ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി നേടിയ വന്‍ വിജയത്തിന് പിന്നില്‍ തലസ്ഥാനത്തെ സ്ത്രീകള്‍ നല്കിയ ഉറച്ച പിന്തുണ. സിഎസ് ഡി എസ്- ലോക്നീതി സര്‍വെയിലാണ് സ്ത്രീ വോട്ടര്‍മാര്‍ മികച്ച പിന്തുണയാണ് ആം ആദ്മി പാര്‍ട്ടി നല്‍കിയതെന്ന് വ്യക്തമായത്. പുരുഷ വോട്ടര്‍മാരെക്കാളും 11 ശതമാനത്തിലധികം സ്ത്രീകള്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്തതായാണ് കണക്കാക്കുന്നത്.
അറുപത് ശതമാനം സ്ത്രീകള്‍ ആം ആദ്മിക്ക് വോട്ടുചെയ്തപ്പോള്‍ 49 ശതമാനം പുരുഷന്മാര് ആപ്പിനെ വിശ്വസിച്ചുവെന്നാണ് സര്‍വെ നല്കുന്ന സൂചന. സ്ത്രീ വോട്ടര്‍മാരുടെ മാത്രം കാര്യം എടുത്താല്‍ ആം ആദ്മിക്ക് ബിജെപിയെയക്കാള് 25 ശതമാനം പേര് കൂടുതല്‍ വോട്ട് ചെയ്തു. എന്നാല്‍ പുരുഷ വോട്ടര്‍മാരുടെ കണക്കില്‍ ആം ആദ്മിക്ക് കിട്ടിയ ലീഡ് ആറ് ശതമാനം മാത്രമാണ്. 2015 ലെ തെരഞ്ഞെടുപ്പില്‍ സത്രീ വോട്ടര്‍മാരില്‍ ബിജെപിയെ അപേക്ഷിച്ച് കുടുതല്‍ കിട്ടിയ വോട്ട് 19 ശതമാനം ആയിരുന്നു. സിഎസ്ഡിഎസ് ലോക്നീതി 1998 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും സര്‍വെ നടത്തിയിട്ടുണ്ട്. എന്നാല്‍ വോട്ടിംങില്‍ ഇത്രയും വലിയ സ്ത്രീ പുരുഷ വ്യത്യാസം ഉണ്ടായിട്ടില്ലെന്നാണ് സര്‍വെകള്‍ വ്യക്തമാക്കുന്നത്. ഷീലാ ദീക്ഷിത്ത് മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോലും സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ ഇത്ര വലിയ ആവേശം ഉണ്ടായിട്ടില്ലെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. എല്ലാ ജാതി മത വിഭാഗങ്ങളിലും പുരുഷ വോട്ടര്‍മാരെക്കാള്‍ സ്ത്രീകള്‍ ആപ്പിനെയാണ് തെരഞ്ഞെടുത്തത്. അതായത് എല്ലാ ജാതി മത വിഭാഗങ്ങളിലും പെട്ട പുരുഷന്മാരെ അപേക്ഷിച്ച് ആപ്പിന് വോട്ടു കുടുതൽ കിട്ടിയത് സ്ത്രീകളില്‍ നിന്നാണ്. എന്നാല്‍ എല്ലാ ജാതി വിഭാഗത്തിലെയും സ്ത്രീകളില്‍ കൂടുതല്‍ പേര് ആപ്പിന് വോട്ട് ചെയ്തതായി കണക്കാക്കാന്‍ കഴിയില്ല. ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ക്കിടയില്‍ ഭൂരിപക്ഷം ബിജെപിയ്ക്കാണ്. ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര് 22 ശതമാനത്തിലധികം പേര് ബിജെപിയെയാണ് ആപ്പിനെ അപേക്ഷിച്ച് തെരഞ്ഞെടുത്തത്. എന്നാല്‍ ബ്രാഹ്മണ വിഭാഗത്തിലെ സ്ത്രീകള്‍ക്കിടയില്‍ ഈ വ്യത്യാസം ഏഴ് ശതമാനത്തിന്റെ മാത്രമാണ്. ദളിത് വിഭാഗത്തിലെ സ്ത്രീകള്‍ക്കിടിയില്‍ 65 ശതമാനത്തിന്റെ ലീഡാണ് ബിജെപിയെ അപേക്ഷിച്ച് ആം ആദ്മി പാര്‍ട്ടിക്ക് കിട്ടിയത്. ഈ വിഭാഗത്തിലെ പുരുഷന്മാര്ക്കിടയില് ആം ആദ്മിക്ക് ലഭിച്ച ഭൂരിപക്ഷം 21 ശതമാനത്തിന്റെതാണ്. ഏറ്റവും സവിശേഷമായത് ഒബിസി വോട്ടര്‍മാരുടെ തീരുമാനങ്ങളാണ്. ഈ വിഭാഗത്തിലെ പുരുഷന്മാര് ഏറെയും വോട്ടു ചെയ്തത് ബിജെപിയ്ക്കാണ്. എന്നാല്‍ സ്ത്രീ വോട്ടര്‍മാര്‍ കൂടുതലും ആപ്പിനെ തന്നെ തെരഞ്ഞെടുത്തു. ഇത്തരത്തില്‍ പുരുഷന്മാരും സ്ത്രീകളും വ്യത്യസ്തമായി വോട്ട് ചെയ്യുന്ന പ്രവണത എല്ലാ ജാതി മത വിഭാഗത്തിലും ഉണ്ടായിരുന്നതായാണ് സര്‍വെ വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്കായി എടുത്ത നടപടികളാണ് ഇത്തരത്തില്‍ ഒരു പ്രവണതയ്ക്ക് കാരണമെന്നാണ് കണക്കാക്കുന്നത്. സൗജന്യ ബസ് യാത്ര ഉള്‍പ്പെടെ നിരവധി സ്ത്രീ സൗഹര്‍ദ സമീപനങ്ങളാണ് ആപ്പ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ സൗകര്യം ഉപയോഗപ്പെടുത്തിയ സ്ത്രീകള്‍ക്കിടയില്‍ ബിജെപിയെ അപേക്ഷിച്ച് ആപ്പിന് 42 ശതമാനം വോട്ടുകള്കിട്ടിയെന്നാണ് കണക്കാക്കുന്നത്. ഷഹീന്‍ബാഗിലെ പ്രധാനമായും സ്ത്രീകള്‍ നടത്തുന്ന സമരത്തിനെതിരെ ബിജെപി നടത്തിയ വിദ്വേഷ പ്രകടനവും വനിത വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ആപ്പ് ഡല്‍ഹിയില്‍ അധികാരത്തിലെത്തിയത്. 70 അംഗ സഭയില്‍ 62 സീറ്റുകളാണ് ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചത്. ബിജെപിക്ക് എട്ട് സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഇത്തവണയും സീറ്റൊന്നും ലഭിച്ചില്ല. പുതിയ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും