TopTop
Begin typing your search above and press return to search.

"ജനങ്ങളുടെ ഇലക്ട്രിക് ഷോക്ക്": അമിത് ഷായ്ക്ക് മറുപടിയുമായി ഷഹീൻ ബാഗ് ഉൾപ്പെടുന്ന മണ്ഡലത്തിലെ സ്ഥാനാർത്ഥി

"ജനങ്ങളുടെ ഇലക്ട്രിക് ഷോക്ക്": അമിത് ഷായ്ക്ക് മറുപടിയുമായി ഷഹീൻ ബാഗ് ഉൾപ്പെടുന്ന മണ്ഡലത്തിലെ സ്ഥാനാർത്ഥി

ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഡൽഹിയിലെ ഓഖ്‌ല മണ്ഡലത്തിൽ എഎപി സ്ഥാനാർത്ഥി അമാനത്തുള്ള ഖാൻ 70,000ത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്. രണ്ടാംസ്ഥാനത്ത് വന്നിരിക്കുന്നത് ബിജെപിയുടെ ഭ്രഹാം സിങ്ങാണ്. "ഓഖ്‍ലയിലെ ജനങ്ങൾ ഇലക്ട്രിക് ഷോക്കടിപ്പിച്ചു" എന്നാണ് അമാനത്തുള്ള ഖാന്റെ പ്രതികരണം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണങ്ങൾക്കിടെ നടത്തിയ ഒരു പ്രസ്താവനയ്ക്കുള്ള മറുപടി കൂടിയായിരുന്നു ഇത്. "വോട്ടിങ് മെഷീനിൽ ആഞ്ഞുകുത്തി ഷഹീൻബാഗിലിരിക്കുന്നവർക്ക് ഇലക്ട്രിക് ഷോക്ക് കൊടുക്കണം" എന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.

പൗരത്വ നിയമഭേദഗതിക്കെതിരെ തുടർപ്രക്ഷോഭം നടക്കുന്ന ഷഹീൻബാഗ് ഓഖ്‍ല മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജാമിയ മിലിയ സര്‍വ്വകലാശാലയും ഇതേ മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്ത് വൻതോതിൽ വർഗീയ ചേരിതിരിവുണ്ടാക്കാനും അതുവഴി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുമുള്ള തന്ത്രങ്ങളാണ് ബിജെപി മെനഞ്ഞിരുന്നത്. ഷഹീൻബാഗിലെ സമരം ഇക്കാരണത്താൽ തന്നെ ബിജെപിക്ക് ഒരു പ്രധാന പ്രചാരണായുധമായിരുന്നു. ഇതിൽ വീഴാതിരിക്കാൻ എഎപി അതീവശ്രദ്ധ പുലർത്തിയെങ്കിലും ഈ വിഷയങ്ങൾ ചർച്ചയിൽ നിർത്താൻ ബിജെപിക്ക് സാധിച്ചിരുന്നു. ഇക്കാരണത്താൽ തന്നെ ഓഖ്‌ലയിലെ തെരഞ്ഞെടുപ്പു ഫലം ദേശീയശ്രദ്ധയിൽ വന്നു. തുടക്കത്തിൽ അൽപം പിന്നിലായിരുന്ന അമാനത്തുള്ള ഖാൻ പിന്നീട് ഒരു ഘട്ടത്തിൽ പോലും ബിജെപി സ്ഥാനാർത്ഥിക്ക് മുൻപിലെത്താൻ ഇടകൊടുക്കുകയുണ്ടായില്ല.

ഷഹീൻബാഗിലെ സമരത്തിവിടയിലേക്ക് ജയ് ശ്രീരാം വിളികളോടെയെത്തിയ ഒരാൾ വെടിയുതിർത്ത സംഭവവും തെരഞ്ഞെടുപ്പു ദിനങ്ങളോടനുബന്ധിച്ചാണ് ഉണ്ടായത്. ജാമിയ മില്ലിയ വിദ്യാർത്ഥികളുടെ സമാധാനപരമായ സമരത്തിലേക്ക് ഒരാൾ വെടി വെക്കുന്നതിന്റെയും പൊലീസ് നിസ്സംഗമായി നോക്കി നിൽക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവരികയുണ്ടായി.

പതിമൂന്നാമത്തെ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 72,000 വോട്ടിന്റെ ലീഡുണ്ട് അമാനത്തുള്ള ഖാന്.

പൗരത്വ നിയമവിരുദ്ധ സമരത്തിനു വേണ്ടി വഖഫ് ബോർഡിന്റെ പണം 'ദുരുപയോഗം' ചെയ്തെന്നാരോപിച്ച് അമാനത്തുള്ള ഖാനെതിരെ ഡൽഹി പൊലീസ് കേസ്സെടുത്തിരുന്നു. സമരങ്ങൾക്കു വേണ്ടി ഈ പണം ഉപയോഗിച്ചെന്നായിരുന്നു ആരോപണം.


Next Story

Related Stories