TopTop
Begin typing your search above and press return to search.

വിശ്വാസത്തിന്റെ പേരില്‍ ആളെ കൂട്ടുന്നവര്‍ കുടുങ്ങും, കോവിഡ് 19 വിലക്ക് ലംഘിച്ച നിരവധി ആരാധനാലയങ്ങള്‍ക്കെതിരെ കേസ്

വിശ്വാസത്തിന്റെ പേരില്‍ ആളെ കൂട്ടുന്നവര്‍ കുടുങ്ങും, കോവിഡ് 19 വിലക്ക് ലംഘിച്ച നിരവധി ആരാധനാലയങ്ങള്‍ക്കെതിരെ കേസ്

ലോകമെമ്പാടും കോവിഡ് 19 നെ പ്രതിരോധിക്കാൻ സാധ്യമായ എല്ലാ വഴികളും തേടി പ്രവർത്തിക്കുകയാണ്. രോഗ വ്യാപനം തടയാൻ സാമൂഹ്യ നിയന്ത്രണങ്ങൾ മാത്രമാണ് വഴിയെന്ന് വിദഗ്ദർ തന്നെ വ്യക്തമാക്കുന്നു. കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈന മുതൽ മൂന്ന് രോഗികളെ ആദ്യ ഘട്ടത്തിൽ ചികിൽസിച്ച് സുഖപ്പെടുത്തിയ കേരളം വരെ അത് തെളിയിക്കുകയും ചെയ്തു. സാമൂഹിക വ്യാപനം തടയുന്നതിൽ വന്ന പിഴവായിരുന്നു ഇറ്റലിയും ഇറാനും ഇന്ന് അനുഭവിക്കുന്ന വലിയ ദുരന്തത്തിന് കാരണമായതും.

കേരളത്തിൽ രണ്ടാമതും രോഗം സ്ഥീരീകരിച്ചതിന് പിന്നാലെ നേരിട്ട വലിയ വെല്ലുവിളിയായിരുന്നു രോഗം ബാധിച്ചവരുടെ സമൂഹത്തിലുള്ള ഇടപെടൽ. പിന്നാലെ സർക്കാർ‌ നിയന്ത്രണങ്ങളും കർശനമാക്കി. ആരാധനാലയങ്ങളിലെ ആള്‍ക്കൂട്ടങ്ങളും വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളും ഒഴിവാക്കണണെന്ന് ഇതിനോടകം തന്നെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആശ്യപ്പെട്ടു. വിവിധ ക്ഷേത്രങ്ങൾ, മുസ്ലീം-ക്രിസ്ത്യന്‍ പള്ളികൾ എന്നിവയെല്ലാം ഇത്തരം പരിപാടികൾ ഒഴിവാക്കി.

കേരളത്തിൽ രോഗ വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിക്കഴിഞ്ഞു ഇതിനോടകം തന്നെ വിദഗ്ദർ. ഒരു ചെറിയ പാളിച്ച വലിയ രോഗ വ്യാപനത്തിന് കാരണമാവുമെന്ന് തന്നെയാണ് ഇവർ നൽകുന്ന സൂചനകൾ. എന്നാൽ ഈ സാഹചര്യത്തിൽ തന്നെയാണ് കടുത്ത നിർ‌ദേശങ്ങൾ മറികടന്ന് സംസ്ഥാനത്തെ ചില ക്ഷേത്രങ്ങളിലും പള്ളികളിലും വിശ്വാസികൾ മുൻകരുതൽ ഒന്നും സ്വീകരിക്കാതെ തന്നെ ഒത്ത് ചേർ‌ന്നത്. ഇതോടെ പോലീസുൾപ്പെടെയുള്ള അധികൃതരും ഇത്തരം നീക്കങ്ങൾക്കെതിരെ നടപടി ആരംഭിച്ചിരിക്കുകയാണ്.

കണ്ണൂരിലെ ‌തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ഭാരവാഹികൾക്കെതിരെയും കണ്ടാലറിയുന്ന ആയിത്തോളം പേർക്കും എതിരെയാണ് ഇതിൽ ഒരു നടപടി. സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് എണ്ണൂറിലധികം പേരെ പങ്കെടുപ്പിച്ച് ഉത്സവം സംഘടിപ്പിച്ചെന്ന സംഭവത്തിലാണ് നടപടി. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാതെ തിങ്ങിക്കൂടിയെന്ന വ്യക്തമാക്കി തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ടിടികെ ദേവസ്വത്തിന്റെ നിയന്ത്രണത്തിലുള്ള തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ സമാപനമായ കൂടിപ്പിരിയല്‍ ചടങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ നിയന്ത്രണം കണക്കിലെടുക്കാതെ നിരവധി പേര്‍ ചടങ്ങിനെത്തി.

ഇതോടെയാണ് അധികൃതർ നടപടിയെടുക്കാൻ നിർബന്ധിതരായത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കെസെടുത്തതെന്നാണ് പോലീസ് നൽകുന്ന വിവരം. കൂടിപ്പിരിയല്‍ ചടങ്ങ് 2ന് ആരംഭിച്ച് 4 ന് ഇടയില്‍ അവസാനിപ്പിക്കണമെന്ന് പൊലിസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. പതിനായിരത്തിലേറെ പേര്‍ പങ്കെടുക്കാറുള്ള കൂടിപ്പിരിയല്‍ ചടങ്ങ് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ക്ഷേത്രഭാരവാഹികള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ പരിപാടിയിലേക്കാണ് വലിയ ജനക്കൂട്ടം എത്തിയത്. ഇതിന്റെ ഫോട്ടോകളും പുറത്ത് വന്നിരുന്നു.

കോവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തിൽ ലഘൂകരിക്കാൻ നിർദേശം ഉണ്ടായിരുന്നെങ്കിലും മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും കഴിഞ്ഞ ദിവസം നടന്ന ആറാട്ട് ഉൽസവത്തിൽ പങ്കെടുത്തത് വലിയം ആൾക്കുട്ടമായിരുന്നു. നേരത്തെ ഉത്സവം ലഘൂകരിക്കാൻ ഉപദേശക സമിതി വിളിച്ചു ചേർത്ത പൊതുയോഗത്തിൽ തീരുമാനം ആയിരുന്നു. ആചാര പ്രകാരം ക്ഷേത്ര ചടങ്ങുകൾ, ആറാട്ട്, തിരുവാഭരണ ഘോഷയാത്ര എന്നിവ ലളിതമായ രീതിയിൽ നടത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായി വൻ ജനക്കൂട്ടമായിരുന്നു ഇവിടെ തടിച്ച് കൂടിയത്.

ഇതോടൊപ്പം തന്നെയാണ് പിലാത്തറ ജുമാ മജ്സിദ് ഭാരവാഹികൾക്കെതിരെയുള്ള പോലീസ് നടപടി. ആൾക്കൂട്ടം നിയന്ത്രിക്കണമെമന്ന നിർദ്ദേശങ്ങൾ ലംഘിച്ച് 500 ഓളം പേരെ സംഘടിപ്പിച്ച് ജുമാ നമസ്കാരം നടത്തിയതിനാണ് പള്ളി അധികൃതർക്കെതിരെ കേസ്. ഇതിന് പുറമെ മലപ്പുറം പൊന്നാനിയിൽ ഉമ്ര കഴിഞെത്തിയവരുമായി ചേർന്ന് സ്വലാത്ത് കൂട്ടപ്രാർഥന നടത്തിയ സംഭവത്തിലും പോലീസ് കേസെടുത്തു. കല്പറ്റയിൽ 200 ഓളം പേരെ പങ്കെടിപ്പിച്ച് ജുമാ നമസ്കാരം നടത്തിയ പള്ളിക്കമ്മറ്റിക്കെതിരെയും നിയമ നടപടിയുണ്ടാവും.

കോട്ടയം തലയോലപ്പറമ്പിലും കാസറഗോഡ് രാജപുരത്ത് വൈദികർക്കെതിരെയും നടപടി സ്വീകരിച്ചു. സർക്കാർ നിർദ്ദേശം ലംഘിച്ച് കുർബാന സംഘടിപ്പിച്ചതിനാണ് നടപടി. കൂടാതെ നിർദ്ദേശങ്ങൾ ലംഘിച്ച് ഗൃഹ പ്രവേശന പരിപാടി നടത്തിയതിന് കോഴിക്കോട്ട് ഗൃഹനാഥനെതിരെ കേസെടുത്തതായും റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമെ നിരീക്ഷണത്തിൽ കഴിയാതെ പുറത്തിറങ്ങി നടന്ന 100 ഓളം പേർക്കെതിരെ കേസ് എടുത്തതായും റിപ്പോർട്ടുകളുണ്ട്. കൊറോണ നിരീക്ഷണത്തിലിരിക്കെ സമൂഹത്തിൽ ഇടപ്പെട്ട ഒരു വ്യക്തി കാസറഗോഡ് ഉണ്ടാക്കിയിട്ടുള്ള ആശങ്ക ഇതിനോടകം എല്ലാവരും തിരിച്ചറിഞ്ഞ് കഴിഞ്ഞു. പത്തനംതിട്ടയിൽ സംഭവിച്ചതും മറിച്ചായിരുന്നില്ല. ഇതിനെല്ലാം പുറമെയാണ് ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് മതിയായ വിവരങ്ങൾ നൽകാതിരിക്കുന്ന നടപടി. ചില നല്ല മാതൃകകളും നമുക്ക് മുന്നിലുണ്ട്. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ശബരിമല മുതൽ സൗദി അറേബ്യയിലെ മദീനയിൽ വരെ നിയന്ത്രണങ്ങൾ കർശനമാക്കുകയും തീർത്ഥാടകരെ നിയന്ത്രിക്കുകയും ചെയ്ത പശ്ചാത്തലം നിലനിൽക്കെയാണ് വിശ്വാസത്തിന്റെ പേരിൽ കേരളത്തിലെ ചിലയിടങ്ങളില്‍ ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്നത്. തിരുവുത്സവത്തിനായി ശബരിമല നട ഈ മാസം 28 ന് തുറക്കുമെങ്കിലും ഇത്തവണ ആചാരപരമായ ചടങ്ങുകള്‍ മാത്രമെ ഉണ്ടാകൂവെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇതിനോടകം അറിയിച്ചു കഴിഞ്ഞു. ഇക്കാലയളവിൽ ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടായിരിക്കില്ല. ഏപ്രില്‍ ഏഴിന് പമ്പ തീരത്ത് നടക്കുന്ന ആറാട്ട് ചടങ്ങിലും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി അറിയിച്ചു. ഇക്കാര്യത്തിനായി എല്ലാ ഭക്തരുടെയും സഹകരണവും മന്ത്രി അഭ്യര്‍ഥിച്ചിരിക്കുകയാണ്. കേരളത്തിൽ ഏറ്റവും അധികം തീർത്ഥാടകരെത്തുന്ന ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭക്തർ കൂട്ടമായി വരുന്നതിന് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തിന്റെ ഭാഗമായ പള്ളിവേട്ട, ആറാട്ട് തുടങ്ങിയ ചടങ്ങുകളിൽ ആൾക്കുട്ടം ഒഴിവാക്കാനാണ് നിർദേശം.

കൊവിഡ് 19 തിന്റെ പശ്ചാത്തലത്തിൽ ഉംറ തീർ‌ത്ഥാടനം പൂർണമായി നിർത്തിവച്ചിരിക്കുകയാണ് സൗദി അറേബ്യ. രാജ്യത്തെ പള്ളികളില്‍ ആനിശ്ചിത കാലത്തേക്ക് ജുമ ഉൾ‌പ്പെടെയുള്ള നമസ്കാരങ്ങളും നിർത്തിവച്ചിട്ടുണ്ട്. ആളൊഴിഞ്ഞ ഇറ്റലിയിലെ തെരുവിൽ തനിയെ നടക്കുന്ന പോപ്പിനെയും കഴിഞ്ഞ ദിവസങ്ങളിൽ ലോകം കണ്ടു. ക്രിസ്ത്യൻ ദേവാലയങ്ങളിൽ ചടങ്ങുകളിൽ കൊവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് മാറ്റിവയ്ക്കാനും മുതിർന്ന പുരോഹിതൻമാർ ആവശ്യപ്പെട്ട് കഴിഞ്ഞു. ചൈനയേക്കാൽ കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇറ്റലിയിൽ മരിച്ച പുരോഹിതരുടെ എണ്ണം 18 ആണെന്നാണ് കണക്കുകൾ. വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിൽ അന്ത്യ നിമിഷങ്ങള്‍ പിന്നിടുന്നവര്‍ക്ക് അന്ത്യ കൂദാശ നല്‍കാനെത്തിയവരായിരുന്നു ഇവർ. ഈ അനുഭവം മാത്രം മതി വിശ്വാസങ്ങൾക്ക് രോഗ ബാധ തടയുന്നതിൽ ഉള്ള പങ്ക് വ്യക്തമാവാൻ.

അയോധ്യയില്‍ നടത്താനിരുന്ന രാമ നവമി ആഘോഷങ്ങള്‍ ഒഴിവാക്കിയതാണ് മറ്റൊന്ന്. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ രണ്ടുവരെയായിരുന്നു ആഘോഷങ്ങള്‍ നടത്താനിരുന്നത്. ആയിരങ്ങളെ ഒരുമിച്ചുചേര്‍ത്ത് നടത്തുന്ന പരിപാടി കൊവിഡ് ഭീതി ഉയരുമ്പോൾ നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ആഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനമായെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഉത്തർപ്രദേശ് പോലൊരു സംസ്ഥാനത്ത് രോഗഭീഷണിക്കിടെ രാമ നവമി ആഘോഷങ്ങൾ നടന്നാൽ ഉണ്ടാകാമായിരുന്നു വലിയൊരു സമൂഹവ്യാപന ഭീഷണിക്ക് കൂടിയാണ് ഇതോടെ അയവ് വന്നത്. തിരുവനന്തപുരത്ത് മാർച്ച് 9 ന് നടന്ന ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി തടിച്ച് കൂടിയത് ലക്ഷക്കണക്കിന് വിശ്വാസികളാണ്. ഈ ചടങ്ങിന് ശേഷം രോഗ ബാധ ഉണ്ടായില്ലെന്നത് വലിയ ഭാഗ്യം മാത്രമാണെന്ന് തന്നെ കരുതേണ്ടിവരും.

ഇതിന് പുറമെയാണ് ക്ഷേത്രോല്‍സവങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ ഒതുങ്ങി നിന്നുകൊണ്ടുള്ള ചടങ്ങുകളായി ചുരുക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ശനിയാഴ്ച കൈക്കൊണ്ട തീരുമാനം. ക്ഷേത്രങ്ങള്‍ രാവിലെ 6 മണിമുതല്‍ 10 മണിവരെയും വൈകുന്നേരം 5.30 മുതല്‍ 7.30 വരെയും മാത്രമെ തുറക്കുകയുള്ളൂ. എല്ലാ പൂജകളും അപ്രകാരം ക്രമീകരിക്കണമെന്നും. മു‍ഴുവന്‍ ക്ഷേത്രജീവനക്കാര്‍ക്കും കൈയ്യുറകളും ,മാസ്കും നല്‍കുമെന്ന് അറിയിച്ചിട്ടുള്ള ദേവസ്വം ബോർഡ് ഹാന്‍ഡ് സാനിറ്റൈസര്‍ എല്ലാ ക്ഷേത്രങ്ങളിലും ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആഡിറ്റോറിയങ്ങളും കല്ല്യാണ മണ്ഡപങ്ങളും വിവാഹാവശ്യത്തിന് ബുക്ക് ചെയ്തശേഷം കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ വിവാഹം മാറ്റി വയ്ക്കേണ്ടിവന്നവര്‍ക്ക് ബുക്കിംഗ് തുക തിരികെ നല്‍കുന്നതിന് തീരുമാനമായിട്ടുണ്ട്.

ഇത്തരത്തിൽ വലിയ തോതിൽ ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം മുൻ‌കരുതൽ സ്വീകരിക്കാൻ സ്വമേധയാ തയ്യാറാവുമ്പോഴാണ് ചിലർ ഇതെനെയെല്ലാം തകിടം മറയ്ക്കാൻ ഉതകും വിധം മതത്തെയും വിശ്വാസങ്ങളെയും ഉപയോഗിക്കുന്നത്. മുന്ന് പേരിൽ ഉള്ള കൊറോണ വൈറസ് 3000 പേരിലേക്ക് വ്യാപിക്കാൻ ഒരാഴ്ചപോലും തികച്ച് വേണ്ടെന്നിരിക്കെയാണ് വലിയ പ്രതിരോധങ്ങളെ അശ്രദ്ധയുടെ പേരിലോ വിശ്വാസം എന്ന പേരിൽ മനപ്പൂർവ്വമോ തകർക്കാൻ ശ്രമിക്കുന്നത്. ലോകത്തെ കീഴടക്കിയ മഹാമാരിയെ കീഴടക്കാൻ ഒരു വ്യക്തിക്ക് കഴിയും. സമുഹത്തിന്റെ സുരക്ഷയ്ക്ക് ആൾക്കൂട്ടങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ ഒരോ വ്യക്തിയും തീരുമാനിക്കുമ്പോള്‍ കോവിഡ് 19 രോഗ വ്യാപനവും ഇല്ലാതാവും. അതിനായി സർക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങൾ അനുസരിക്കുക എന്നത് ഒരോ വ്യക്തിയുടെയും ഉത്തരവാദിത്വം കൂടിയായി മാറുകയാണ്.

Next Story

Related Stories