TopTop
Begin typing your search above and press return to search.

ടൗട്ടേ ചുഴലിക്കാറ്റ് തീരം തൊട്ടു; കനത്തമഴയും കാറ്റും; ഗുജറാത്തില്‍ ലക്ഷക്കണക്കിനാളുകളെ മാറ്റി

ടൗട്ടേ ചുഴലിക്കാറ്റ് തീരം തൊട്ടു; കനത്തമഴയും കാറ്റും; ഗുജറാത്തില്‍ ലക്ഷക്കണക്കിനാളുകളെ മാറ്റി

അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ ഗുജറാത്ത് തീരം തൊട്ടു. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ടൗട്ടേ പോര്‍ബന്ദറിനും മഹുവയ്ക്കും ഇടയിലുള്ള തീരം കടന്ന് മണിക്കൂറില്‍ 155-165 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഗുജറാത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈനിക യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായും ദാമന്‍ ആന്‍ഡ് ദിയുവിലെ ലെഫ്.ഗവര്‍ണറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചിരുന്നു.

ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കൊങ്കണ്‍ തീരത്ത് ആറ് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് ബോട്ടുകള്‍ മുങ്ങിയതിനെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെയും കാണാതായിട്ടുണ്ട്. ടൗട്ടേ ഗുജറാത്ത് തീരത്തേക്ക് കടക്കും മുന്‍പ് മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്തമഴയ്ക്ക് കാരണമായിരുന്നു. മഹാരാഷ്ട്രയില്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് ജനങ്ങളെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി മാറ്റിയിരുന്നു.. കോവിഡ് രോഗികളെയും മാറ്റി പാര്‍പ്പിച്ചിരുന്നു. .

ടൗട്ടേ കരുത്താര്‍ജിച്ചതിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളം തിങ്കളാഴ്ച രാത്രി 10 മണി വരെ അടച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളം തിങ്കളാഴ്ച രാത്രി എട്ടുമണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണി വരെ അടച്ചിടും.കാലാവസ്ഥാ വകുപ്പിന്റെ വേലിയേറ്റം, വെള്ളപ്പൊക്കം മുന്നറിയിപ്പിനെ തുടര്‍ന്ന് ഗുജറാത്ത് സര്‍ക്കാര്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ലക്ഷകണക്കിന് പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. തെക്കന്‍ ജില്ലകളായ സൗരാഷ്ട്ര, ഡിയു എന്നിവിടങ്ങളില്‍ ചൊവ്വാഴ്ചയും കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ ഓഫീസ് അറിയിച്ചു. മധ്യപ്രദേശില്‍ കനത്ത മഴയ്ക്ക് ഓറഞ്ച് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.

ചുഴലിക്കാറ്റ് ബാധിച്ച തീരദേശ കര്‍ണാടകയില്‍ എട്ട് പേര്‍ മരിച്ചു. കര്‍ണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, കൊടഗു, ചിക്കമഗളൂരു, ഹസ്സന്‍, ബെലഗവി എന്നീ ഏഴ് ജില്ലകളിലെ 121 ഗ്രാമങ്ങളെ ചുഴലിക്കാറ്റ്‌ ബാധിച്ചിട്ടുണ്ട്.


Next Story

Related Stories