TopTop
Begin typing your search above and press return to search.

ഗുജറാത്തില്‍ ദലിത് അഭിഭാഷകനെ കുത്തിക്കൊന്ന സംഭവം, പ്രകോപനമായത് ബ്രാഹ്മണ വിരുദ്ധ നിലപാടുകളും പരാമര്‍ശങ്ങളുമെന്ന് പോലീസ്

ഗുജറാത്തില്‍ ദലിത് അഭിഭാഷകനെ കുത്തിക്കൊന്ന സംഭവം, പ്രകോപനമായത്  ബ്രാഹ്മണ വിരുദ്ധ നിലപാടുകളും പരാമര്‍ശങ്ങളുമെന്ന് പോലീസ്

ഗുജറാത്തിലെ റാപ്പറില്‍ ദലിത് വിഭാഗത്തിപ്പെട്ട അഭിഭാഷകന്റെ കൊലപാതകത്തിന് പിന്നില്‍ ബ്രാഹ്മണ വിരുദ്ധമായ നിലപാടുകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളുമെന്ന് പോലീസ്. കച്ച് മേഖലയിലെ റാപ്പറിൽ സെപ്തംബര്‍ 22 ന് ദേവ്ജി മഹേശ്വരി എന്ന അഭിഭാഷകനെ കുത്തിക്കൊന്ന സംഭവത്തിലാണ് കേസ് അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ജാതി സംബന്ധിച്ച പ്രകോപനം എന്ന നിലയിലേക്ക് വെളിച്ചം വീശുന്നത്.

22 കാരനായ ഭരത് റാവല്‍ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇയാൾ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മുംബൈയിൽ പ്രിന്‍ന്റര്‍ റിപ്പയര്‍ കടയിലെ ജോലിക്കാരനായ ഭരത് റാവല്‍ കൊലപാതകത്തിന് ദിവസങ്ങള്‍ മുമ്പ് ഫോണിലൂടെയും നവ മാധ്യമങ്ങളും ദേവ്ജി മഹേശ്വരിയുമായി തര്‍ക്കിച്ചിരുന്നു എന്നും ഇതിന്റെ ശബ്ദ സന്ദേശം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. എന്നാല്‍ കൊലയ്ക്ക് പിന്നില്‍ ഒമ്പതംഗ സംഘമാണെന്നാണ് ദേവ്ജി മഹേശ്വരിയുടെ ഭാര്യയുടെ പരാതി. എന്നാല്‍ ആരോപണം ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.

കൊല്ലപ്പെട്ട ദേവ്ജി മഹേശ്വരി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ബ്രാഹ്മണ സമൂഹത്തെക്കുറിച്ച് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം പരാമര്‍ശങ്ങളുടെ പേരില്‍ പ്രതി ഭരത് റാവല്‍ അഭിഭാഷകനുമായി ഫോണില്‍ തര്‍ക്കം നടന്നിരുന്നു. ഇതിന് പിന്നാലെ കൊലപാതകത്തിലേക്ക് നീങ്ങുകയായിരുന്നു എന്നും പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം ഭരത്തിനെ മുംബൈ പോലീസ് പിടികൂടിയിരുന്നു.

കൊല്ലപ്പെട്ട ദേവ്ജി മഹേശ്വരി ഓള്‍ ഇന്ത്യ ബാക്ക്വേര്‍ഡ്, ന്യൂനപക്ഷ സമുദായ എംപ്ലോയീസ് ഫെഡറേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റിടങ്ങളിലും ബ്രാഹ്മണര്‍ക്കെതിരെ നിരന്തരം നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ ബ്രാഹ്മണ വിരുദ്ധ പോസ്റ്റുകള്‍ ഉചിതമല്ലെന്നും അത്തരം അഭിപ്രായങ്ങള്‍ പോസ്റ്റുചെയ്യാന്‍ പാടില്ലെന്നും പരാതിപ്പെടാന്‍ ആ കുട്ടി (റാവല്‍) നിരവധി തവണ ദേവ്ജിയോടെ സംസാരിച്ചിരുന്നു. ഈ വിഷയത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു, '' എന്നുമാണ് സംഭവത്തെ കുറിച്ച് ഡിഐജി മോത്താലിയയുടെ പ്രതികരണമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഭരത് ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് സഭവത്തില്‍ പങ്കുണ്ടെന്നായിരുന്നു മഹേശ്വരിയുടെ ഭാര്യയുടെ പരാതി. റാപ്പറിലെ ഗെലിവാഡി പ്രദേശത്തെ ലുഹാര്‍-സുതര്‍ സമാജ് വാദി കമ്മ്യൂണിറ്റി ഹാളുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ഭാര്യയുടെ ആരോപണം. കമ്യൂണിറ്റി ഹാളിന്റെ അവകാശത്തെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. സിവില്‍ കേസായി വിഷയം ഏറ്റെടുത്തതാണ് കൊലപാതകത്തിന് പിന്നാല്‍. പ്രതികളെ ഭയന്ന് മറ്റൊരു അഭിഭാഷകരും കേസ് ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നും ഭര്‍ത്താവ് ഇത് ഏറ്റെടുത്ത ശേഷം പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.


Next Story

Related Stories