TopTop

കൊറോണ ലോക്ക് ഡൗണ്‍ - വീട്ടിലേയ്ക്ക് നടന്ന തൊഴിലാളികളെ പീഡിപ്പിച്ച് യുപി പൊലീസ്, പൊലീസില്‍ നിന്ന് രക്ഷിക്കണമെന്ന് മമതയോട് ബംഗാളി തൊഴിലാളികള്‍

കൊറോണ ലോക്ക് ഡൗണ്‍ - വീട്ടിലേയ്ക്ക് നടന്ന തൊഴിലാളികളെ പീഡിപ്പിച്ച് യുപി പൊലീസ്, പൊലീസില്‍ നിന്ന് രക്ഷിക്കണമെന്ന് മമതയോട് ബംഗാളി തൊഴിലാളികള്‍

കൊവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ഫാക്ടറി ഉടമ പുറത്താക്കിയത് മൂലം പോകാനിടമില്ലാതെ 80 കിലോമീറ്റര്‍ അകലെയുള്ള വീടുകളിലേയ്ക്ക് നടക്കേണ്ടി വന്ന തൊഴിലാളികളുടെ ദുരനുഭവം ഇന്നലെ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറ്റ് ഗതാഗതമാര്‍ഗങ്ങളില്ലാത്തതിനാല്‍ റോഡിലൂടെ നടന്നുപോകാന്‍ നിര്‍ബന്ധിതരായ തൊഴിലാളികള്‍ പൊലീസില്‍ നിന്ന് വ്യാപക പീഡനങ്ങളും അപമാനവുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഗുജറാത്തില്‍ രാജസ്ഥാന്‍ സ്വദേശികളായ കുടിയേറ്റ തൊഴിലാളികള്‍ ഗത്യന്തരമില്ലാതെ നടന്നുപോകേണ്ടി വന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഇന്ന് യുപി പൊലീസ് തൊഴിലാളികളോട് കാണിക്കുന്ന ക്രൂരതയുടെ വീഡിയോ പുറത്തുവന്നു. തൊഴിലാളികളെ റോഡില്‍ കൈകുത്തി നടത്തിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്.

യുപിയിലെ ബുദ്വാൻ ടൌണിലാണ് സംഭവമുണ്ടായത്. പൊലീസ് മേധാവി എ കെ ത്രിപാഠി സംഭവത്തിൽ ക്ഷമാപണം നടത്തി. പൊലീസുകാരുടെ നടപടി ലജ്ജാകരമാണെന്ന് ത്രിപാഠി പറഞ്ഞു.


പുറത്തിറങ്ങിയതിന് പൊലീസ് തല്ലുകയാണെന്നും രക്ഷിക്കണമെന്നും പറഞ്ഞ് കുടിയേറ്റ തൊഴിലാളികള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോയും വന്നിട്ടുണ്ട്. വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നേരത്തെ മമത പൊലീസിനെ ഇത്തരം നടപടികള്‍ പാടില്ലെന്ന് താക്കീത് ചെയ്തിരുന്നു.

കഴിക്കാന്‍ ഭക്ഷണമില്ലെന്നും വെള്ളം കിട്ടുന്നില്ലെന്നും പട്ടിണി കിടന്ന് മരിക്കുന്നതിനേക്കാള്‍ നല്ലത് ഏതെങ്കിലും അസുഖം ബാധിച്ച് മരിക്കുന്നതാണെന്നം ഡല്‍ഹിയിലെ ഫത്തേപൂര്‍ബേരിയിലുള്ള കുടിയേറ്റ തൊഴിലാളികള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.



വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ വെടിവച്ച് കൊല്ലാന്‍ പൊലീസിന് അനുമതി നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്. കമ്പനികളും ഫാക്ടറികളും തൊഴിലാളികളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും പകരം താമസ സൗകര്യം ഒരുക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത് പോലെ വീടുകളിലേയ്ക്ക് മടങ്ങാതെ താമസിക്കുന്ന സ്ഥലത്ത് തന്നെ തുടരാന്‍ കഴിയാത്ത അവസ്ഥയിലാണ് വലിയൊരു വിഭാഗം തൊഴിലാളികള്‍. ഇവര്‍ക്ക് പകരം സൗകര്യങ്ങളൊരുക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങളൊന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികളേയും സ്വന്തമായി വീടില്ലാത്തവരേയും മറ്റും കണക്കിലെടുക്കാതെയുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപനമാണ് പ്രധാനമന്ത്രി നടത്തിയത് എന്ന വിമര്‍ശനം ശക്തമാണ്.


Next Story

Related Stories