TopTop
Begin typing your search above and press return to search.

തുടര്‍ച്ചയായ നാലാം ദിവസവും ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകള്‍; ഇന്നലെ 1,31,968 പേര്‍ക്ക് രോഗബാധ

തുടര്‍ച്ചയായ നാലാം ദിവസവും ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകള്‍; ഇന്നലെ 1,31,968 പേര്‍ക്ക് രോഗബാധ

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,30,60,542 ആയി. നിലവില്‍ രാജ്യത്ത് ചികില്‍സയിലുള്ളവരുടെ എണ്ണം 9,79,608 ആയി ഉയര്‍ന്നു. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിലേറെ പ്രതിദിന കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 61,899 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,19,13,292 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 780 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് മരണം 1,67,642 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 9,43,34,262 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.മഹാരാഷ്ട്രയില്‍ ഇന്നലെയും അര ലക്ഷത്തിന് മുകളില്‍ രോഗികളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,286 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 376 പേര്‍ മരിച്ചു. മുബൈയില്‍ മാത്രം 8,938 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്.

മഹാരാഷ്ട്രയ്ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് രണ്ടാം വ്യാപനം രൂക്ഷമാകുന്നുണ്ട്. ഡല്‍ഹിയില്‍ ഏഴായിരത്തിന് മുകളില്‍ പേര്‍ക്കാണ് കഴി‍ഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ നാലായിരത്തിന് മുകളിലാണ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 7,437 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.

കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ കൂടുതല്‍ സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് നീങ്ങി. ഡല്‍ഹിക്കും പഞ്ചാബിനും ഗുജറാത്തിനും തമിഴ്‌നാടിനും പിന്നാലെ കര്‍ണാടകയും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ബംഗളൂരു ഉള്‍പ്പെടെയുള്ള അഞ്ച് നഗരങ്ങളില്‍ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ശനിയാഴ്ച ആരംഭിക്കും. ഏപ്രില്‍ 20 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.





Next Story

Related Stories