TopTop
Begin typing your search above and press return to search.

ഡല്‍ഹി കലാപം, യെച്ചൂരി ഉള്‍പ്പെടുത്തിയവരുടെ പേരുകള്‍ കുറ്റപത്രത്തില്‍ വന്നതിന് വിശദീകരണവുമായി പൊലീസ്, ഉൾപ്പെടുത്തിയത് പ്രതിഷേധം സംഘടിപ്പിച്ചവരുടെ പേരുകള്‍

ഡല്‍ഹി കലാപം, യെച്ചൂരി ഉള്‍പ്പെടുത്തിയവരുടെ പേരുകള്‍ കുറ്റപത്രത്തില്‍ വന്നതിന് വിശദീകരണവുമായി പൊലീസ്, ഉൾപ്പെടുത്തിയത് പ്രതിഷേധം സംഘടിപ്പിച്ചവരുടെ പേരുകള്‍

ഡല്‍ഹി വര്‍ഗീയ ലഹളയുമായി ബന്ധപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ കുറ്റപത്രത്തിൽ വന്നതിനെക്കുറിച്ച് വിശദീകരണവുമായി ഡല്‍ഹി പൊലീസ്. കലാപം ആസുത്രണം ചെയ്തുവെന്ന കാണിച്ച് യെച്ചൂരി അടക്കമുള്ളവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. യെച്ചൂരി, സാമ്പത്തിക ശാസ്ത്രജ്ഞ ജയതി ഘോഷ്, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തിൽ ഉള്‍പ്പെട്ടിരുന്നത്. ഇത് രാജ്യവ്യാപകമായി വലിയ വിവാദമുണ്ടായതിനെതുടര്‍ന്നാണ് വിശദീകരണവുമായി ഡല്‍ഹി പൊലീസ് രംഗത്തെത്തിയത്.

കലാപം ആസുത്രണം ചെയ്തുവെന്ന തരത്തില്‍ ആരുടെയും പേര് വിവരങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് വക്താവ് പറഞ്ഞു.

'കേസുമായി ബന്ധപ്പെട്ട് ഒരു പ്രതി നല്‍കിയ വിവരങ്ങള്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. പ്രതി പേര് പരാമര്‍ശിച്ചുവെന്നതുകൊണ്ട് മാത്രം ആരും പ്രതിയാക്കപ്പെടുന്നില്ല. അനുബന്ധ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ആളുകള്‍ പ്രതിചേര്‍ക്കപ്പെടുക.' ഇതായിരുന്നു ഡല്‍ഹി പൊലീസിന്റെ വിശദീകരണം.

ശനിയാഴ്ച വൈകിട്ടാണ് സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരുകള്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കുറപത്രത്തില്‍ ഉണ്ടെന്ന് വിവരം പുറത്തുവന്നത്. ഇതിനെതിരായ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്.

ബിജെപി സര്‍ക്കാരിന്റെ ഭീഷണിപ്പെടുത്തല്‍ വഴി പൗരത്വഭേദഗതി നിയമം പോലുള്ള വിവേചനപരമായ നിയമങ്ങള്‍ക്കെതിരായ പോരാട്ടം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. ഡല്‍ഹിയില്‍ 56 പേരുടെ മരണത്തിനു കാരണമായ കലാപത്തിലേക്ക് നയിച്ച വിദ്വേഷപ്രസംഗങ്ങള്‍ രേഖയാണ്. ജെഎന്‍യുവില്‍ അക്രമത്തിനു നേതൃത്വം നല്‍കിയ വ്യക്തിയുടെ ദൃശ്യങ്ങളുമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ് ഇതൊന്നും കാണുന്നില്ല.

ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ഡല്‍ഹി പൊലീസിന്റെ നിയമവിരുദ്ധ നടപടികളെന്ന് അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയഅധികാരം ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമര്‍ത്താമെന്ന് അവര്‍ കരുതുന്നതെന്നും അടിയന്താരാവസ്ഥയെ നേരിട്ട ജനം ഇതിനെയും അതിജീവിക്കുമെന്നും യെച്ചൂരി പറഞ്ഞു.

കോണ്‍ഗ്രസ് എം പി ശശി തരൂരും ഡല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ രംഗത്തുവന്നു.



ഡല്‍ഹി പൊലീസിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കലാപത്തിന് യഥാര്‍ത്ഥത്തില്‍ കാരണക്കാരായവരെ രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.



വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയെ ഒഴിവാക്കിയവര്‍ തന്നെയാണ് യെച്ചൂരിയെ പൊലുള്ളവരെ പ്രതിചേര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.


Next Story

Related Stories