TopTop
Begin typing your search above and press return to search.

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്, വോട്ടെണ്ണൽ 11ന്

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്, വോട്ടെണ്ണൽ 11ന്

ഡൽഹി നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ജനുവരി 14ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം. നാമനിർദ്ദേശപത്രിക നൽകാനുള്ള അവസാന ദിവസം ജനുവരി 21 ആണ്. 22ന് സൂക്ഷമ പരിശോധന നടക്കും. 24 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ്. 11ന് വോട്ടെണ്ണൽ. ഡൽഹി നിയമസഭയിലെ 70 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുക. ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. കോൺഗ്രസ് ആം ആദ്മി പാർട്ടിയുമായി സഖ്യത്തിൽ മത്സരിച്ചേക്കുമെന്നാണ് സൂചന. 2015ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 70ൽ 67 സീറ്റും എഎപി നേടിയിരുന്നു. ബിജെപിക്ക് മൂന്ന് സീറ്റാണ് കിട്ടിയത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കടന്നാക്രമിച്ചുകൊണ്ടുള്ള പ്രചാരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഡൽഹിയിൽ നടത്തിയത്. കെജ്രിവാൾ ഡൽഹിക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്നാണ് ഇരുവരും പൊതുവായി പറഞ്ഞത്. അതേസമയം സി എസ് ഡി എസിന്റെ ഈയടുത്ത് പുറത്തുവന്ന സര്‍വെ പ്രകാരം 90 ശതമാനം ആളുകളും കേജ്‌റിവാളിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തുകയാണ് ചെയ്തത്. അതേസമയം ഇതേ ആളുകളില്‍ ഭൂരിപക്ഷം മോദിയെ കേന്ദ്രത്തില്‍ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും സര്‍വെ പറയുന്നു. കേന്ദ്രത്തില്‍ മോദിയും ഡല്‍ഹിയില്‍ ആം ആദ്മിയുമെന്ന രാഷ്ട്രീയമാണ് കേജ്‌രിവാളിനെ പിന്തുണയ്ക്കുന്നവരില്‍ വലിയൊരു വിഭാഗത്തിനുമുള്ളതെന്ന് വേണം കണക്കാക്കാന്‍. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങളും ഭരണരംഗത്ത് പൊതുവിലുണ്ടാക്കിയ സുതാര്യതയുടെയും പിന്‍ബലത്തിലാണ് കേജ്‌രിവാള്‍ വോട്ടുതേടുക. അതേസമയം പൗരത്വ നിയമ ഭേദഗതിയുണ്ടാക്കിയ രാഷ്ട്രീയ ചലനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയപ്പോഴും കഴിഞ്ഞ ആറ് മാസത്തിലേറെക്കാലമായി നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നത് വസ്തുതയാണ്. രാജസ്ഥാന്‍,മധ്യപ്രദേശ്, ചത്തീസ്ഗണ്ട്, മഹാരാഷ്ട്ര,ഝാര്‍ഖണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയ്ക്ക് ഭരണം നഷ്ടമായത്. ഈ ട്രെന്റിന് അറുതിവരുത്താനാകും ബിജെപിയുടെ ശ്രമം. എന്നാല്‍ കേജ്‌രിവാളിന്റെ ജനപ്രിയതയെ മറികടക്കാന്‍ ദേശീയതയുടെയും ധ്രൂവീകരണത്തിന്റെയും രാഷ്ട്രീയം കൊണ്ട് സാധിക്കുമൊ എന്നതാണ് കണ്ടറിയേണ്ടത്.


Next Story

Related Stories