TopTop

ബജറ്റിന് ദിവസങ്ങള്‍ ബാക്കി, സാമ്പത്തിക പ്രതിസന്ധി രൂക്ഷം, കോര്‍പ്പറേറ്റ്- ആദായ നികുതി വരുമാനം രണ്ട് ദശാബ്ദത്തില്‍ ആദ്യമായി കുറഞ്ഞു

ബജറ്റിന് ദിവസങ്ങള്‍ ബാക്കി, സാമ്പത്തിക പ്രതിസന്ധി രൂക്ഷം, കോര്‍പ്പറേറ്റ്- ആദായ നികുതി വരുമാനം രണ്ട് ദശാബ്ദത്തില്‍ ആദ്യമായി കുറഞ്ഞു

രാജ്യത്തെ ആദായ കോര്‍പ്പറേറ്റ് നികുതി രണ്ട് ദശാബ്ദത്തില്‍ ആദ്യമായി കുറയുന്നു. സാമ്പത്തിക വളര്‍ച്ച കുറഞ്ഞതും കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറച്ചതുമാണ് നികുതിയിനത്തില്‍ കിട്ടുമെന്ന് കരുതിയ തുകയില്‍ വലിയ കുറവ് വരുത്തിയതെന്ന് ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഈ സാമ്പത്തിക വര്‍ഷം 13.5 ട്രില്ല്യണ്‍ രൂപ നികുതി ഇനത്തില്‍ പിരിച്ചെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 17 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. കഴിഞ്ഞ ദിവസം വരെയുളള കണക്ക് പ്രകാരം ഇതുവരെ7.3 ട്രില്യണ്‍ രൂപമാത്രമാണ് നികുതി ഇനത്തില്‍ നേടാന്‍ സര്‍ക്കാരിന് കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ നേടിയതിന്റെ 5.5 ശതമാനം കുറവാണിത്. എല്ലാ തരത്തിലുള്ള ശ്രമങ്ങളും നടത്തിയിട്ടും കഴിഞ്ഞ വര്‍ഷം നേടിയ നികുതി വരുമാനമായ 11.5ട്രില്ല്യണ്‍ രൂപ എത്താന്‍ ഇത്തവണ കഴിയില്ലെന്ന് റോയിട്ടേഴ്‌സിനോട് സംസാരിച്ച എട്ട് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
' ഈ വര്‍ഷം ലക്ഷ്യമിട്ടത് മറന്നേക്കു. ആദായ നികുതി വരുമാനത്തില്‍ കുറവുണ്ടാകുന്ന ആദ്യത്തെ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്' ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 ശതമാനമെങ്കിലും നികുതി വരുമാനത്തില്‍ കുറവുണ്ടാകുമെന്നാണ് ഈ ഉദ്യോഗസ്ഥന്റെ കണക്കുകൂട്ടല്‍.
സര്‍ക്കാരിന്റെ വരുമാന കണക്കില്‍ 80 ശതമാനവും ആദായ നികുതി വഴിയാണ്. ഇതിലുണ്ടാകുന്ന കുറവ് സര്‍ക്കാരിനെ കൂടുതല്‍ കടം വാങ്ങാനും ചിലവ് കുറയ്ക്കാനും നിര്‍ബന്ധിതമാക്കും. വളര്‍ച്ചാ മാന്ദ്യം പ്രകടമാക്കിയ സാമ്പത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് കോര്‍പ്പറേറ്റ് നികുതിയില്‍ കുറവ് വരുത്തിയതും വരുമാനം കുറയാന്‍ കാരണമായെന്നാണ് കണക്കാക്കുന്നത്. ഇതിന് പുറമെയാണ് സാ്മ്പത്തിക പ്രയാസങ്ങള്‍ ഉണ്ടാക്കിയ പരിമിതികള്‍. ഈ നടപടി പക്ഷെ സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ ഉപകരിച്ചുമില്ല.
വരുമാനം കുറഞ്ഞാല്‍ സര്‍ക്കാരിന് മുന്നില്‍ ഉള്ള വഴി കടം വാങ്ങുകയെന്നതാണ്. എന്നാല്‍ ഇങ്ങനെ കടം വാങ്ങുന്നത് ധനക്കമ്മി വര്‍ധിക്കുന്നതിന് കാരണമാകും. ഇത് കുറയ്ക്കുകയെന്നതാണ് കഴിഞ്ഞ കുറെക്കാലമായി സര്‍ക്കാരുകള്‍ ലക്ഷ്യമിടുന്ന കാര്യം. വരുമാനം കുറയുകയും ചെലവ് കുറയ്ക്കുകയും ചെയ്താല്‍ അത് സമ്പദ് വ്യവസ്ഥയിലെ പണത്തിന്റെ അളവ് കുറയ്ക്കും. ഇത് കൂടുതല്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഫെബ്രുവരി ഒന്നിന് ബജറ്റില്‍ ഇതിനൊക്കെ എന്ത് പരിഹാര നിര്‍ദ്ദേശങ്ങളാണ് മോദി സര്‍ക്കാർ മുന്നോട്ടുവെയ്ക്കുന്നതെന്നതാണ് പ്രധാനം. രണ്ടാം മോദിസർക്കാരിൻ്റെ രണ്ടാം ബജറ്റാണ് അടുത്തമാസം ഒന്നിന് അവതരിപ്പിക്കുന്നത്.


Next Story

Related Stories