ബിന്ദാസ് ബോല്‍ എന്ന പ്രോഗ്രാമിലാണ് ഇത്തരമൊരു പരാമര്‍ശം നടന്നത്. ജാമിയ മില്ലിയ ഇസ്ലാമിയയെയും അവിടുത്തെ പൂര്‍വവിദ്യാര്‍ത്ഥികളെയും മുസ്ലിം സമൂഹത്തെ മൊത്തത്തിലും അപമാനിക്കുകയും അവര്‍ക്കെതിരെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഉള്ളടക്കം പരിപാടിയിലുണ്ടെന്നാണ് ഹരജിക്കാര്‍ വാദിച്ചത്. പരിപാടി ഇന്ന് രാത്രി എട്ടുമണിക്ക് ബ്രോഡ്കാസ്റ്റ് ചെയ്യാന്‍ വെച്ചിരുന്നതാണ്. ഇതിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു സുദര്ശന് ടിവി. ഈ ട്രെയിലറിലാണ് കടുത്ത വര്‍ഗീയവിഷം വമിക്കുന്നതെന്ന് ആരോപിക്കപ്പെട്ട പ്രസ്താവമുള്ളത്.
2020ലെ സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ കൂടുതല്‍ മുസ്ലിങ്ങളെ ഉദ്യോഗത്തിലെത്തിക്കാന് മുസ്ലിങ്ങള്‍ ഗൂഢാലോചന ചെയ്യുന്നു എന്നതായിരുന്നു പരാമര്‍ശം. സുദർശൻ ടിവിയുടെ ചെയർമാനും എംഡിയും ചീഫ് എഡിറ്ററുമായ സുരേഷ് ചാവ്ഹാങ്ക മുസ്ലിങ്ങളല്ലാത്ത തങ്ങളുടെ കാഴ്ചക്കാര്ക്കിടയില് മുസ്ലിങ്ങളെക്കുറിച്ച് ഭീതി പരത്തുകയാണ് ചെയ്യുന്നതെന്ന് ഹരജിക്കാര്‍ പറഞ്ഞു. ജില്ലാ കളക്ടര്‍മാരായും സെക്രട്ടറിപദവികളിലും ജിഹാദികളും ഭീകരവാദികളും കയറിക്കൂടുമെന്നും മറ്റുമാണ് ചാനല്‍ പരിപാടിയുടെ ട്രെയിലറില്‍ പറഞ്ഞിരുന്നത്.
കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് (റെഗുലേഷന്) ആക്ടിന്റെ വ്യവസ്ഥകളെ ലംഘിക്കുന്നതാണ് ഈ പരിപാടിയെന്നും ഹരജിക്കാര്‍ വാദിച്ചു.
അടുത്ത വാദം കേള്‍ക്കുന്നതു വരെ പരിപാടിയുടെ ബ്രോഡ്കാസ്റ്റിങ് തടയുന്നുവെന്നാണ് ഉത്തരവിലുള്ളത്.
ഈ പരിപാടിക്കെതിരെ നിരവധി പ്രമുഖര്‍ രംഗത്തു വന്നിരുന്നു. സംവിധായകരായ അനുരാഗ് കശ്യപ്, കബീർ ഖാൻ, വിക്രമാദിത്യ മോട്വാനേ, ബിജോയ് നമ്പ്യാർ അടക്കമുള്ളമുള്ള ചലച്ചിത്ര പ്രവർത്തകരും, സാഗരിക ഘോഷ്, പരൻജോയ് ഗുഹ തകൂർത്ത തുടങ്ങിയ മാധ്യമപ്രവർത്തകരും പ്രതിഷേധിക്കുകയുണ്ടായി. ഇവര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. ട്വിറ്ററില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ടാഗ് ചെയ്തിട്ടാണ് സുദര്ശന് ടിവി ഈ വര്‍ഗീയപ്രചാരണം നടത്തിയതെന്നതും ശ്രദ്ധേയമാണ്.
ഡല്‍ഹി ഹൈക്കോടതി ഉത്തരവ്