TopTop
Begin typing your search above and press return to search.

കോവിഡ്: കേരളം അശ്രദ്ധക്ക് വില കൊടുക്കുന്നു; മറ്റു സംസ്ഥാനങ്ങള്‍ കേരളത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍

കോവിഡ്: കേരളം അശ്രദ്ധക്ക് വില കൊടുക്കുന്നു; മറ്റു സംസ്ഥാനങ്ങള്‍ കേരളത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനുപിന്നാലെ മികച്ച രീതിയില്‍ രോഗനിയന്ത്രണം സാധ്യമാക്കിയ കേരളത്തിന്റെ പ്രതിരോധ നടപടികളില്‍ വീഴ്ചയുണ്ടായി. ആ അശ്രദ്ധയ്ക്കാണ് ഇപ്പോള്‍ വില നല്‍കേണ്ടിവന്നിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങള്‍ ഇത് കണ്ടു പഠിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ ആരോഗ്യമേഖയിലെ സാഹചര്യങ്ങള്‍ അവലോകനം ചെയ്യുന്ന സണ്‍ഡേ സംവാദ് എന്ന സമൂഹമാധ്യമ പരിപാടിയിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം. കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം പരിശോധിക്കാന്‍ ഒരു കേന്ദ്ര സംഘത്തെ സംസ്ഥാനത്തേക്ക് അയയ്ക്കാന്‍ ഇന്നലെ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ വിമര്‍ശനം.

കേരളത്തില്‍ ഓണക്കാലത്ത് വലിയ അശ്രദ്ധയുണ്ടായി. ആളുകള്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി. മതിയായ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നില്ല. അത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിപ്പിച്ചു. ജനുവരി 30നും മെയ് മൂന്നിനുമിടയില്‍ 499 കോവിഡ് കേസുകളും രണ്ട് മരണവുമാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ഏതാനും ജില്ലകളില്‍ മാത്രമായിരുന്നു കോവിഡ് ഭീഷണി നിലനിന്നിരുന്നത്. സംസ്ഥാനത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രകള്‍ പുനരാരംഭിച്ചതും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. കടുത്ത അശ്രദ്ധയുടെ വിലയാണ് സംസ്ഥാനം നല്‍കുന്നത്. ഓരോ സംസ്ഥാനവും കേരളത്തിന്റെ അവസ്ഥയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. അതിനുപിന്നാലെ സംസ്ഥാനം സ്വീകരിച്ച പ്രതിരോധ നടപടികളെ മന്ത്രി പ്രശംസിച്ചിരുന്നു.

ജനുവരി 30നാണ് സംസ്ഥാനത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അവിടെനിന്ന് 203 ദിവസങ്ങള്‍കൊണ്ടാണ് കോവിഡ് രോഗികളുടെ എണ്ണം 50,000 എത്തിയത്. അത്രത്തോളം ശക്തമായ പ്രതിരോധ നടപടികളിലൂടെയാണ് സംസ്ഥാനം കോവിഡ് വ്യാപനത്തെ നിയന്ത്രിച്ചത്. എന്നാല്‍ അടുത്ത 50,000 രോഗികളിലേക്ക് 23 ദിവസം കൊണ്ട് എത്തിച്ചേര്‍ന്നു. ഈമാസം 13ന് സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. നിലവില്‍ രാജ്യത്ത് കൂടുതല്‍ പ്രതിദിന രോഗബാധിതരുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഒരുഘട്ടത്തില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 10,000 കവിഞ്ഞിരുന്നു. സമ്പര്‍ക്ക രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇന്നലെ 9,016 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 96,004 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. 2,36,989 പേര്‍ കോവിഡ് മുക്തരായി. കോവിഡ് മരണം 1139 ആയി ഉയര്‍ന്നു. 2,76,900 പേരാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം, കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം രോഗമുക്തരുടെ നിരക്ക് വര്‍ധിക്കുന്നതും മരണനിരക്ക് താഴ്ന്നുനില്‍ക്കുന്നതും കേരളത്തിന് ആശ്വാസമാണെന്നാണ് സര്‍ക്കാര്‍ വാദം.


Next Story

Related Stories