TopTop
Begin typing your search above and press return to search.

ഉപാധ്യക്ഷൻ പറഞ്ഞത് നുണയെന്ന് വ്യക്തമാക്കി രാജ്യസഭ ടിവി ദൃശ്യങ്ങൾ - വോട്ടെടുപ്പ് ആവശ്യപ്പെടുമ്പോൾ പ്രതിപക്ഷം സീറ്റിലുണ്ടായിരുന്നു

ഉപാധ്യക്ഷൻ പറഞ്ഞത് നുണയെന്ന് വ്യക്തമാക്കി രാജ്യസഭ ടിവി ദൃശ്യങ്ങൾ -  വോട്ടെടുപ്പ് ആവശ്യപ്പെടുമ്പോൾ പ്രതിപക്ഷം സീറ്റിലുണ്ടായിരുന്നു

കാര്‍ഷികബില്ലുകളില്‍ വോട്ടെടുപ്പ് ആവശ്യപ്പെടുമ്പോള്‍ പ്രതിപക്ഷാംഗങ്ങളാരും സീറ്റിലുണ്ടായിരുന്നില്ല എന്നാണ് വോട്ടെടുപ്പ് ആവശ്യം തള്ളിയതിന് ന്യായീകരണമായി രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് സിംഗ് പറഞ്ഞത്. വോട്ടെടുപ്പ് നടത്തണമെങ്കില്‍ അംഗങ്ങള്‍ ഇരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതായും എന്നാല്‍ ഇതുണ്ടായില്ലെന്നും ഹരിവംശ് സിംഗ് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്ന് രാജ്യസഭ ടിവിയുടെ ദൃശ്യങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. ഉച്ചയ്ക്ക് ഒരു മണി മുതലുള്ള രാജ്യസഭാ ദൃശ്യങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ കെ കെ രാഗേഷും ഡിഎംകെയുടെ തിരുച്ചി ശിവയും സീറ്റിലിരുന്നുകൊണ്ട് തന്നെയാണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്.

ബില്ലുകള്‍ എടുക്കുന്നത് വരെ സഭ ഇരിക്കാന്‍ തയ്യാറുണ്ടോ എന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ ചോദിക്കുന്നുണ്ട്. ബില്ലുകള്‍ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ്സിന്റെ ആനന്ദ് ശര്‍മ്മയും ജയറാം രമേഷും ആവശ്യപ്പെടുന്നു. ഈ രണ്ട് പേരും തിരുച്ചി ശിവയുടെ സഭയുടെ വികാരം മനസ്സിലാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ബില്ലുകള്‍ സമവായമുണ്ടെന്ന് പറയുന്ന ഹരിവംശ് സിംഗ്, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനോട് തുടര്‍ന്നുകൊള്ളാന്‍ പറയുന്നു. ഇതോടെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

സ്റ്റാറ്റിയൂട്ടറി റെസൊലൂഷന്‍ വായിക്കാന്‍ കെ കെ രാഗേഷിനോട് ഡെപ്യൂട്ടി ചെയര്‍മാന്‍ ആവശ്യപ്പെട്ടത് 1.07ന്. സ്റ്റാറ്റിയൂട്ടറി റെസൊലൂഷന്‍ ശബ്ദവോട്ടില്‍ തള്ളുന്നു. കാര്‍ഷിക ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കെ കെ രാഗേഷ് മുന്നോട്ടുവച്ച പ്രമേയം പരിഗണിക്കുന്നു. ഇതും ശബ്ദവോട്ടില്‍ തള്ളുന്നു. സമയം 1.08

വോട്ടെടുപ്പിനുള്ള ആവശ്യം സീറ്റിലിരുന്നുകൊണ്ട് ഉന്നയിക്കണമെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ ആവശ്യപ്പെടുന്നു. സമയം 1.09. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടുള്ള, തൃണമൂല്‍ കോണ്‍ഗ്രസ്സിലെ ഡെറിക്ക് ഓബ്രിയന്റെ പ്രമേയം എടുക്കുന്നു. ഇത് ശബ്ദവോട്ടോടെ തള്ളുന്നു. ഇതിനിടെയും പ്രതിപക്ഷാംഗങ്ങള്‍ വോട്ടെടുപ്പ് ആവശ്യപ്പെടുന്നത് കേള്‍ക്കാം. 1.10ന് ഡിഎംകെയിലെ തിരുച്ചി ശിവ സീറ്റിലിരുന്ന് കൊണ്ട് വോട്ടെടുപ്പ് ആവശ്യപ്പെട്ടു. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തിരുച്ചി ശിവയും ഉന്നയിക്കുന്നു. ഇത് തള്ളുന്നു. നിങ്ങളിത് ചെയ്യാന്‍ പാടില്ല എന്നുറക്കെ വിളിച്ച് ഡെപ്യൂട്ടി ചെയര്‍മാന്റെ പോഡിയത്തിന് സമീപത്തേക്ക് റൂള്‍ ബുക്കി ഉയര്‍ത്തിക്കാട്ടി ഡെറിക്ക് ഓബ്രിയന്‍ പറയുന്നു. തിരുച്ചി ശിവ സീറ്റില്‍ തന്നെയാണ് ഈ സമയം.

1.11 - ബില്ലുകളുടെ വ്യവസ്ഥകള്‍ ഓരോന്നായി ഡെപ്യൂട്ടി സ്പീക്കര്‍ എടുക്കുന്നു. ക്ലോസ് 2ന് കെ കെ രാഗേഷ് നിര്‍ദ്ദേശിച്ച ഭേദഗതി തള്ളുന്നു. ഗാലറിയിലെ ഇരിപ്പിടത്തില്‍ രാഗേഷ് ഈ സമയം ഇരിക്കുകയാണ്. ഇരുന്നുകൊണ്ട് ബില്ലുകളില്‍ വോട്ടെടുപ്പ് ആവശ്യപ്പെടുന്നു.

1.12നും രാഗേഷ് സീറ്റിലുണ്ട്.

1.14ന് രാജ്യസഭ ടിവിയുടെ ഓഡിയോ മ്യൂട്ട് ആയി. മ്യൂട്ട് ആയി തന്നെ തുടരുന്നു.

1.26ന് സഭ 15 മിനുട്ട് നേരത്തേയ്ക്ക് നിർത്തിവച്ചു.


Next Story

Related Stories