TopTop

ജെഎൻയുവിൽ പഴയ ഫീസ് ഘടനയിലും ഹോസ്റ്റൽ മാന്വലിലും രജിസ്ട്രേഷൻ നടത്താൻ ഹൈക്കോടതി ഉത്തരവ് - വിദ്യാർത്ഥികൾക്ക് വിജയം

ജെഎൻയുവിൽ പഴയ ഫീസ് ഘടനയിലും ഹോസ്റ്റൽ മാന്വലിലും രജിസ്ട്രേഷൻ നടത്താൻ ഹൈക്കോടതി ഉത്തരവ് - വിദ്യാർത്ഥികൾക്ക് വിജയം

ജെഎന്‍യുവിൽ (ജവഹർലാൽ നെഹ്രു) പഴയ ഹോസ്റ്റൽ മാന്വൽ പ്രകാരമേ റജിസ്‌ട്രേഷൻ നടപടി പാടുള്ളുവെന്ന് ഡൽഹി ഹൈക്കോടതി. ഇനിയും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്തവർ പഴയ ഫീസ് ഘടനയില്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്നും ഇവരിൽ നിന്ന് ലേറ്റ് ഫീ ഇടക്കരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. സര്‍വകലാശാലയോട് രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി. ഫീസ് വർധനവിനെതിരെയും പുതിയ ഹോസ്റ്റൽ മാനുവൽ പിണവലിക്കണമെന്നും ആവശ്യപ്പെട്ട് ജെഎൻയു വിദ്യാർത്ഥി യൂണിയൻ നൽകിയ ഹർജിയിലാണ് നടപടി. കേസ് ഫെബ്രുവരി 28ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്, ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയ്ക്കും മാന്വല്‍ പരിഷ്‌കാരങ്ങള്‍ക്കുമെതിരെ മാസങ്ങളായി സമരം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി. പ്രധാനമായും നാല് കാര്യങ്ങളാണ് ജെഎന്‍യു അഡ്മിനിസ്‌ട്രേഷനോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടത്.

1. പഴയ ഫീസില്‍, പഴയ ഹോസ്റ്റല്‍ മാന്വല്‍ അനുസരിച്ച് വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍

2. ഫൈന്‍ ഈടാക്കാതെ ഒരാഴ്ചത്തേയ്ക്ക്, രജിസ്‌ട്രേഷനുള്ള അവസാന തീയതി നീട്ടുക.

3. ഹോസ്റ്റല്‍ മാന്വല്‍ അനുസരിച്ച് സംവരണം ഉറപ്പാക്കുക

4. പ്രശ്‌ന പരിഹാരത്തിനായി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുക.

ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍, ഹൈക്കോടതിയ്ക്ക് നന്ദി അറിയിച്ചു. അടുത്ത ആഴ്ചയ്ക്കകം പഴയ നിരക്കില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ വിദ്യാര്‍ത്ഥികളോട് ജെഎന്‍യു എസ് യു ആവശ്യപ്പെട്ടു. എല്ലായ്‌പ്പോളും വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് വിദ്യാര്‍ത്ഥി യൂണിയന്‍, അഡ്മിനിസ്‌ട്രേഷനെ അറിയിച്ചു. അതേസമയം പുതിയ ഹോസ്റ്റല്‍ മാന്വലിനെതിരായ സമരം തുടരുമെന്നും ജെഎന്‍യു എസ് യു വ്യക്തമാക്കി.


Next Story

Related Stories