ഡല്‍ഹി നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ രണ്ട് പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ പ്രതികളില്‍ ഒരാള്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്കി. നാല് പ്രതികളില്‍ ഒരാളായ മുകേഷ് സിങാണ് രാഷ്ട്രപതിക്ക് മുമ്ബാകെ ദയാഹര്‍ജി സമര്‍പ്പിച്ചത്. വധ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാണ് ദയാഹര്‍ജിയിലെ ആവശ്യം.
ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാന്‍ മരണ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികളിലുള്‍പ്പെട്ട വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരായിരുന്നു തിരുത്തല്‍ ഹരജിയുമായി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി രാവിലെ തള്ളിയതിന് പിന്നാലെയാണ് മുകേഷ് സിങ് ദയാ ഹര്‍ജി സമര്‍പ്പിച്ചത്. ഇതോടെ മുന്‍ നിശ്ചയിച്ച ദിവസം വധശിക്ഷ നടപ്പാക്കാനാവില്ലെന്നാണ് വിലയിരുത്തല്‍.
രാഷ്ട്രപതിയുടെ തീരുമാനം പ്രതികള്‍ക്ക് പ്രതികൂലമായാല്‍പ്പോലും 22ന് വധശിക്ഷ നടപ്പാക്കാന്‍ സാധ്യതയില്ല. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ദയാവധത്തിനുള്ള അപേക്ഷ തള്ളിയാലും 14 ദിവസം കഴിഞ്ഞേ വധശിക്ഷ നടപ്പാക്കാനാകൂ എന്നതാണ് വിധി നടപ്പാക്കുന്നതില്‍ തിരിച്ചടിയാവുന്നത്.
വിചാരണക്കോടതി വധശിക്ഷ വിധിച്ച കേസില്‍ പ്രതികള്‍ക്കു മുന്നില്‍ ബാക്കിയുള്ള രണ്ട് മാര്‍ഗങ്ങളിലൊന്നായിരുന്നു തിരുത്തല്‍ ഹരജി രാഷ്ട്രപതിയുടെ ദയാഹരജിയും. ഇതില്‍ അവസാന സാധ്യതുയും തേടുകയാണ് ദയാഹര്‍ജി സമര്‍പ്പിക്കുന്നതിലൂടെ പ്രതികള്‍.
അതിനിടെ, നിര്‍ഭയാ കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങളുടെ പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി നാലുപ്രതികളുടെയും ഡമ്മികള്‍ തൂക്കിലേറ്റി. ആരാച്ചാര്‍ക്ക് പകരം ജയില്‍ ഉദ്യോഗസ്ഥനാണ് ഡമ്മികള്‍ തൂക്കിലേറ്റിയത്. ആദ്യമായാണ് തീഹാര്‍ ജയിലില്‍ ഒരേസമയം നാലുപ്രതികളെ തൂക്കിലേറ്റുന്നെന്ന പ്രത്യേകതയും കേസിനുണ്ട്.
ഒരേസമയം രണ്ട് പേരെ മാത്രമാണ് തൂക്കിലേറ്റാനുള്ള സൗകര്യമായിരുന്നു ഈ ജയിലിലുണ്ടായിരുന്നത്. പുതിയതായി സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. രണ്ട് ആരാച്ചാര്‍മാരായിരിക്കും ശിക്ഷ നടപ്പാക്കാന്‍ ഉണ്ടാകുകയെന്നാണ് വിവരം.