. ആയിരത്തോളം പൊലീസുകാരാണ് പൊലീസ് ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധവുമായി എത്തിയത്. ഇത് ആര്‍ട്ടീരിയല്‍ റോഡിലെ ഗതാഗതം സ്തംഭിപ്പിച്ചു. ഡല്‍ഹിയിലെ പൊലീസുകാര്‍ക്ക് ഹരിയാനയിലേയും ബിഹാറിലേയും പൊലീസുകാര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തീസ് ഹസാരി കോടതിയിലാണ് അഭിഭാഷകരും പൊലീസുകാരും ഏറ്റമുട്ടിയത്. വെടിവയ്പ് അടക്കം നടന്നിരുന്നു. അഭിഭാഷകന്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വലി കലാപത്തിലേയ്ക്ക് നയിച്ചത്. പൊലീസ് വാഹനങ്ങള്‍ അഭിഭാഷകര്‍ തീയിട്ടിരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും ബാര്‍ കൗണ്‍സില്‍ ഓഫ് ഡല്‍ഹിയ്ക്കും അഭിഭാഷകരുടെ ചെയ്തികളില്‍ വിശദീകരണം തേടി ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.

പൊലീസ് ജോലി ഒട്ടും കൃതജ്ഞത ലഭിക്കാത്തതാണ് എന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു. എന്നാല്‍ വിവാദമായപ്പോല്‍ റിജിജു ട്വീറ്റ് നീക്കി. പൊലീസ് പ്രതിഷേധത്തെ പിന്തുണച്ച കോണ്‍ഗ്രസ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ മൗനത്തെ ചോദ്യം ചെയ്തു. ശനിയാഴ്ചത്തെ അക്രമത്തില്‍ ഇരുപതോളം പൊലീസുകാര്‍ക്കും എട്ട് അഭിഭാഷകര്‍ക്കും പരിക്കേറ്റിരുന്നു. ഇന്നലെ സാകേത് ജില്ലാ കോടതിക്ക് പുറത്ത് പൊലീസുകാരനെ അഭിഭാഷകര്‍ വളഞ്ഞിട്ട് തല്ലിയതും വിവാദമായിരിക്കുകയാണ്.


Next Story

Related Stories