TopTop
Begin typing your search above and press return to search.

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ്‌ സുബൈറിന്റെ അറസ്റ്റ് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ്‌ സുബൈറിന്റെ അറസ്റ്റ് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി. ഒരു ട്വീറ്റുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുബൈര്‍ നല്‍കിയ ഹര്‍ജിയിലാണ് അദ്ദേഹത്തിന് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റാണ് ആള്‍ട്ട് ന്യൂസ്.

ഈ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് യോഗേഷ് ഖന്ന ഡല്‍ഹി സര്‍ക്കാരിനും സൈബര്‍ സെല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കി. ജഗദീഷ് സിംഗ് എന്ന ട്വിറ്റര്‍ ഉപയോക്താവ് തനിക്കെതിരെ ഫയല്‍ ചെയ്തിരിക്കുന്ന ക്രിമിനല്‍ റിട്ട് പെറ്റീഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുബൈര്‍ കോടതിയെ സമീപിച്ചത്.

ട്വിറ്ററില്‍ ജഗദീഷ് സിംഗ് എന്നയാള്‍ തന്റെ ട്വീറ്റുകള്‍ക്ക് മറുപടി പറയുന്ന വേളയില്‍ നിരന്തരം അസഭ്യവര്‍ഷങ്ങള്‍ നടത്തുന്നതിനെ കുറിച്ച് സുബൈര്‍ ഇട്ട ട്വീറ്റാണ് കേസിനാധാരം. തന്റെ കൊച്ചുമകളുമൊത്ത് നില്‍ക്കുന്നതാണ് ജഗദീഷ് സിംഗിന്റെ പ്രൊഫൈല്‍ ചിത്രം. ഇതില്‍ കൊച്ചുമകളുടെ ചിത്രം തിരിച്ചറിയാനാവാത്ത വിധം മായ്ച്ച ശേഷം, കൊച്ചുമകളുമൊത്തുള്ള ഇത്തരമൊരു ചിത്രമൊക്കെ ഇട്ടിട്ടാണോ ഇത്തരത്തില്‍ അസഭ്യം പറയുന്നത് എന്നായിരുന്നു സുബൈറിന്റെ ട്വീറ്റ്.

ഇതിനെതിരെ ജഗദീഷ് സിംഗ് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. തന്റെ കൊച്ചുമകള്‍ക്കെതിരെ സൈബര്‍ ലൈംഗികാതിക്രമം നടത്താന്‍ കാരണക്കാരനായി എന്നാണ് ഒരു പരാതി.

തനിക്ക് എഫ്.ഐ.ആറിന്റെ പകര്‍പ്പ് പോലും ലഭ്യമാക്കിയിട്ടില്ലെന്ന് സുബൈര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും നടത്തുന്ന വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പരിശോധിക്കുകയും സത്യാവസ്ഥ ജനങ്ങളെ അറിയിക്കുകയും ചെയ്യുന്ന ആള്‍ട്ട് ന്യൂസ് എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകനാണ് സുബൈര്‍ എന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ കോളിന്‍ ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടി. ഈ കാരണം കൊണ്ടു തന്നെ തങ്ങളുടെ വ്യാജവാര്‍ത്തകളും പ്രസ്താവനകളും തെറ്റാണെന്ന് തെളിയുമ്പോള്‍ ചില ആളുകളുടേയും അവരുടെ അണികളുടേയും അവഹേളനത്തിനും ഭീഷണിക്കും സുബൈര്‍ ഇരയാകുന്നുവെന്ന കാര്യവും അദ്ദേഹം കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി.

പുരോഗമന മൂല്യങ്ങള്‍ പുലര്‍ത്തുന്നവരെയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയും നിരന്തരം ആക്രമിക്കുന്ന സ്വഭാവക്കാരനാണ് ജഗദീഷ് സിംഗ് എന്നും ഗോണ്‍സാല്‍വസ് വാദിച്ചു.


Next Story

Related Stories