TopTop
Begin typing your search above and press return to search.

ആ ഭീകരതയിലേക്കുള്ള ഒരു ചൂണ്ടുപലകയാണ് ഹത്രാസ്, സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി ഇന്ത്യ മാറുന്നോ? കണക്കുകള്‍ പറയുന്നത് ഇതാണ്

ആ ഭീകരതയിലേക്കുള്ള ഒരു ചൂണ്ടുപലകയാണ് ഹത്രാസ്, സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി ഇന്ത്യ മാറുന്നോ? കണക്കുകള്‍ പറയുന്നത് ഇതാണ്


പത്തൊമ്പത് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി നഗ്നയാക്കപ്പെട്ട് നാവ് മുറിഞ്ഞ് ചോരയൊലിപ്പിച്ച് നട്ടെല്ല് തകര്‍ന്ന നിലയില്‍ വീടിനടുത്തുള്ള കൃഷിയിടത്തില്‍ നിന്നും കണ്ടെത്തുന്നു. തുടക്കത്തില്‍ പ്രാദേശിക മാധ്യമങ്ങളില്‍ മാത്രം വാര്‍ത്തയായ ഈ സംഭവം രണ്ടാഴ്ചയ്ക്ക് ശേഷം പെണ്‍കുട്ടി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയതോടെ ദേശ വ്യാപകമായി വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന ഈ സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചു.

ഇക്കഴിഞ്ഞ സെപ്തംബര്‍ 14നാണ് അമ്മയോടൊപ്പം വയലിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതായത്. സവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ട നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം കുട്ടിയുടെ കഴുത്ത് ഞെരിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. ഗുരുതരമായ പരിക്കുകള്‍ പറ്റിയ അവള്‍ ശരീരം ആകെ തളര്‍ന്ന അവസ്ഥയിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. സെപ്തംബര്‍ 29നാണ് ചികിത്സിയിലിരിക്കെ അവള്‍ മരണത്തിന് കീഴടങ്ങിയത്. ബന്ധുക്കളെ പോലും കാണിക്കാതെ പുലര്‍ച്ചെ രണ്ടരയ്ക്ക് പോലീസ് തന്നെ മൃതദേഹം സംസ്‌കരിച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. ലക്നൌ കോടതി സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. ഇതിനിടെ ഹത്രാസ് ജില്ലയില്‍ ആദിത്യ നാഥ് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ പെണ്‍കുട്ടിയുടെ ഗ്രാമം പുറംലോകത്തില്‍ നിന്നും ഒറ്റപ്പെട്ട അവസ്ഥയിലായി. ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയിലെ നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഗ്രാമം എന്നാണ് ഹത്രാസിനെക്കുറിച്ച് ദ വയര്‍ എന്ന വെബ്‌സൈറ്റ് വിശേഷിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിലനിന്ന നിയമങ്ങളാണ് ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടി ഉള്‍പ്പെടുന്ന വാല്‍മീകി വിഭാഗത്തിലെ ജനങ്ങളാണ് ഇവിടെ ജാതിവ്യവസ്ഥയുടെ ഇരകളാകുന്നതിലധികവും.

അതോടൊപ്പം കോവിഡ് കാലത്ത് രാജ്യത്ത് അതിഭീകരമായി വര്‍ധിച്ച ദുര്‍ബല വിഭാഗത്തിന് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ചിന്തിക്കാനും ഈ സംഭവം നമ്മെ പ്രേരിപ്പിക്കുകയാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ഇക്കാലത്ത് ക്രമാതീതമായി വര്‍ധിച്ചുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കുറ്റകൃത്യങ്ങളുടെ കണക്കുകളും പുറത്തുവന്നിട്ടുണ്ട്. 2019 വരെയുള്ള കണക്കുകളാണ് അവര്‍ പുറത്തുവിട്ടത്. 2018നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 7.8 ശതമാനം വര്‍ധനവാണ് സ്ത്രീകളുടെ നേരെയുള്ള അക്രമ കേസുകളുടെ എണ്ണത്തില്‍ രാജ്യത്തുണ്ടായതെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബലാത്സംഗക്കേസുകളില്‍ 7.3 ശതമാനം വര്‍ധനവുണ്ടായി.

2017 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരികയാണ്. രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 61.3 ശതമാനവും സ്ത്രീകള്‍ക്കെതിരായതാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ 29 സംസ്ഥാനങ്ങളിലായി ആകെ 3,45,989 കുറ്റകൃത്യങ്ങളാണ് സ്ത്രീകള്‍ക്കെതിരെ നടന്നത്. 2018ല്‍ ഇത് 3,63,776ഉം 2019ല്‍ 3,91,601ഉം ആയിരുന്നു. ഹത്രാസ് സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശാണ് ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. 2017ല്‍ 56,011ഉം 2018ല്‍ 59,445ഉം 2019ല്‍ 59,853ഉം ആയിരുന്നു ഇത്. അതേസമയം ബലാത്സംഗത്തിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. 32,260 സ്ത്രീകള്‍ ഈ വര്‍ഷം രാജ്യത്ത് ആകെ ബലാത്സംഗം ചെയ്യപ്പെട്ടു. അതില്‍ 27,283 പേര്‍ പ്രായപൂര്‍ത്തിയായവരും 4977 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരും ആണ്. 3065 പേരാണ് ഉത്തര്‍പ്രദേശില്‍ ബലാത്സംഗങ്ങള്‍ക്ക് ഇരയായത്. എന്നാല്‍ ആ കണക്കില്‍ രാജസ്ഥാന്‍ ആണ് മുന്നില്‍. 6051 പേര്‍. 34 പേര്‍ ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തില്‍ കൊല്ലപ്പെട്ടു. ബലാത്സംഗക്കേസുകളില്‍ 1,45,632 എണ്ണം വിചാരണ പൂര്‍ത്തിയാകാത്തവയാണ്. രാജ്യത്തെ 89.5 ശതമാനം ബലാത്സംഗ കേസുകളും പെന്‍ഡിംഗില്‍ ആണ്. 27.8 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഉത്തര്‍പ്രദേശില്‍ 1,99,553 കേസുകള്‍ വിചാരണ പൂര്‍ത്തിയായിട്ടില്ല. 11,748 സ്ത്രീകള്‍ക്കെതിരായ കേസുകളാണ് തെളിവില്ലാത്തതിനാല്‍ ഉത്തര്‍പ്രദേശില്‍ ഉപേക്ഷിക്കപ്പെട്ടത്. അന്തിമ റിപ്പോര്‍ട്ടിലെ വീഴ്ച മൂലം 2388 കേസുകള്‍ അവസാനിച്ചു. വസ്തുതകളിലെ പിശക് മൂലം 2991 കേസുകളാണ് അവസാനിപ്പിച്ചത്. അതേസമയം പോലീസ് തന്നെ അവസാനിപ്പിച്ച 61,366 കേസുകളാണ് ഉത്തര്‍പ്രദേശില്‍ ഉണ്ടായതെന്ന് കാണുമ്പോള്‍ ഇവിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് സമൂഹവും അതിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന പോലീസും എത്രമാത്രം ഗൗരവം കൊടുക്കുന്നുവെന്ന് മനസ്സിലാക്കാം. അതോടൊപ്പം 1,03,122 പ്രതികള്‍ക്കെതിരെ ചാര്‍ജ്ജ് ഷീറ്റ് ചുമത്തിയതില്‍ ആ സംസ്ഥാനത്ത് അറസ്റ്റിലായത് 83,582 പേര്‍ മാത്രമാണെന്നതും ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 15,579 പേര്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ 13,248 പേര്‍ കുറ്റവിമുക്തരായി. ബലാത്സംഗക്കേസുകളില്‍ 2,701 പേരാണ് ഉത്തര്‍പ്രദേശില്‍ ശിക്ഷിക്കപ്പെട്ടത്.

ഒരു ആണധികാര സമൂഹമായതിനാലാണ് രാജ്യത്തെ ഈ കണക്കുകള്‍ ഇത്രമാത്രം അധികമാകുന്നതെന്ന് അഭിഭാഷകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രശ്മിത രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. "കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7.3 ശതമാനം വര്‍ധനവാണ് സ്ത്രീകളുടെ നേരെയുള്ള അക്രമ കേസുകളുടെ എണ്ണത്തില്‍ രാജ്യത്തുണ്ടായതെന്ന് ആശങ്കയോടെ കാണേണ്ട കാര്യമാണ്. സമൂഹം മുന്നോട്ട് പോകുന്തോറും സ്ത്രീകളുടെ അവകാശങ്ങള്‍ സുരക്ഷിതമാക്കാനുള്ള നിയമങ്ങള്‍ കൂടുന്നുണ്ട്. പക്ഷേ, പലപ്പോഴും ഈ നിയമങ്ങള്‍ നടപ്പാക്കേണ്ട ഏജന്‍സികള്‍ക്ക് ഇതൊരു കുറ്റമാണെന്ന ബോധ്യം പോലും വരുന്നില്ല. ഉദാഹരണത്തിന് ഭാര്യയെ തല്ലുന്ന ഭര്‍ത്താവിനെതിരെയുള്ള കേസ് പോലീസ് സ്‌റ്റേഷനില്‍ ചെല്ലുമ്പോള്‍ ഭാര്യയുടെ ഭാഗത്തും തെറ്റുണ്ടെന്ന സമീപനത്തോടെയാണ് അവിടെയുണ്ടാകുന്നത്. ഭര്‍ത്താവ് ഭാര്യയെ തല്ലുമെന്ന് പറയുന്നത് വളരെ സ്വാഭാവികമായ ഒരു സംഭവം പോലെയാണ് അവര്‍ അത് കൈകാര്യം ചെയ്യുക. സ്ത്രീകള്‍ പോലും അതിനെ ഒരു തെറ്റായി കാണുന്നില്ല. മറിച്ച് സ്ത്രീ അതിനെതിരെ പ്രതികരിച്ചിട്ടുണ്ടെങ്കില്‍ അത് വളരെ അസ്വാഭാവികമായും കണക്കാക്കപ്പെടുന്നു. സ്ത്രീ, പുരുഷന്മാര്‍ കൂടുതലായി വീട്ടിലിരിക്കാന്‍ തുടങ്ങിയ കോവിഡ് കാലഘട്ടത്തില്‍ യുഎന്‍ അറ്റോണി ജനറല്‍ ഒരു പ്രസ്താവനയിറക്കിയിരുന്നു. എങ്ങനെയാണോ കോവിഡിനെ നേരിടുന്നത് അതേപോലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെയും നേരിടാന്‍ അംഗരാജ്യങ്ങള്‍ സജ്ജമായിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയില്‍ ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍മാനും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ വളരെയധികം കൂടുകയാണ് എന്നാണ് അവര്‍ പറഞ്ഞത്. ജോലിയും വരുമാനവുമില്ലാതെ വീട്ടില്‍ വെറുതെയിരിക്കുന്ന കാലഘട്ടത്തില്‍ നേരത്തെ രണ്ട് ചായ കുടിച്ചിരുന്നവര്‍ ഇപ്പോള്‍ അഞ്ചും ആറും ചായയാണ് കുടിക്കുന്നത്. കൂടുതലായി സ്ത്രീകള്‍ ഭക്ഷണം ഉണ്ടാക്കേണ്ടിവരികയും ചെയ്യുന്നു. അതിന്റെ കൂട്ടത്തില്‍ പീഡനങ്ങളുടെ അളവ് കണ്ടമാനം വര്‍ധിക്കുകയാണ് ചെയ്തത്. സ്ത്രീ, പുരുഷ ഇടപെടല്‍ കൂടുന്നിടത്തൊക്കെ ഇങ്ങനെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും കൂടുന്നുവെന്നത് പരിഷ്‌കൃത സമൂഹമെന്ന നമ്മുടെ അവകാശവാദത്തിന് എതിരാണ്." അവര്‍ വ്യക്തമാക്കി.

കേരളത്തില്‍ ആകെ 11,462 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെയും നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 62.7 ശതമാനവും സ്ത്രീകള്‍ക്കെതിരായതാണ്. ഇതില്‍ 2023 എണ്ണം ബലാത്സംഗങ്ങളാണ്. ബലാത്സംഗത്തില്‍ കൊലപാതകം സംഭവിച്ച 14 കേസുകള്‍ കേരളത്തിലുണ്ടായി. 70,573 കേസുകളില്‍ വിചാരണ തുടരുകയാണ്. കേരളത്തിലെ ആകെ കേസുകളില്‍ 13,342 പ്രതികള്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ അതില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായി. 13,682 പേരാണ് കേരളത്തില്‍ ഈ കേസുകളില്‍ അറസ്റ്റിലായത്. 683 പേരെയാണ് കേരളത്തില്‍ ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടു. 4,758 പേര്‍ കുറ്റവിമുക്തരായി. 1,043 പേരെ കേരളത്തില്‍ ബലാത്സംഗക്കേസുകളില്‍ ശിക്ഷിച്ചു.

കേരളത്തിന്റെ നമ്പറുകളും കൂടിനില്‍ക്കുന്നുണ്ടെങ്കിലും ഇവിടെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കണക്കുകളാണ് അതെന്ന് അഡ്വ. രശ്മിത ചൂണ്ടിക്കാട്ടി. "എന്തെങ്കിലും ഒരു സംഭവമുണ്ടായാല്‍ അപ്പോള്‍ തന്നെ അതിനെതിരെ ഇവിടെ പരാതി ഉണ്ടാകുന്നുണ്ട്. പിന്നെ അതിലെല്ലാം ലൈംഗിക അതിക്രമങ്ങള്‍ അല്ല. ഉദാഹരണത്തിന് കോവിഡ് കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനിലിരിക്കുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോള്‍ അവരോട് ക്ഷോഭിച്ച് സംസാരിക്കുന്ന സംഭവമുണ്ടായാല്‍ അത് വനിതാ ജീവനക്കാരോട് ആണെങ്കില്‍ ഉടന്‍ തന്നെ 364 വകുപ്പ് അനുസരിച്ചായിരിക്കും കേസെടുക്കുക. അവിടെ ചിലപ്പോള്‍ ലൈംഗികതയുമായി ചേര്‍ന്ന് യാതൊരു സംഭവവും ഉണ്ടായിട്ടുണ്ടാകില്ല. അത് കേസിനെ കൂടുതല്‍ ശക്തമാക്കാന്‍ വേണ്ടിയാണ്. പക്ഷെ, ഉത്തര്‍പ്രദേശിലും മറ്റും അതല്ല സ്ഥിതി. അവിടെയെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ കുറവാണ്. പ്രത്യേകിച്ചും ജാതിപീഡനങ്ങളുടെ കാര്യത്തില്‍ വരുമ്പോള്‍ അത് വളരെയധികം കുറവായിരിക്കും. എന്നിട്ട് പോലും അവിടുത്തെ നമ്പര്‍ അധികരിച്ച് നില്‍ക്കുകയാണ്." അവര്‍ വ്യക്തമാക്കി.

ഇതിന് മുമ്പ് രാജ്യത്ത് ഏറെ ചര്‍ച്ചയായത് ഡല്‍ഹിയിലെ നിര്‍ഭയ സംഭവം ആയിരുന്നു. അന്ന് വ്യാപകമായ പ്രതിഷേധം രാജ്യത്ത് ഉയര്‍ന്നതിനെ തുടര്‍ന്ന് നിയമം കര്‍ക്കശമാക്കാനുള്ള നീക്കങ്ങളും നടന്നു. എന്നാല്‍ അത്തരം നീക്കങ്ങളൊന്നും സമൂഹത്തിലും നിയമത്തിന്റെ ദൗര്‍ബല്യങ്ങളിലും യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതില്‍ നിന്നും മനസ്സിലാകുന്നത്. കേരളത്തില്‍ തന്നെ പെരുമ്പാവൂരില്‍ ജിഷ എന്ന യുവതി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് 2016ല്‍ ആണ്. അതായത് നിര്‍ഭയ സംഭവത്തിന് ശേഷം. കേരളത്തിലും ഒരു ലൈംഗിതിക്രമ കേസുകളിലും ഇരകള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് സാമൂഹിക പ്രവര്‍ത്തകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന സോണിയ ജോര്‍ജ്ജും അഴിമുഖത്തോട് പ്രതികരിച്ചു. സംവിധാനത്തിന്റെ പരിമിതികളാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. "സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം ഓരോ വര്‍ഷവും കൂടുകയാണെന്നാണല്ലോ ഈ കണക്കുകള്‍ കാണിക്കുന്നത്. ഇത്രയും സംവിധാനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞിട്ടും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുന്നത് സംവിധാനത്തിന്റെ ഇടപെടലിന്റെ പരിമി
തികളെയാണ് ചൂണ്ടിക്കാട്ടുന്നത്. നിര്‍ഭയ സമയത്തും ജസ്റ്റിസ് വര്‍മ്മ കമ്മിഷന്റെ സമയത്തും നമ്മള്‍ പറഞ്ഞത് സമൂഹത്തിന്റെ മൊത്തത്തിലുള്ള സമീപനം മാറാതെ ഉത്തരവ് മാത്രം കര്‍ക്കശമാക്കിയിട്ട് പ്രയോജനമില്ല എന്നാണ്. എല്ലാവര്‍ക്കും ഒരുപോലെ ജീവിക്കാനുള്ള അവകാശം ഇവിടെയുണ്ടെന്ന പരിതസ്ഥിതി വന്നാല്‍ മാത്രമേ നീതി ലഭിക്കുകയുള്ളൂ. ഹത്രാസില്‍ ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്ന് പറയാനാണ് സ്റ്റേറ്റ് ശ്രമിക്കുന്നത്. അധികാരം ഉപയോഗിച്ച് സവര്‍ണ്ണര്‍ക്ക് വേണ്ടി നിലകൊള്ളുകയാണ്. അതോടെ ഇരകളുടെ വിശ്വാസം നഷ്ടപ്പെടുകയാണ്. കേരളത്തില്‍ ഒരു ലൈംഗികാതിക്രമ കേസുകളിലും ഇരകള്‍ക്ക് നീതി ലഭിച്ചിട്ടില്ല. ഇത്തരം കേസുകള്‍ക്ക് പരാതിപ്പെടാനുള്ള പരിമിതികളാണ് ഇവിടെയുള്ളത്. അതുകൊണ്ട് തന്നെ ഒരു പൊളിച്ചെഴുത്ത് ഇവിടെ ആവശ്യമാണ്. കേസുകളില്‍ ഭരണകൂടം സമീപിക്കേണ്ട രീതികളും മനോഭാവവും എന്തൊക്കെയാണെന്ന തരത്തിലുള്ള വ്യത്യസ്തമായ ചര്‍ച്ചകളും ഇവിടെ ആവശ്യമാണ്. ഈ കേസുകളിലെ 95 ശതമാനം ഇരകള്‍ക്കും നീതി ലഭിച്ചിട്ടില്ല. ശിക്ഷ ലഭിച്ചാല്‍ തന്നെ പഴുതുകളുള്ള വകുപ്പുകള്‍ ചുമത്തി അവരെ രക്ഷപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ഒന്നോ രണ്ടോ വര്‍ഷം ശിക്ഷ കൊടുക്കുകയോ പിഴ അടച്ച് രക്ഷപ്പെടാവുന്ന സാഹചര്യമോ ആണുള്ളത്." സോണിയ ജോര്‍ജ്ജ് വ്യക്തമാക്കി.

സംസ്ഥാന തലത്തിലായാലും ദേശീയ തലത്തിലായാലും നിലനില്‍ക്കുന്ന പുരുഷാധിപത്യ പ്രവണതയാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ അടിസ്ഥാന കാരണമെന്നും രശ്മിത ചൂണ്ടിക്കാട്ടുന്നുണ്ട്. "നമ്മുടെ ഒരു വനിതാ മന്ത്രി തന്നെ ഇക്കാലത്ത് എന്തെല്ലാം അക്രമങ്ങള്‍ക്ക് ഇരയായി? ഇത് ഇന്ത്യയില്‍ മാത്രമുള്ള കാര്യമല്ല. അമേരിക്കന്‍ പ്രസിഡന്റ് ആണെങ്കിലും ഏറ്റവുമധികം വിവാദ പുരുഷനായിട്ടുള്ളത് സ്ത്രീകള്‍ക്കെതിരെയുള്ള അനാവശ്യ പരാമര്‍ശങ്ങളുടെ കാര്യത്തിലാണ്. സുപ്രിംകോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്യപ്പെട്ട ആളും ഇതേപോലെ സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ഇതേപോലെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള ആളാണ്. വിമോചന സമരകാലത്തെ ഇവിടുത്തെയൊരു മുദ്രാവാക്യം 'ഗൗരിച്ചോത്തി പെണ്ണല്ലേ, പുല്ലു പറിക്കാന്‍ പോകട്ടേ' എന്നായിരുന്നു. മറ്റൊരു മുദ്രാവാക്യം 'ഗൗരിച്ചോത്തിയുടെ കടി മാറ്റാന്‍ കാച്ചിയതാണീ മുക്കൂട്ട്' എന്നായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയോ മുന്നേറ്റത്തെയോ അപകീര്‍ത്തിപ്പെടുത്തണമെന്നുണ്ടെങ്കില്‍ അതില്‍ ഉള്‍പ്പെടുന്ന സ്ത്രീകളെക്കുറിച്ചും അല്ലെങ്കില്‍ അതില്‍ ഉള്‍പ്പെടുന്ന പുരുഷന്റെ ബന്ധുക്കളായ സ്ത്രീയെക്കുറിച്ചും ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലെ പരാമര്‍ശങ്ങള്‍ ഇറക്കും. ഗൗരിച്ചോത്തിയെ മടിയിലിരുത്തിയാണോ ഈ ഭരണം എന്ന് ഇഎംഎസിനോട് ചോദിച്ചത് അതിനാലാണ്. ഇതോ ആള്‍ക്കാരുടെ പിന്മുറക്കാരാണ് ശബരിമല സമര കാലത്ത് സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് പറഞ്ഞതും കയറിയ സ്ത്രീകളുടെ വീട് തല്ലിപ്പൊളിച്ചതും. അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു, അവരെക്കുറിച്ച് ലൈംഗികമായ പരാമര്‍ശങ്ങള്‍ ഉണ്ടായി. ഏതൊരു കാലഘട്ടത്തിലാണെങ്കിലും ഏതൊരു രാഷ്ട്രീയമാണ് അവര്‍ പറയുന്നതെങ്കിലും സ്ത്രീകള്‍ക്കെതിരെയുള്ള അശ്ലീല പരാമര്‍ശങ്ങള്‍ ഒഴിവാകുന്നില്ലെന്നതാണ് സത്യം."

ലൈംഗികാതിക്രമങ്ങള്‍ മാത്രമല്ല, സ്ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങളും
സംസ്ഥാനത്ത് ഇക്കാലത്ത് വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1608 കേസുകളിലായി 1630 സ്ത്രീകള്‍ക്കെതിരെയാണ് കഴിഞ്ഞവര്‍ഷം സൈബര്‍ ആക്രമണങ്ങളുണ്ടായത്. ഇതില്‍ 1174 കേസുകള്‍ സത്രീകളെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസുകളും 456 എണ്ണം മോര്‍ഫിംഗ് പോലെയുള്ള പ്രവര്‍ത്തികളിലൂടെ ഭീഷണിപ്പെടുത്തിയ കേസുകളും ആണ്. കേരളത്തില്‍ 61 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതുവെ ദുര്‍ബലമായ സൈബര്‍ നിയമങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനും കാരണമാകുന്നുണ്ട്. പരാതി നല്‍കാന്‍ പോകുമ്പോള്‍ പലപ്പോഴും സൈബര്‍ കുറ്റകൃത്യത്തെ ഒരു കുറ്റകൃത്യമായി പോലും കണക്കാക്കാറില്ല. ശ്രേയ സിന്‍ഡാല്‍ വിധി വന്നതോടുകൂടി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിലാണ് ഇത്തരം കേസുകള്‍. അതിനാല്‍ തന്നെ ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് ഇവയില്‍ ചുമത്താറുള്ളത്.

റോഡിലോ അതുപോലുള്ള പൊതുസ്ഥലങ്ങളിലോ നിന്ന് ഒരു സ്ത്രീയെ അസഭ്യം പറഞ്ഞാല്‍ അതില്‍ കേസെടുക്കാനാകും. എന്നാല്‍ കൂടുതല്‍ ആളുകള്‍ കേള്‍ക്കുന്ന സൈബര്‍ ഇടത്തില്‍ അതുണ്ടാകുമ്പോള്‍ അത് കുറ്റകരമല്ലാത്ത അവസ്ഥയാണ് ഇവിടെയുള്ളതെന്ന് സൈബര്‍ കേസുകളുമായി മുന്നോട്ട് പോയിട്ടുള്ള രശ്മിത വ്യക്തമാക്കി. "2017ല്‍ ഞാന്‍ കൊടുത്ത പരാതിയില്‍ ഇന്ന് വരെ നടപടിയുണ്ടായിട്ടില്ല. ഞാന്‍ പരാതിയുമായി പോയ പോലീസ് സ്‌റ്റേഷനില്‍ അതൊരു പരാതിയാണെന്ന് പോലും മനസ്സിലായില്ല എന്നതാണ്. 384-ാം വകുപ്പൊക്കെ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് അത് വലിയ ബുദ്ധിമുട്ടായിരുന്നു. കേസില്‍ തെളിവുകളായ ലിങ്കുകളെല്ലാം കൊടുത്തിട്ടും സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും യാതൊന്നും നടന്നില്ല. ശ്രേയ സിന്‍ഡാല്‍ വിധി വന്നതോടുകൂടി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിലായി ഇത്തരം കേസുകള്‍. റോഡില്‍ നിന്നോ ഒരു പൊതു ഇടത്തില്‍ നിന്നോ സ്ത്രീയെ അസഭ്യം പറഞ്ഞാല്‍ പോലീസിന് കേസെടുക്കാം. എന്നാല്‍ കൂടുതല്‍ ആളുകള്‍ കേള്‍ക്കുന്ന സൈബര്‍ ഇടത്തില്‍ അതുണ്ടാകുമ്പോള്‍ അത് കുറ്റമല്ലാത്ത അവസ്ഥയുണ്ടാകുകയാണ്.

പുരോഗമന പ്രസ്ഥാനത്തില്‍ പതിനേഴാം വയസ്സില്‍ അംഗത്വമെടുത്തുവെന്നും ഇടതിന്റെ ഭാഗമാണെന്നും അവകാശപ്പടുന്ന ശാന്തിവിള ദിനേശന്‍ ഭാഗ്യലക്ഷ്മിയെക്കുറിച്ച് അവര്‍ എല്ലായിടത്തും അഹങ്കാരത്തോടെയാണ് പെരുമാറുന്നതെന്നും എനിക്കത് ഇഷ്ടമല്ലെന്ന് പറഞ്ഞ് ചെളി വാരിയെറിയുന്നത്. വര്‍ഷങ്ങളായി പുരുഷന്‍മാര്‍ കയ്യടക്കി വച്ചിരിക്കുന്ന ഇടത്തില്‍ സ്ത്രീകള്‍ വരുമ്പോള്‍ അധികാരം പങ്കിട്ട് പോകും. ഇങ്ങനെ പുരുഷന്മാര്‍ക്ക് അവരുടെ സ്ഥലമാണ് നഷ്ടമാകുതെന്ന ചിന്താഗതിയാണ്. അതിനെ സ്ത്രീകള്‍ പിന്തുണയ്ക്കുന്നത് സ്റ്റോക്ക്‌ഹോം സിന്‍ഡ്രത്തിന്റെ വകഭേദം തന്നെയാണ്. വര്‍ഷങ്ങളായി അടിമകളായി നിന്ന് അവര്‍ക്ക് അത് ശീലമായി പോയി. ആ ശീലം മാറുന്നതില്‍ പോലും അവര്‍ക്ക് ബുദ്ധിമുട്ടുണ്ട്.

യഥാര്‍ത്ഥ ജനാധിപത്യമെന്ന് പറയുന്നത് എല്ലാരീതിയിലുള്ള ജാതികളെയും മതങ്ങളെയും ഉള്‍ക്കൊള്ളുന്നത് മാത്രമല്ല. വ്യത്യസ്തമായ ലൈംഗിക അഭിരുചിയുള്ളവരെയും വിവിധ ലിംഗത്തില്‍പ്പെട്ടവരെയും അംഗീകരിക്കുന്നത് കൂടിയാണ്. വുഡ്രോ വില്‍സണ്‍ ഒക്കെ ജനാധിപത്യത്തിന്റെ മറ്റൊരു നിര്‍വ്വചനമായി പറഞ്ഞിട്ടുള്ളതും അതുതന്നെയാണ്. നിങ്ങളുടെ കൂട്ടത്തിലെ ഒരു ന്യൂനപക്ഷത്തെ കൂടി നിങ്ങള്‍ പരിഗണിക്കുന്നുണ്ടെങ്കിലേ അത് ജനാധിപത്യമാകുകയുള്ളൂ. അതിക്രമങ്ങളുടെ പ്രധാനപ്രശ്‌നം യഥാര്‍ത്ഥത്തില്‍ ജനാധിപത്യം ഇല്ലായ്മ തന്നെയാണ്. സ്ത്രീക്ക് എന്തിനാണ് തുല്യനീതി, ഞങ്ങള്‍ സ്വാതന്ത്ര്യം നല്‍കുന്നില്ലേയെന്നാണ് ചിലര്‍ ചോദിക്കുന്നത്. നല്‍കേണ്ടതല്ലല്ലോ സ്വാതന്ത്ര്യം? കൊടുക്കുമ്പോള്‍ മാത്രം എടുക്കാന്‍ പറ്റുന്ന ഒന്നാണോ സ്വാതന്ത്ര്യം? സ്ത്രീകള്‍ക്കെതിരെ അക്രമമുണ്ടാകുന്നത് പുരുഷാധിപത്യ സംവിധാനത്തിന്റെ പ്രശ്‌നമാണ്. സ്ത്രീയൊരു വസ്തുവായതിനാല്‍ തങ്ങള്‍ക്ക് ആസ്വദിക്കാനുള്ളവരാണ് അവരെന്ന ചിന്തയില്‍ നിന്നാണ് അതുണ്ടാകുന്നത്. താഴ്ന്ന ജാതിയില്‍പ്പെട്ടവരെ തൊടില്ല എന്ന സമീപനം ഉത്തരേന്ത്യയിലുണ്ട്. 92ല്‍ രാജസ്ഥാനില്‍ നടന്ന ബംഗാരി കൂട്ടബലാത്സംഗ കേസില്‍ ആയാലും 2006ല്‍ മഹാരാഷ്ട്രയില്‍ നടന്ന ഖെയ്ല്‍ഖഞ്ച് കൂട്ടക്കൊലയില്‍ ആയാലും ഇപ്പോള്‍ ഹത്രസില്‍ നടന്ന ദലിത് പെണ്‍കുട്ടിയുടെ പീഡനത്തിലായാലും അവര്‍ ഭയങ്കരമായും അവരുടെ ആത്മഭിമാനത്തെ വിലകുറച്ചു കാണുന്നതു കാണാം. ദലിതര്‍ വരേണ്യവര്‍ഗ്ഗത്തിന്റെ നേരെ നിന്ന് ഒന്നും ചോദിക്കരുത്. ദലിതന്‍ ആണെങ്കിലും സവര്‍ണ്ണന്‍ ആണെങ്കിലും പുരുഷാധിപത്യത്തിന്റെ സംവിധാനമാണ് പിന്തുടരുന്നത്. അവന്റെ പ്രോപ്പര്‍ട്ടിയായ സ്ത്രീയെ പിടിച്ചടക്കുകയെന്നതാണ് അവന്റെ നിലപാട്." രശ്മിത വ്യക്തമാക്കി.

കുറ്റകൃത്യങ്ങളുടെ വ്യാപനത്തെക്കുറിച്ചുള്ള ധാരണ മാത്രമാണ് ഈ റിപ്പോര്‍ട്ടില്‍ നിന്നും നമുക്ക് ലഭിക്കുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണില്‍ ജനങ്ങള്‍ പൂര്‍ണമായും വീടുകളില്‍ തന്നെയിരുന്ന 2020ല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിനാല്‍ തന്നെ ഈ വര്‍ഷത്തെ കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ ഈ കണക്കുകള്‍ അതിഭീകരമായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഹത്രാസ് ആ ഭീകരതയിലേക്കുള്ള ഒരു ചൂണ്ടുപലകയാണ്.

(നാളെ-കോവിഡ് കാലത്ത് കുട്ടികള്‍ക്ക് നേരെയുള്ള ക്രൈമില്‍ വന്‍ വര്‍ദ്ധന; ഓപ്പറേഷന്‍ പി ഹണ്ട് തുറന്നിടുന്ന യാഥാര്‍ഥ്യങ്ങള്‍)
Next Story

Related Stories