TopTop
Begin typing your search above and press return to search.

2 മണിക്കൂറില്‍ കൊവിഡ് ടെസ്റ്റ് ഫലം നല്‍കുന്ന കിറ്റ് വികസിപ്പിച്ചെടുത്ത് ശ്രീചിത്ര; ചെലവ് നാലിലൊന്നായി കുറയും

2 മണിക്കൂറില്‍ കൊവിഡ് ടെസ്റ്റ് ഫലം നല്‍കുന്ന കിറ്റ് വികസിപ്പിച്ചെടുത്ത് ശ്രീചിത്ര; ചെലവ് നാലിലൊന്നായി കുറയും

രണ്ട് മണിക്കൂര്‍ സമയത്തിനുള്ളില്‍ കോവിഡ്-19 ടെസ്റ്റ് ഫലം ലഭിക്കുന്ന സംവിധാനം (Chitra GeneLAMP-N) വികസിപ്പിച്ചെടുത്ത് ശ്രീ ചിത്തിര തിരുനാള്‍ മെഡിക്കല്‍ സെന്ററിലെ ശാസ്ത്രജ്ഞര്‍. രോഗകാരണമാകുന്ന വൈറസിന്റെ 'എന്‍ ജീന്‍' കണ്ടെത്തുന്നതാണ് ഈ നൂതനമായ വിദ്യ. ആര്‍ടി ലാംപ് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ടെസ്റ്റ് കിറ്റ് ആണ് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് ശ്രീചിത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലാദ്യമായാണ് എന്‍ ജീന്‍ കണ്ടെത്താന്‍ ആര്‍ടി ലാംപ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ചൈന, ജര്‍മനി, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ പിസിആര്‍ ഉപയോഗിച്ചാണ് എന്‍ജീന്‍ പരിശോധന നടത്തുന്നത്. ‌

ഇന്ത്യയില്‍ നിലവില്‍ ലോകാരോഗ്യസംഘടനയുടെ പ്രോട്ടോകോളനുസരിച്ച് ഇ ജീനിലാണ് പരിശോധന നടത്തിവരുന്നത്. ഇത് പൊസിറ്റീവായാലും ഒരു സ്ഥിരീകരണ ടെസ്റ്റു കൂടി നടത്തേണ്ടതായി വരും. എന്നാല്‍ എന്‍ ജീനിലുള്ള പരിശോധനാഫലം പൂര്‍ണസ്ഥിരീകരണം നല്‍കുന്നു. പിസിആര്‍ ഉപയോഗിച്ചുള്ള എന്‍ ജീന്‍ ആംപ്ലിഫിക്കേഷന് രണ്ട് മണിക്കൂര്‍ സമയമെടുക്കും. എന്നാല്‍ ആര്‍ടി ലാംപ് ഉപയോഗിച്ചുള്ള ജീന്‍ ആംപ്ലിഫിക്കേഷന്‍ പത്തു മിനിറ്റ് കൊണ്ട് നടക്കും. ഇക്കാരണത്താല്‍ തന്നെ വളരെ വേഗത്തില്‍ റിസള്‍ട്ട് കൊണ്ടുവരാന്‍ സാധിക്കും.

ഒരു സാധാരണ ലാബ് ടെക്നീഷ്യനു വരെ ഈ കിറ്റ് ഉപയോഗിച്ച് കൊറോണ ടെസ്റ്റ് നടത്താന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. നിലവിലെ ടെസ്റ്റിങ് സംവിധാനത്തിന് 4500 രൂപ ചെലവുണ്ട്. ഈ കിറ്റിന് 1000 രൂപയേ ചെലവ് വരൂ. ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആഷാ കിഷോര്‍, ഡോ. ഹരികൃഷ്ണ വര്‍ണ, ഡോ. അനൂപ് കുമാര്‍, ശാസ്ത്രജ്ഞരായ അമല്‍ വില്‍സണ്‍, സ്വാതി എസ് നായര്‍, രസിത എന്നിവരടങ്ങുന്ന ഗവേഷകരാണ് ഈ കിറ്റ് വികസിപ്പിച്ചെടുത്തത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന് ഈ ഗവേഷണഫലം അയച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള അനുമതി ലഭിച്ചാലുടനെ വാണിജ്യാടിസ്ഥാനത്തില്‍ കിറ്റ് വികസിപ്പിച്ചെടുക്കും.

"ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെയാണ് ഐസിഎംആര്‍ ഈ ഉപകരണത്തെ പരിശോധിക്കാന്‍ ഏല്‍പ്പിച്ചിട്ടുള്ളത്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഇതിനായി ലൈസന്‍സ് നല്‍കിയിട്ടുണ്ട്. 100 ശതമാനവും ഈ കിറ്റ് വിജയമാണെന്ന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിട്ടുണ്ട്."

ഒറ്റ ബാച്ചില്‍ 30 സാമ്പിളുകള്‍ വരെ ടെസ്റ്റ് ചെയ്യാമെന്നതാണ് മറ്റൊരു നേട്ടം. ടെസ്റ്റിങ് സംവിധാനം വളരെ എളുപ്പത്തില്‍ നിര്‍മിച്ചെടുക്കാനും സാധിക്കും. ജില്ലാ ആശുപത്രികളിലെ ലബോറട്ടറികളില്‍പ്പോലും ഇവ സ്ഥാപിക്കാനാകും.


Next Story

Related Stories