TopTop
Begin typing your search above and press return to search.

ഡല്‍ഹി കലാപം: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ആപ്പ് മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

ഡല്‍ഹി കലാപം: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ആപ്പ് മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കും കലാപത്തിനും പ്രേരണയും പിന്തുണയും നല്‍കിക്കൊണ്ട് ഡമ്മി കമ്പനികളിലൂടെ താഹിറും സംഘവും 1.10 കോടി കള്ളപ്പണ്ണം വെളുപ്പിച്ചെന്ന ആരോപണം ഇഡി അന്വേഷിച്ചുവരികയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധിക്കുന്ന 2002ലെ ആക്ടിന്റെ വിവിധ വകുപ്പുകളാണ് താഹിറിനും മറ്റൊരു ആരോപണ വിധേയനായ അമിത് ഗുപ്തക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഈ മാസം 19ന് ഇരുവരും കോടതിയില്‍ ഹാജരാകണമെന്നും അഡീഷണല്‍ ജഡ്ജി അമിതാഭ് റാവത്ത് നിര്‍ദേശിച്ചു.

ആരോപണ വിധേയരുടെ ഇടപെടല്‍ വ്യക്തമാക്കുന്നതിനുള്ള മതിയായ രേഖകള്‍ ഉണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാക്കാനാകുന്നത്. അതിനാലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധിക്കുന്ന 2002ലെ ആക്ടിലെ വിവിധ സെക്ഷനുകള്‍ ഇരുവര്‍ക്കുമെതിരെ ചുമത്തുന്നതെന്നും കോടതി വ്യക്തമാക്കി. അതേസമയം, കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അനുബന്ധ പരാതി പിന്നീട് സമര്‍പ്പിക്കാമെന്നും ഇഡി കുറ്റപത്രത്തില്‍ അറിയിച്ചു. നിയമപ്രകാരമുള്ള കൂടുതല്‍ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ടുപോകാമെന്ന് കോടതിഅറിയിച്ചു.

കേസില്‍ താഹിര്‍ ഹുസൈന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന, വ്യാജപ്രചാരണം, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയില്‍ താഹിര്‍ ഹുസൈന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇഡിയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍കെ മാട്ട നേരത്തെ കോടതിയെ അറിയിച്ചിരുന്നു. വിവിധ സ്ഥലങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ഇതുസംബന്ധിച്ച രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും ഇഡി കണ്ടെടുത്തിട്ടുണ്ടെന്നും മാട്ട പറഞ്ഞു. അതേസമയം, താഹിര്‍ ഹസൈന്‍ സാഹചര്യങ്ങള്‍ നിമിത്തം ഇരയായിത്തീരുകയും തെറ്റായി പ്രതിചേര്‍ക്കപ്പെടുകയും ചെയ്തതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ അറിയിച്ചത്.

കലാപവുമായി ബന്ധപ്പെട്ട നിരവധി കേസുകളിലാണ് താഹിര്‍ ഹുസൈന്‍ അറസ്റ്റ് ചെയ്തത്. യുഎപിഎ ഉള്‍പ്പെടെ ചുമത്തിയിരുന്നു. കലാപത്തിനിടെ ഐ.ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ അറസ്റ്റിലായിരുന്നു. ഫെബ്രുവരി 24ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലാണ് വര്‍ഗീയ കലാപമായി പരിണമിച്ചത്. ഏറ്റുമുട്ടല്‍ നിയന്ത്രണാതീതമായതിനെത്തുടര്‍ന്ന് 53 പേര്‍ മരിക്കുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


Next Story

Related Stories