TopTop

ഇന്ത്യയില്‍ കൊറോണ കേസുകള്‍ 600 കടന്നു

ഇന്ത്യയില്‍ കൊറോണ കേസുകള്‍ 600 കടന്നു

ഇന്ത്യയില്‍ കൊവിഡ് 19 കേസുകള്‍ 606 ആയി. 12 പേരാണ് ഇതുവരെ മരിച്ചിരിക്കത്. ഇന്ന് മധ്യപ്രദേശിലാണ് ഏറ്റവുമൊടുവില്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ തുടങ്ങിയിരുന്നു. 15,000 കോടി രൂപയുടെ പാക്കേജ് ആണ് പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. 1.5 മുതല്‍ 2.3 വരെ ട്രില്യണ്‍ രൂപയുടെ പാക്കേജ് ഈയാഴ്ച തന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

21 ദിവസത്തേയ്ക്ക് രാജ്യം സമ്പൂര്‍ണമായി അടച്ചിടുന്നതായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നലത്തെ പ്രഖ്യാപനത്തിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ അവശ്യസാധനങ്ങളും മരുന്നുകളും വാങ്ങാനായി കടകള്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും മുന്നില്‍ വലിയ തോതില്‍ തിരക്ക് കൂട്ടിയിരുന്നു. ഡല്‍ഹിയിലും മുംബൈയിലും ബംഗളൂരുവിലും മറ്റും പലചരക്ക് കടകള്‍ക്ക് മുന്നില്‍ ഇന്നലെ രാത്രിയും ഇന്നും വലിയ ആള്‍ക്കൂട്ടമാണുണ്ടായിരുന്നത്. കടക്കാര്‍ വില കൂട്ടി വില്‍ക്കുന്നതായി പലരും പരാതിപ്പെട്ടുന്നു. പൊലീസ് നടപടിയുണ്ടാകുമോ എന്ന ആശങ്കയില്‍ പല ഷോപ്പുകളും അടച്ചു.

സംസ്ഥാനങ്ങള്‍ അതിര്‍ത്തി അടച്ചതോടെ അതിര്‍ത്തികളില്‍ ട്രക്കുകളുടെ നീണ്ട ക്യൂവാണ് ഉള്ളത്. പാലും പച്ചക്കറികളും നിറച്ച ട്രക്കുകള്‍ അതിര്‍ത്തികളില്‍ കിടക്കുകയാണ്. ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ക്കും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.


Next Story

Related Stories