TopTop
Begin typing your search above and press return to search.

കൊറോണയ്ക്ക് പ്ലാസ്മ ചികില്‍സ ലഭിച്ച രോഗി മുംബൈയില്‍ മരിച്ചു

കൊറോണയ്ക്ക് പ്ലാസ്മ ചികില്‍സ ലഭിച്ച രോഗി മുംബൈയില്‍ മരിച്ചു

മഹാരാഷ്ട്രയില്‍ കോവിഡ് 19 ബാധിച്ച് ഗുരതരാവസ്ഥയിലായതിനെ തുടർന്ന് പ്ലാസ്മ ചികില്‍സ നല്‍കിയ രോഗി മരിച്ചു. സംസ്ഥാനത്ത് പ്ലാസ്മ ചികില്‍സ ആദ്യമായി നല്‍കിയത് ഇദ്ദേഹത്തിനായിരുന്നു. ബാന്ദ്ര ലീലാവതി ആശുപത്രിയിലായിരുന്നു പ്ലാസ്മ ചികില്‍സ നല്‍കിയത്. കഴിഞ്ഞ 10 ദിവസമായി വെന്റിലേറ്ററിലായിരുന്നു ഇദ്ദേഹം

കഴിഞ്ഞ ശനിയാഴ്ചയാണ് ഇദ്ദേഹത്തിന് രോഗം മാറിയ വ്യക്തിയുടെ പ്ലാസ്മ ഉപയോഗിച്ച് ചികില്‍സ നടത്തിയത്. എന്നാല്‍ രോഗാവസ്ഥയില്‍ ഒരു മാറ്റവും ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി സിഒഒ ഡോ. വി രിവശങ്കര്‍ പറഞ്ഞു. എന്നാല്‍ ഇതു മൂലം പ്ലാസ്മ ചികില്‍സ നിര്‍ത്തിവെക്കില്ലെന്നാണ് സൂചന. മഹാരാഷ്ട്രയിലെ കൂടുതല്‍ ആശുപത്രികള്‍ പ്ലാസ്മ ചികില്‍സയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് രോഗിയുടെ മരണം. നേരത്തെ ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്ലാസ്മ ചികില്‍സ വ്യാപകമാക്കുന്നതിന് വേണ്ടി രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്ലാസ്മ ചികില്‍സ കോവിഡ് 19 ന് ഫലപ്രദമാണെന്ന് കരുതാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ അതിനെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമായിരുന്നില്ല സര്‍ക്കാര്‍ സ്വീകരിച്ചത്. ഇക്കാര്യത്തെക്കുറിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഈ ആഴ്ച വിശദമായ പഠനം നടത്തും. അതിന് ശേഷമായിരിക്കും പ്ലാസ്മ ചികില്‍സ സംബന്ധിച്ച് അന്തിമമായ തീരുമാനമെടുക്കുക. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഇന്നലെ മാത്രം 583 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ രോഗികള്‍ ഇന്നലെവരെയുള്ള കണക്കനുസരിച്ച് 10498 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27 പേരാണ് മരിച്ചത്. ധാരവിയില്‍ മാത്രം ഇന്നലെ 25 പേര്‍ക്കാണ് രോഗം ഉണ്ടെന്ന കാര്യം ഉറപ്പിച്ചത്ഗുജറാത്തിലും സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 4395 ആയി. ഇന്നലെ മാത്രം 17 പേര്‍ മരിച്ചു. സംസ്ഥാനത്ത് ആകെ മരിച്ചത് 214 പേരാണ്. അഹമ്മദ്ബാദ്, സൂറത്ത് എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. മധ്യപ്രദേശിലും രോഗികളുടെ എണ്ണം കൂടുകയാണ്. ഇവിടെ 130 പേരാണ് ഇതുവരെ മരിച്ചത്. രാജ്യത്ത് ഇന്നലെ പുറത്തുവിട്ട കണക്ക് പ്രകാരം 33610 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 1075 പേര്‍ മരിച്ചു. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മറ്റന്നാള്‍ അവസാനിക്കും. ഹോട്‌സ്‌പോട്ടുകളുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരുമെന്നാണ് സൂചന. മറ്റിടങ്ങളില്‍ ഇളവ് വരുത്തിയേക്കും.


Next Story

Related Stories