രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. അതേസമയം കഴിഞ്ഞ രണ്ടു മാസത്തിനിടെ കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവാണുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്കയ്ക്ക് ശേഷം കോവിഡ് ബാധിതര്‍ ഒരു കോടി പിന്നിടുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അതേസമയം ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുമ്പോഴും യൂറോപ്പിലും അമേരിക്കയിലുമടക്കം ഈ ഘട്ടത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു. യുഎസില്‍ രണ്ടു മുതല്‍ രണ്ടര ലക്ഷം വരെയാണ് ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ വര്‍ധന. ബ്രസീലില്‍ ഇത് അരലക്ഷത്തോളമാണ്. യുകെ, ഇറ്റലി, റഷ്യ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ 20000 ത്തോളം കേസുകള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
രോഗമുക്തിയില്‍ ലോക രാജ്യങ്ങള്‍ക്ക് തന്നെ മുന്നിലാണ് ഇന്ത്യ. 95 ശതമാനത്തില്‍ അധികം പേര്‍ക്ക് രോഗമുക്തിയുണ്ട്. രോഗികളുടെ എണ്ണം 80 ലക്ഷത്തില്‍ നിന്ന് 90 ലക്ഷമായി കടന്നത് 22 ദിവസം കൊണ്ടാണെങ്കില്‍, 90 ലക്ഷത്തില്‍ നിന്നും ഒരു കോടിയില്‍ എത്തുന്നത് 28 ദിവസം കൊണ്ടാണ്.
സെപ്റ്റംബര്‍ മധ്യമാണ് ഇന്ത്യയില്‍ ഏറ്റവും മോശം കാലഘട്ടം. ഈ ഘട്ടത്തില്‍ രാജ്യത്ത് ഒരു ദിവസം 90,000 ത്തിന് മുകളിലായിരുന്നു പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി രാജ്യത്ത് പിന്നീട് പുതിയ കേസുകളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയായിരുന്നു. സെപ്റ്റംബര്‍ മൂന്നാംവാരത്തില്‍ 10 ലക്ഷത്തിലധികമായിരുന്നു സജീവമായ കേസുകളെങ്കില്‍ ഇപ്പോള്‍ അത് വെറും മൂന്ന് ലക്ഷം മാത്രമാണ്. കോവിഡിനെ തുടര്‍ന്നുള്ള മരണത്തിലും കുറവുണ്ടായിട്ടുണ്ട്. സെപ്റ്റംബറില്‍ രാജ്യത്താകമാനം ആയിരത്തിലധികം മരണങ്ങള് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും നിലവിലത് 400-ല്‍ താഴെയാണ്. ഇതുവരെയായി 1.44 ലക്ഷം പേരാണ് രാജ്യത്ത് കോവിഡ് ബാധിതരമായി മരിച്ചത്. മറ്റ് സംസഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് ഇപ്പോള്‍ കോവിഡ് കേസുകള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്നത്.