TopTop
Begin typing your search above and press return to search.

എന്റെ ഹൃദയം മുറിച്ചുനോക്കൂ, നിങ്ങള്‍ക്കവിടെ മോദിജിയെ മാത്രം കാണാനാകും: ബിജെപി നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് ചിരാഗ് പാസ്വാന്റെ വൈകാരിക പ്രതികരണം

എന്റെ ഹൃദയം മുറിച്ചുനോക്കൂ, നിങ്ങള്‍ക്കവിടെ മോദിജിയെ മാത്രം കാണാനാകും: ബിജെപി നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് ചിരാഗ് പാസ്വാന്റെ വൈകാരിക പ്രതികരണം

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ പ്രസ്താവനകളുടെപേരില്‍ സഖ്യകക്ഷിയായ ബിജെപി നേതാക്കളില്‍നിന്ന് കടുത്ത വിമര്‍ശനം തുടരുന്നതിനിടെ വൈകാരിക പ്രതികരണവുമായി എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ ചിരാഗ് ഉപയോഗിക്കുന്നതിനെതിരെ ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബിജെപി നേതാക്കളുടെ അഭിപ്രായത്തില്‍ തനിക്ക് വേദനയുണ്ടെന്നും തിരഞ്ഞെടുപ്പിനുശേഷം ബിജെപിയുമായി സര്‍ക്കാര്‍ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ചിരാഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന രാമന്റെ ഹനുമാനാണ് താന്‍. മോദിയുടെ ഫോട്ടോ തനിക്ക് ആവശ്യമില്ല. അദ്ദേഹം തന്റെ ഉള്ളിലുണ്ട്. രാമനോടുള്ള ഹനുമാന്റെ ഭക്തി പോലെയാണത്. നിങ്ങള്‍ തന്റെ ഹൃദയം മുറിച്ചു തുറന്നുനോക്കൂ, നിങ്ങള്‍ക്കവിടെ മോദിജിയെ മാത്രം കാണാനാകുമെന്നും 37കാരനായ ചിരാഗ് പറഞ്ഞു.

തീര്‍ത്തും അരക്ഷിതനായതിനാല്‍, നിതീഷ് കുമാറിനാണ് പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ വേണ്ടിവരിക. കേന്ദ്രമന്ത്രി കൂടിയായിരുന്ന പിതാവ് രാം വിലാസ് പാസ്വാന്റെ മരണത്തില്‍ നിതീഷ് കുമാര്‍ ഇതുവരെ അനുശോചിക്കുകയോ തന്നെ വിളിച്ച് ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ല. പിതാവിന്റെ മൃതദേഹം ഡല്‍ഹിയില്‍നിന്ന് പട്‌നയില്‍ എത്തിച്ചപ്പോള്‍ നിതീഷ് കുമാര്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. താന്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ തൊട്ടു. എന്നാല്‍ അദ്ദേഹം അവഗണിച്ചു. അവിടെയുള്ള എല്ലാവരും അത് കണ്ടിരുന്നു. ഒരാള്‍ ഉപചാരങ്ങള്‍പോലും മറക്കുന്നതുകണ്ട് ഞെട്ടിപ്പോയി. എപ്പോഴെങ്കിലും തന്നോടോ അമ്മയോടോ ഒരു ആശ്വാസവാക്ക് പോലും പറഞ്ഞിട്ടില്ല. പ്രധാനമന്ത്രി മോദി എന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചു. പിന്നീടെത്തിയപ്പോള്‍ എന്റെ തോളുകളില്‍ അദ്ദേഹം വളരെനേരം പിടിച്ചു. അദ്ദേഹത്തിന്റെ ആശ്വാസകരമായ വാക്കുകള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. എന്നാല്‍ നിയമസഭയില്‍ കണ്ടപ്പോള്‍ പോലും നിതീഷ് കുമാര്‍ എന്നോടൊന്നും പറഞ്ഞില്ല. മുഖാമുഖം നോക്കിയതുപോലുമില്ല. പിന്നീട് അനുശോചന യോഗത്തില്‍ കൈകള്‍ കെട്ടി അദ്ദേഹത്തിന്റെ അടുത്തുപോയി. അപ്പോള്‍ വികാരഭരിതനുമായിരുന്നു. എന്നാല്‍ അദ്ദേഹം അനങ്ങിയില്ല. ഒന്നും പറഞ്ഞതുമില്ല. എല്‍ജെപി ആരോടും മോശമായി പെരുമാറിയിട്ടില്ല. എന്നിട്ടും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ജെപിയെ ജെഡിയു പലയിടങ്ങളിലും ഒറ്റുകയായിരുന്നു. എല്‍ജെപിയെ പരാജയപ്പെടുത്താന്‍ നീതീഷ് കുമാര്‍ ആളുകളോടു പറഞ്ഞത് തിരിച്ചറിയും വരെ പിതാവ് അദ്ദേഹത്തെ വിളിക്കാറുണ്ടായിരുന്നുവെന്നും ചിരാഗ് കൂട്ടിച്ചേര്‍ത്തു. പിതാവ് പാസ്വാന്‍ പറഞ്ഞതനുസരിച്ചാണ് താന്‍ ഇക്കുറി ജെഡിയുവിനെതിരെ മത്സരിക്കുന്നതെന്നും ഇക്കാര്യം ബിജെപി നേതൃത്വത്തോട് സംസാരിച്ചിരുന്നെങ്കിലും മൗനമായിരുന്നു മറുപടിയെന്നും ചിരാഗ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ബിഹാറിലെ മുന്നണിയില്‍ എല്‍ജെപി ഇല്ലെന്നും ബിജെപിയുമായി ബന്ധമില്ലെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുകയും ചെയ്തു. പിന്നാലെ, പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ ചിരാഗ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെയും ബിജെപി നേതാക്കള്‍ എതിര്‍ത്തു. എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയുവിനെതിരെ ബിഹാറില്‍ എല്‍ജെപി മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് മുന്നണിക്കുള്ളില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമായത്. എന്നാല്‍ നിതീഷ് കുമാറിനെതിരെ തൊടുത്തുവിടുന്ന ചിരാഗിന്റെ ആരോപണങ്ങള്‍ക്കെല്ലാം പ്രതികരണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.


Next Story

Related Stories