TopTop

ബിജെപി ജയിക്കാത്തതിൽ ആഹ്ലാദമെന്ന് സിംഘ്‌വി; നേതൃത്വ പ്രതിസന്ധി പ്രവർത്തകരുടെ ആത്മവീര്യം കുറച്ചെന്ന് ഝാ

ബിജെപി ജയിക്കാത്തതിൽ ആഹ്ലാദമെന്ന് സിംഘ്‌വി; നേതൃത്വ പ്രതിസന്ധി പ്രവർത്തകരുടെ ആത്മവീര്യം കുറച്ചെന്ന് ഝാ

ഡൽഹിയിൽ ഷീലാ ദീക്ഷിതിന്റെ അസാന്നിധ്യം തങ്ങളെ ദോഷകരമായി ബാധിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഘ്‌വി. ഷീലാ ദീക്ഷിതിനെ ഡൽഹിയിൽ ആർക്കും പകരം വെക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ വിടവ് നികത്താൻ കഴിയാഞ്ഞത് പരാജയത്തിന്റെ ആഴം കൂട്ടിയതായി അദ്ദേഹം വ്യക്തമാക്കി. ശരിയായി നിലത്തുറച്ച് നിൽക്കാൻ തങ്ങൾക്ക് സാധിച്ചില്ല.

"ബിജെപി ജയിച്ചില്ല എന്നതിൽ ഞാൻ ആഹ്ലാദവാനാണ്. എഎപിയുടെ വിജയം അത്രകണ്ട് എനിക്ക് നിരാശയുണ്ടാക്കുന്നില്ല. വിദ്യാഭ്യാസമേഖലയിൽ എഎപി മികച്ച പ്രവർത്തനങ്ങൾ നടത്തിയിരുന്നു," അഭിഷേക് മനു സിംഘ്‍‌വി പറഞ്ഞു.

ഇപ്പോഴും തങ്ങൾക്ക് നേതൃത്വ പ്രതിസന്ധിയെ നേരിടാൻ കഴിഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് നേതാവായ സഞ്ജയ് ഝാ പറഞ്ഞു. ഇക്കാരണത്താൽ പ്രവർത്തകർ ആത്മവീര്യം കുറഞ്ഞവരായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു തീരുമാനമെടുക്കാൻ ശേഷി കാണിക്കാതെ പാർട്ടി സ്വയം താണുപോകാൻ അനുവദിക്കുകയാണ്. കോൺഗ്രസ്സിന് തിരിച്ചുവരാൻ ഇതിലും നല്ലൊരു സമയം ഇനി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പരാജയകാരണം പഠിക്കാമെന്ന സ്ഥിരം പല്ലവി ഇനി വേണ്ടെന്ന് മറ്റൊരു കോൺഗ്രസ് നേതാവ് ശർമിഷ്ഠ മുഖർജി പറഞ്ഞു. ഉന്നത നേതൃത്വത്തിൽ നിന്നുള്ള തീരുമാനമെടുക്കലുകള്‍ വൈകുന്നത് പ്രശ്നമാണ്. ശക്തമായ നയങ്ങളും ഐക്യവും സംസ്ഥാനതലത്തിലില്ല. താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് ആത്മവീര്യം നഷ്ടപ്പെട്ടുവെന്നും അവർ പറഞ്ഞു.


Next Story

Related Stories