TopTop

കൊറോണ: തിരികെയെത്തിക്കുന്ന വിദ്യാർത്ഥികളെ ഇവിടെ താമസിപ്പിക്കും; പരസ്പരം അടുത്തു പെരുമാറാൻ അനുവദിക്കില്ല

കൊറോണ: തിരികെയെത്തിക്കുന്ന വിദ്യാർത്ഥികളെ ഇവിടെ താമസിപ്പിക്കും; പരസ്പരം അടുത്തു പെരുമാറാൻ അനുവദിക്കില്ല

ചൈനയിലെ വുഹാൻ പ്രവിശ്യയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരികെയെത്തിച്ചാൽ താമസിപ്പിക്കാനുള്ള സംവിധാനം തയ്യാറായി. ഡൽഹിയിലെ മനെസറിനടുത്താണ് ഈ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. മുന്നൂറോളം വിദ്യാർത്ഥികളെ തിരികെയെത്തിക്കാൻ എയർ ഇന്ത്യയുടെ ബോയിങ് 747 വിമാനമാണ് ഇന്ന് പുറപ്പെടുക. ഡല്‍ഹിയില്‍ നിന്ന് വുഹാനിലേയ്ക്ക് ആറ് മണിക്കൂര്‍ വിമാനയാത്രയാണുള്ളത്. സൈന്യത്തിനാണ് വിദ്യാർത്ഥികളെ തിരികെയെത്തിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്.

തിരിച്ചെത്തുന്നവർ അടുത്ത രണ്ടാഴ്ചയോളം ഈ സംവിധാനത്തിലാണ് കഴിയുക. ഡോക്ടർമാരുടെ നിരന്തരമായ നിരീക്ഷണത്തിലായിരിക്കും ഇവർ. വിമാനത്തിൽ ഇറങ്ങുന്ന ഘട്ടത്തിൽ തന്നെ വിദ്യാർത്ഥികളെ വിമാനത്താവള ആരോഗ്യ അധികൃതർ പരിശോധനയ്ക്ക് വിധേയമാക്കും. ആംഡ് ഫോഴ്സസ് മെഡിക്കൽ സര്‍വീസസും ഇവർക്കൊപ്പം ചേരും. വൈറസ് ബാധ സംശയിക്കുന്നയാളുകളെ ഡൽഹി കന്റോൺമെന്റ് ബേസ് ഹോസ്പിറ്റലിലേക്ക് മാറ്റും.





മൂന്ന് ഗ്രൂപ്പുകളാക്കി മാറ്റിയാണ് വിദ്യാർത്ഥികളെ പരിശോധന നടത്തുക. ആദ്യത്തെ ഗ്രൂപ്പിൽ കൊറോണ സംശയിക്കുന്നവരെ ഉൾപ്പെടുത്തും. പനി, ചുമ, മറ്റ് ശ്വാസകോശ പ്രശ്നങ്ങൾ എന്നിവയുള്ളവരെ ഇതിലുൾപ്പെടുത്തും. രണ്ടാമത്തെ ഗ്രൂപ്പിൽ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും വുഹാനിലെ മാർക്കറ്റ് സന്ദർശിച്ചവരെയാണ് ഉൾപ്പെടുത്തുക. ഇവരെയെല്ലാം പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റും.

മൂന്നാമത്തെ ഗ്രൂപ്പില്‍ പെടുന്നവരെയാണ് ആദ്യം പറഞ്ഞ മനെസറിലെ കേന്ദ്രത്തിലേക്ക് അയയ്ക്കുക. ഡോർമിറ്ററി സമാനമായ സംവിധാനമാണ് ഇവിടെയുള്ളത്. അമ്പത് വിദ്യാർത്ഥികൾ വീതമുള്ള പ്രത്യേക വിഭാഗീകരണം നടത്തി ഇവിടെ താമസിപ്പിക്കും. വിദ്യാര്‍ത്ഥികളെ പരസ്പരം അടുത്ത് പെരുമാറാൻ അനുവദിക്കില്ല.


Next Story

Related Stories