TopTop
Begin typing your search above and press return to search.

കുമാരസ്വാമിയെ വീഴ്ത്തി യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കിയ 'ഓപ്പറേഷൻ കമല': വിവരങ്ങൾ പുറത്തുവിടുമെന്ന് ബിജെപിക്കൊപ്പം കൂറുമാറിയ മുൻ എംഎൽഎ എച്ച് വിശ്വനാഥ്

കുമാരസ്വാമിയെ വീഴ്ത്തി യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കിയ ഓപ്പറേഷൻ കമല: വിവരങ്ങൾ പുറത്തുവിടുമെന്ന് ബിജെപിക്കൊപ്പം കൂറുമാറിയ മുൻ എംഎൽഎ എച്ച് വിശ്വനാഥ്

ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജി വച്ച് ബിജെപിയിലേയ്ക്ക് കൂറുമാറിയ മുന്‍ എംഎല്‍എ എച്ച് വിശ്വനാഥ്, മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്‌ക്കെതിരെ. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ വീഴ്ത്താനായി യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി നടപ്പാക്കിയ ഓപ്പറേഷന്‍ കമലയുടെ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് രാജി വച്ച ജെഡിഎസ് വിമത എംഎല്‍എമാരില്‍ ഒരാളായിരുന്ന എച്ച് വിശ്വനാഥ് പറയുന്നത്. ന്യൂസ് 18നോട് ഫോണിലാണ് വിശ്വനാഥ് ഇക്കാര്യം പറഞ്ഞത്. ബോംബെ ഡേയ്‌സ് എന്ന തന്റെ പുതിയ പുസ്തകത്തിലായിരിക്കും ഇക്കാര്യം പറയുക എന്നാണ് വിശ്വനാഥ് പറയുന്നത്. 2019 ജൂലായിലാണ് വിശ്വനാഥ് അടക്കമുള്ള 17 കോണ്‍ഗ്രസ്, ജെഡിഎസ് വിമത എംഎല്‍എമാരുടെ സഹായത്തോടെ എച്ച് ഡി കുമാരസ്വാമിയുടെ ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കിയത്.

എന്നെപ്പോലൊരു മുതിര്‍ന്ന നേതാവ് ഇത്തരത്തിലൊരു തീരുമാനമെടുത്ത ശേഷമാണ് ബാക്കിയുള്ളവര്‍ക്കും ഇതിന് ധൈര്യം വന്നത്. ഞങ്ങള്‍ മുംബൈയ്ക്ക് വിമാനം കയറി. ഞങ്ങള്‍ യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കി. ഞങ്ങളുടെ ത്യാഗം കൊണ്ടാണ് അദ്ദേഹം അധികാരത്തിലിരിക്കുന്നത്. എല്ലാം എല്ലാവരോടും വിശദീകരിക്കാന്‍ പോവുകയാണ് - വിശ്വനാഥ് പറഞ്ഞു. സ്പീക്കര്‍ അയോഗ്യനാക്കിയ വിശ്വനാഥിന് 2019 അവസാനം നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി സീറ്റ് നല്‍കി. എന്നാല്‍ വിശ്വനാഥ് പരാജയപ്പെട്ടു. എംഎല്‍സി (ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ അംഗം) ആക്കാമെന്ന് യെദിയൂരപ്പ പറഞ്ഞിരുന്നെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം ഇത് തള്ളി.

മറ്റ് മുന്‍ വിമത എംഎല്‍എമാരില്‍ മിക്കവരും ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് മന്ത്രിമാരായി. വിശ്വനാഥിനെ പോലെ ഉപതിരഞ്ഞെടുപ്പില്‍ തോറ്റ എംടിബി നാഗരാജിനെ എംഎല്‍സിയാക്കിയിരുന്നു. ഇത് വിശ്വനാഥിനെ ചൊടിപ്പിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ പുസ്തകം പൂര്‍ത്തിയാക്കാനാണ് വിശ്വനാഥ് ഉദ്ദേശിക്കുന്നത്. ഒരേസമയം കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലും പുറത്തിറക്കും. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നറിയാന്‍ കര്‍ണടകയിലേയും രാജ്യത്തേയും ജനങ്ങള്‍ക്ക് അവകാശമുണ്ട് - വിശ്വനാഥ് പറഞ്ഞു.

യെദിയൂരപ്പയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ബോംബെ ഡേയ്‌സ് എന്ന് വിലയിരുത്തപ്പെടുന്നു. വിശ്വനാഥ് അടക്കമുള്ള എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ യെദിയൂരപ്പ 30 കോടി രൂപ വിതം കൊടത്തെന്ന് നേരത്തെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ ആരോപിച്ചിരുന്നു. 2018ല്‍ കോണ്‍ഗ്രസ്സില്‍ നിന്നാണ് വിശ്വനാഥ് ജെഡിഎസ്സിലെത്തിയത്.


Next Story

Related Stories