Top

ശ്വാസമെടുക്കാന്‍ കഴിയുന്നില്ലെന്ന് ഡൽഹി നഗരവാസികൾ; മലിനീകരണത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനത്തിനെന്ന് കേന്ദ്രം

ശ്വാസമെടുക്കാന്‍ കഴിയുന്നില്ലെന്ന് ഡൽഹി നഗരവാസികൾ; മലിനീകരണത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനത്തിനെന്ന് കേന്ദ്രം

പൊടിപടലങ്ങളും പുകയും കലർന്ന വായു ഡല്‍ഹി നഗരത്തെ മൂടിയിരിക്കുകയാണ്. വായു ഗുണനിലവാര സൂചിക (AQI) തലസ്ഥാനനഗരത്തിലെ അന്തരീക്ഷം 'വളരെ ശോചനീയം' (Very Poor) എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഹരിയാന അടക്കമുള്ള അയൽപ്രദേശങ്ങളിൽ വലിയ കാർഷികമേഖലകളിൽ അടുത്ത വിളയ്ക്ക് നിലമൊരുക്കുന്നതിന്റെ ഭാഗമായി കാർഷികാവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതാണ് പുകപടലങ്ങളും പൊടിയും വർധിക്കാൻ കാരണം. എന്നാൽ കേന്ദ്ര സർക്കാർ ഈ വാദത്തോട് യോജിക്കുന്നില്ല. സഫർ അഥവാ വെതർ ഫോർകാസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് (SAFAR) എന്ന കേന്ദ്ര ഏജൻസി പറയുന്നത് അയൽമേഖലകളിൽ നിന്നുള്ള പുക-പൊടി പടലങ്ങൾ വെറും 10 ശതമാനമേ ആകുന്നുള്ളൂ എന്നും ബാക്കിയുള്ള മലിനീകരണത്തിന് ഉത്തരവാദിത്വം നഗരത്തിനു തന്നെയാണെന്നുമാണ്. ഇതിന്റെ ശക്തമായി എതിർത്തുകൊണ്ട് അർവിന്ദ് കെജ്രിവാൾ പ്രതികരിക്കുകയുണ്ടായി. പരസ്പരം പഴി ചാരാനുള്ള അവസരമല്ല ഇതെന്നും ഡൽഹിയിൽ അകത്തു നിന്നുള്ളതും പുറത്തു നിന്നുള്ളതുമായ പുക-പൊടിപടലങ്ങള്‍ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, എല്ലാറ്റിന്റെയും കാരണമായി ഡൽഹിയിലെ ജനങ്ങളുടെ നേർക്ക് മാത്രം വിരൽചൂണ്ടുന്നത് അംഗീകരിക്കാനാകില്ലെന്നും കെജ്രിവാൾ വാദിക്കുന്നു.

ഡൽഹിയിലെ വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയിരിക്കുന്ന പോയിന്റ് 304 ആണ്. നഗരത്തിൽ പലയിടങ്ങളിലും കാഴ്ച വരെ തടസ്സപ്പെട്ടിരിക്കുകയാണ്. നഗരവാസികൾ പ്രഭാത നടത്തം അടക്കമുള്ള പ്രവൃത്തികൾ ഉപേക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

വായു ഗുണനിലവാര സൂചിക 0 മുതൽ 50 വരെയാണെങ്കിൽ 'ഗുഡ്' എന്നാണ് രേഖപ്പെടുത്തുക. 51 മുതൽ 100 വരെയാണെങ്കിൽ അത് തൃപ്തികരം എന്ന് രേഖപ്പെടുത്തുന്നു. 101 മുതൽ 200 വരെയാണ് സൂചിക രേഖപ്പെടുത്തുന്നതെങ്കിൽ അത് 'തരക്കേടില്ല' എന്നാണർത്ഥം. 201 മുതൽ 300 വരെയാണ് സൂചികയെങ്കിൽ 'ശോചനീയം' എന്ന് കണക്കാക്കുന്നു. 301 മുതല്‍ 400 വരെ 'വളരെ ശോചനീയം' എന്നും അവിടെ നിന്നങ്ങോട്ടുള്ളത് 'ഗുരുതരം' എന്നും രേഖപ്പെടുത്തുന്നു.

ഹരിയാനയിലും ഉത്തർപ്രദേശിലും വലിയ തോതിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നുണ്ട്. ഇതോടൊപ്പം പ്ലാസ്റ്റിക്, റബർ എന്നിവയും കത്തിക്കുന്നു. ഇതിൽ‌ ഡൽഹിക്കും പങ്കുണ്ട്. വായുമലിനീകരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ രാജ്യത്ത് സംവിധാനങ്ങളില്ലെന്നും ഇപ്പോൾ കേന്ദ്ര ഏജൻസി നടത്തിയിരിക്കുന്ന വിലയിരുത്തൽ വെറും ഊഹത്തിന്റെ അടിസ്ഥാനത്തിലാണെന്നുമാണ് കെജ്രിവാളിന്റെ പ്രസ്താവനയിലെ സൂചന.

സംസ്ഥാന സർക്കാർ കൂടുതൽ കടുത്ത മാനദണ്ഡങ്ങൾ കൊണ്ടുവന്ന് മലിനീകരണത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. ഡൽഹിയിലും പരിസരത്തും ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നത് സർ‌ക്കാർ നിരോധിച്ചു. ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിരോധനമില്ല.

നഗരത്തിലെ താമസക്കാർക്ക് കടുത്ത ശ്വാസകോശ രോഗങ്ങളും മറ്റും സമ്മാനിക്കുന്നതാണ് വർഷങ്ങളായി തുടരുന്ന അന്തരീക്ഷ മലിനീകരണം. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ മലിനീകരണം വലിയ തോതിൽ കൂടിയിട്ടുള്ളതായി നഗരവാസികൾ പറയുന്നു. മിക്കവരും ആന്റി പൊല്യൂഷൻ മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. പലർക്കും ശ്വാസമെടുക്കാൻ പോലും കഴിയാത്തത്ര ആരോഗ്യ പ്രതിസന്ധികളുണ്ടാകുന്നുണ്ട്. ഇത്തരം പരാതികൾ സോഷ്യൽ മീഡിയയിലടക്കം വലിയ തോതിൽ ഉയർത്തപ്പെടുന്നുണ്ട്.


Next Story

Related Stories