TopTop

ഡല്‍ഹി കെജ്രിവാളിന് ഒരു അവസരം കൂടി നല്‍കുമോ? വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ അവസാന കണക്കൂകൂട്ടലുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

ഡല്‍ഹി കെജ്രിവാളിന് ഒരു അവസരം കൂടി നല്‍കുമോ? വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ  അവസാന കണക്കൂകൂട്ടലുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

കഴിഞ്ഞ ഒരുമാസമായി നടന്ന ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാക്ഷിയായ രാജ്യ തലസ്ഥാനം അടുത്ത അഞ്ച് വര്‍ഷത്തേക്ക് നഗരത്തെ ആര് ഭരിക്കണമെന്ന തീരുമാനിക്കാനുള്ള തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുകയാണ്. 14.79 ദശലക്ഷം വോട്ടര്‍മാര്‍ 70 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള പ്രതിനിധികളെയാണ് തെരഞ്ഞെടുക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ ഉയര്‍ത്തികാണിക്കാതെയാണ് ബി.ജെ.പിയും കോണ്‍ഗ്രസ്സും മത്സരത്തിനിറങ്ങിയിരിക്കുന്നത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി ബഹു ദൂരം മുന്നിലാണ്. വോട്ടിംങ് മെഷിനില്‍ കൃത്രിമത്വം നടന്നില്ലെങ്കില്‍ സര്‍വ്വെ ഫലം യാഥാര്‍ത്ഥ്യമാവുമെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ ഉറച്ച പ്രതീക്ഷ
പൗരത്വ ഭേദഗതി നിയമവും ദേശ സുരക്ഷയും പ്രധാന പ്രചാരണ ആയുധമാക്കിയാണ് ബി.ജെ.പി വോട്ടു പിടിച്ചത്. അതേസമയം, തങ്ങളുടെ അഞ്ചു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍, പ്രത്യേകിച്ച് വിദ്യാഭ്യാസ, സേവന മേഖലകള്‍ നിരത്തിയാണ് എ.എ.പി വോട്ട് ചോദിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിക്കാതിരുന്ന കോണ്‍ഗ്രസ് പുതിയ വാഗ്ദാനങ്ങളും തങ്ങളുടെ ഡല്‍ഹിയിലെ 15 വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ പറഞ്ഞുമാണ് വോട്ട് പിടിച്ചത്.
വികസനത്തിന്റെ രാഷ്ട്രീയം വേണോ അതോ 'ദുരുപയോഗത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയം തിരഞ്ഞെടുക്കണോ' എന്ന് ആളുകള്‍ തീരുമാനിക്കേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്. കെജ്രിവാൾ കുടുംബാംഗങ്ങളോടൊപ്പമെത്തിയാണ് രാവിലെ വോട്ട് രേഖപ്പെടുത്തിയത്.
കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കേവലം മൂന്നു സീറ്റുകളില്‍ മാത്രം വിജയിക്കാനായ ബി.ജെ.പിക്ക് ഈ തെരഞ്ഞടുപ്പില്‍ 25 സീറ്റ് വരെ നേടാനാകുമെന്നാണ് ഒരു കേന്ദ്ര സഹമന്ത്രി സ്വകാര്യ സംഭാഷണത്തിനിടെ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയത്. എന്നാല്‍, കഴിഞ്ഞ ദിവസം അദ്ദേഹം 10 മുതല്‍ 15 വരെ സീറ്റുകള്‍ ബി.ജെ.പി എന്തായാലും നേടുമെന്ന് മാത്രമാണ് പറഞ്ഞത്. പ്രചാരണത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന ആത്മവിശ്വാസം ബി.ജെ.പിക്ക് ഒടുക്കത്തില്‍ നിലനിര്‍ത്താനായിട്ടില്ലെന്നാണ് നേതാക്കളുമായും പ്രവര്‍ത്തകരുമായുള്ള സംഭാഷണത്തില്‍ തെളിയുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംപൂജ്യരായ, സംസ്ഥാനത്തെ പഴയ പടക്കുതിരയായ കോണ്‍ഗ്രസ്സിനാവട്ടെ ഹരിയാന ആവര്‍ത്തിക്കുമെന്ന് മാത്രമാണ് പറയാനുള്ളത്. ഹരിയാനയില്‍ അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍ മൂന്ന് സീറ്റ് മാത്രം പ്രവചിച്ചിരുന്ന സ്ഥാനത്താണ് 31 സീറ്റ് നേടി കോണ്‍ഗ്രസ് പുനര്‍ജീവിച്ചത്. ഇതെ രീതി ഡല്‍ഹിയിലും ആവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്ര്സ നേതാക്കളും അണികളും പ്രതീക്ഷിക്കുന്നത്. എന്നാല്‍, മുന്‍ എ.എ.പി എം.എല്‍.എയും അതിന് മുന്‍പ് കോണ്‍ഗ്രസുകാരിയുമായിരുന്ന അല്‍ക ലാംബ മത്സരിക്കുന്ന ചാന്ദ്നി ചൗക് മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് കുറച്ചെങ്കിലും പ്രതീക്ഷയുള്ളത്. 2015ല്‍ അല്‍ക ലാംബ ഇവിടെ നിന്ന് എ.എ.പി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചിരുന്നു.
ആം ആദ്മി പാര്‍ട്ടി 40ല്‍ അധികം സീറ്റുകള്‍ നേടുമെന്നാണ് സംഘപരിവാര്‍ അനുകൂലികളായ പ്രവര്‍ത്തകര്‍ വരെ ഉറപ്പിച്ച് പറയുന്നത്. കഴിഞ്ഞ നാലു വര്‍ഷം ഒന്നും ചെയ്യാതെ അവസാനത്തെ ഒരു വര്‍ഷം പല ജനോപകാര പ്രദമായ കാര്യങ്ങളും കെജ്രിവാള്‍ സര്‍ക്കാര്‍ നടത്തി എന്നാണ് ഇതിന് കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
പട്ടേല്‍ ചൗക് മെട്രൊ സ്റ്റേഷന് സമീപം തെരുവ് കച്ചവടം നടത്തുന്ന രാജേഷ് പറയുന്നത്, ബി.ജെ.പി വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയില്ലെങ്കില്‍ ഇക്കുറി കൂടുതല്‍ സീറ്റുകള്‍ നേടി കെജ്രിവാള്‍ വീണ്ടും മുഖ്യമന്ത്രിയാവുമെന്നാണ്. കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണങ്ങളും തടസ്സങ്ങളും തട്ടി മാറ്റി കെജ്രിവാള്‍ പലതും ചെയ്തു. ഇക്കുറി ആര് ജയിക്കും ആര്‍ക്കാണ് വോട്ട് ചെയ്യുക എന്ന ചോദ്യത്തിന് ആര് ജയിക്കണം എന്നായിരുന്നു രാജേഷിന്റെ മറുപടി. കെജ്രിവാള്‍ കുച്ച് കിയ.... ഇസ്ലിയെ വൊ ദുബാരാ ആനാ ചാഹിയെ.... രാജ്യ തലസ്ഥാനത്തെ ചേരികളും കോളനികളും കെജ്രിവാളിനെ തന്നെയാണ് പിന്തുണക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
1991ല്‍ ഡല്‍ഹി നിയമസഭ നിലവില്‍ വന്നതിന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പായിരുന്നു 2015ലേത്. 67 ശതമാനം പേരാണ് അന്ന് സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തിയത്. 74.2 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയ ഗോകല്‍പൂരിലാണ് ഏറ്റവും കൂടിയ വോട്ടിങ് ശതമാനം- 74.2. ഏറ്റവും കുറവ് ഡല്‍ഹി കന്റോണ്‍മെന്റിലായിരുന്നു 58.6 ശതമാനം പേര്‍ മാത്രമാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്.
പരമാവധി ആളുകളെ പോളിങ് ബൂത്തിലെത്തിക്കാനുള്ള ശ്രമമാണ് ഇക്കുറി എ.എ.പി നടത്തുന്നത്. ഇതിനായി 10,000 വളണ്ടിയര്‍മാരെയാണ് എ.എ.പി സജ്ജമാക്കിയിട്ടുള്ളത്. വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും പ്രത്യേക സംഘത്തിന് പാര്‍ട്ടി പരിശീലനം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയിലെ ഫിറോസ് ഷാ റോഡിലുള്ള എ.എ.പിയുടെ സെന്‍ട്രല്‍ വാര്‍ റൂം ആണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. സംസ്ഥാനത്തെ 70 മണ്ഡലങ്ങളിലും ഇത്തരത്തില്‍ തെരഞ്ഞടുപ്പ് വാര്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആളുകളെ പോളിങ് ബൂത്തുകളില്‍ എത്തിക്കുന്നതിനായി 67,815 ബൂത്ത് പ്രവര്‍ത്തകരെ നിയോഗിച്ചാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം. ഇതിനു പുറമെ, ഡല്‍ഹിയില്‍ ആകെയുള്ള 13,563 ബൂത്തുകളിലായി 27,126 ബൂത്ത് ഏജന്റുമാരെയും നിയമിച്ചിട്ടുണ്ട്. ഓരോ ബൂത്തിലുംചുരുങ്ങിയത് അഞ്ച് പേരെയാണ് എ.എ.പി നിയോഗിച്ചിട്ടുള്ളതെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ സോംനാഥ് ഭാരതി അഴിമുഖത്തോട് പറഞ്ഞു.
ഓരോ മണ്ഡലത്തിലും 1800 പ്രവര്‍ത്തകരെ നിയോഗിച്ചാണ് ബി.ജെ.പിയുടെ പ്രവര്‍ത്തനം. ഉയര്‍ന്ന വോട്ടിങ് ശതമാനം തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞത്. പൗരത്വ ഭേദഗതി നിയമം, കശ്മീരിന് പ്രത്യേക പദവി നല്‍കിയ 370 -ാം വകുപ്പ് റദ്ദാക്കിയതും മുത്തലാഖ് നിരോധിച്ചതും എല്ലാം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പോളിംഗ് ബൂത്തില്‍ 10 മുതല്‍ 15 വരെ പാര്‍ട്ടി പ്രവര്‍ത്തകരെ പാര്‍ട്ടി വിന്യസിച്ചിട്ടുണ്ടെന്ന് പോളിങ് ചുമതലയുള്ള ശ്യാം ജാജു പറഞ്ഞു. 'പരമാവധി പോളിംഗ് ഉറപ്പാക്കുന്നതിന് ഞങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്കായി മീറ്റിംഗുകള്‍ നടത്തി. ഇക്കുറി ഞങ്ങള്‍ അടിത്തട്ടില്‍ പ്രചരണം നടത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള ഞങ്ങളുടെ മുതിര്‍ന്ന നേതാക്കള്‍ കോര്‍ണര്‍ (നുക്കഡ്) മീറ്റിംഗുകള്‍ നടത്തി' അദ്ദേഹം പറഞ്ഞു.
45 മുതല്‍ 70 സീറ്റുകള്‍ വരെ ബി.ജെ.പി ഇക്കുറി നേടുമെന്നാണ് അമിത് ഷാ അവകാശപ്പെട്ടത്.
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമ്പോള്‍ ചില സീറ്റുകളില്‍ ഞങ്ങള്‍ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ വോട്ടര്‍മാരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞോ ഇല്ലയോ എന്ന് നോക്കേണ്ട സമയമാണിതെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന എഐസിസി നേതാവ് പറഞ്ഞത്. ചാന്ദ്നി ചൗക്, കസ്തുര്‍ബ നഗര്‍, സീമാപുരി, മെഹ്റോളി എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ്സിന് പ്രചാരണത്തിന് മുന്‍തൂക്കമുള്ളത്. കസ്തുര്‍ബ നഗര്‍, മെഹ്റോളി എന്നീ മണ്ഡലങ്ങളില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, രമ്യ ഹരിദാസ് എന്നിവരും പ്രചാരണത്തിനെത്തിയിരുന്നു. ഇതില്‍ മെഹ്റോളി മണ്ഡലത്തില്‍ മലയാളി വോട്ടര്‍മാര്‍ക്ക് ഗണ്യമായ സ്വാധീനമുണ്ട്.


Next Story

Related Stories