TopTop
Begin typing your search above and press return to search.

എല്ലാ വിസകളും അടുത്ത മാസം 15 വരെ ഇന്ത്യ റദ്ദാക്കി, കുവൈത്തില്‍ രണ്ടാഴ്ചത്തേക്ക് പൊതു അവധി, ഇന്ത്യയിൽ 67 കൊറോണ ബാധിതർ

എല്ലാ വിസകളും അടുത്ത മാസം 15 വരെ ഇന്ത്യ റദ്ദാക്കി, കുവൈത്തില്‍ രണ്ടാഴ്ചത്തേക്ക് പൊതു അവധി, ഇന്ത്യയിൽ 67 കൊറോണ ബാധിതർ

കൊറോണ വൈറസ് ലോകത്തെ 100 രാജ്യങ്ങളിലേക്ക് പടര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തേക്കുള്ള വിസകള്‍ അടുത്ത മാസം 15 വരെ സസ്‌പെന്റ് ചെയ്തു. അത്യാവശ്യമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇറ്റലിയിലേക്കും കൊറിയയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഒടുവിലത്തെ വിവരമനുസരിച്ച് രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 67 ആയി. രോഗം പടരുന്നത് തടയാൻ കുവൈറ്റ് രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. കേരളത്തിൽ ഇന്നലെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

മിക്ക വിസകളും അടുത്ത മാസം 15 വരെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ഇതില്‍നിന്ന് നയതന്ത്ര വിസകളെയും യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ വിസകളെയും ഒഴിവാക്കിയിട്ടുണ്ട്. മാര്‍ച്ച് 13 മുതലാണ് വിലക്ക് നിലവിൽ വരിക. ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്

വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് ഉടമകള്‍ക്കുള്ള വിസ രഹിത യാത്ര സൗകര്യങ്ങളും തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. ഇതിന് പുറമെ ഫ്രാന്‍സ്, ജര്‍മ്മി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്ക് ഈ മാസം 13 ന് ശേഷം ഇന്ത്യയിലെത്താന്‍ അനുമതി നല്‍കുന്ന വിധത്തില്‍ അനുവദിച്ചിട്ടുള്ള വിസകളും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ചൈന, ഇറ്റലി കൊറിയ ഫ്രാന്‍സ് സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഫെബ്രുവരി 15 ന് ശേഷം സന്ദര്‍ശനം നടത്തിയിട്ടുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ 14 ദിവസത്തെ നിരീക്ഷണത്തിന് വിധേയമാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കുവൈറ്റില്‍ നടപടികള്‍ കര്‍ശനമാക്കി. രണ്ടാഴ്ചത്തേക്ക് കുവൈറ്റില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുഴുവന്‍ വിമാന സര്‍വീസികളും അനിശ്ചിത കാലത്തേക്ക് നിര്‍ത്താനും കുവൈത്ത് തീരുമാനിച്ചു. വിമാനത്താവളങ്ങള്‍ അടച്ചു. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവധിയാണ്. അത്യാവശ്യം പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കും. എടിഎമ്മുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കും. കൊറോണ വൈറസ് ബാധയേറ്റ് 4000 ത്തിലധികം ആളുകളാണ് മരിച്ചത്. ഇന്നലെയാണ് ലോകാരോഗ്യ സംഘടന കൊറോണ വൈറസ് ബാധ മഹാമാരിയായി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ആര്‍ക്കും പുതുതായി രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല. 1179 സാമ്പിളുകളാണ് കേരളം പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇതില്‍ 809 സാമ്പിളുകളുടെ ഫലമാണ് കിട്ടിയത്. പത്തനംതിട്ടിയില്‍ 969 പേര്‍ നിരീക്ഷണത്തിലാണ്. ഇവിടെ പുതുതായി ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് 60 പേരും ഏറണാകുളകത്ത് 33 പേരും പട്ടികയിലുണ്ട്. കൂടുതല്‍ ലാബോറട്ടറികളില്‍ ടെസ്റ്റ് നടത്താനുള്ള അനുമതി കേന്ദ്ര സര്‍ക്കാരില്‍നിന്ന് തേടിയിട്ടുണ്ടെന്ന് അരോഗ്യ മന്ത്രി കെ ശൈലജ അറിയിച്ചു.


Next Story

Related Stories