TopTop
Begin typing your search above and press return to search.

സീറ്റ് പങ്കിടുന്നതിലെ കാലതാമസം ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടിയായി; പാര്‍ട്ടിയുടേത് പ്രതീക്ഷിച്ചതിനേക്കാള്‍ മോശം പ്രകടനമെന്നും കോണ്‍ഗ്രസ്

സീറ്റ് പങ്കിടുന്നതിലെ കാലതാമസം ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടിയായി; പാര്‍ട്ടിയുടേത് പ്രതീക്ഷിച്ചതിനേക്കാള്‍ മോശം പ്രകടനമെന്നും കോണ്‍ഗ്രസ്

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കിടുന്നതിലുണ്ടായ കാലതാമസമാണ് മഹാസഖ്യത്തിന് തിരിച്ചടിയായതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഇത് തിരഞ്ഞെടുപ്പ് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. കുറവുകള്‍ക്കിടയിലും സഖ്യകക്ഷികള്‍ മികച്ച പ്രകടനം നടത്തി. എന്നാല്‍ കോണ്‍ഗ്രസിന്റേത് മോശം പ്രകടനമായിരുന്നെന്നും ബിഹാറിലെ മുതിര്‍ന്ന നേതാവ് കൂടിയായി അന്‍വര്‍ പറഞ്ഞു.

പ്രതീക്ഷിച്ചതിനേക്കാള്‍ മോശം പ്രകടനമായിരുന്നു കോണ്‍ഗ്രസിന്റേത്. 70 സീറ്റുകളില്‍ 19 സീറ്റുകള്‍ മാത്രമാണ് നേടാനായത്. തിരഞ്ഞെടുപ്പിനെക്കുറിച്ചും ഫലത്തെക്കുറിച്ചുമൊക്കെ ഹൈക്കമാന്‍ഡ് സസൂക്ഷ്മം വിലയിരുത്തി. ഗൗരവത്തോടെയുള്ള ആത്മപരിശോധനയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. ജനങ്ങള്‍ക്കിടയില്‍ മാറ്റത്തിന്റെ ആവേശകരമായ അന്തരീക്ഷമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനത് പ്രയോജനപ്പെടുത്താനായില്ല. 70 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ പകുതി സീറ്റുകള്‍ നേടാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സര്‍ക്കാര്‍ രൂപീകരണം പൂര്‍ത്തിയാകുകയാണ്. കോണ്‍ഗ്രസിനും മഹാസഖ്യത്തിനും വലിയ ഉത്തരവാദിത്തങ്ങളുണ്ട്. സഖ്യം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള തന്ത്രങ്ങള്‍ ഒരുക്കുകയാണെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ അന്‍വര്‍ പറഞ്ഞു.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി അംഗമായിരുന്ന അന്‍വര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. സാധ്യമായ എല്ലാ പിന്തുണയും അദ്ദേഹം നല്‍കുകയും ചെയ്തു. തങ്ങളുടെ ഭാഗത്തുനിന്നും കുറവുകളുണ്ടായിരിക്കാം. അല്ലെങ്കില്‍ 35-40 സീറ്റുകളില്‍ വിജയിക്കുമായിരുന്നു. സംഘടനയിലോ പ്രവര്‍ത്തനങ്ങളിലോ കുറവുകളോ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നോയെന്ന് പരിശോധിക്കും. മഹാസഖ്യത്തിലെ മറ്റു കക്ഷികള്‍ക്കൊപ്പം കോണ്‍ഗ്രസ് എന്തുകൊണ്ട് എത്തിയില്ലെന്ന കാര്യം വിശദമായി പരിശോധിക്കും. വരും മാസങ്ങളില്‍ നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇത്തരം തെറ്റുകളോ കുറവുകളോ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരുമായും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുമായും ചര്‍ച്ചകള്‍ നടത്തിയശേഷമേ ഇക്കാര്യത്തില്‍ ഒരു നിഗമനത്തിലെത്താന്‍ കഴിയൂ. തിരഞ്ഞെടുപ്പ് ഫലത്തില്‍ ഹൈക്കമാന്‍ഡിന് ആശങ്കയുണ്ടെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories