Top

ഫഡ്നാവിസ് രാജി വെച്ചു; കാവൽ മുഖ്യമന്ത്രി അധികാരം ദുരുപയോഗം ചെയ്തേക്കുമെന്ന സേനയുടെ പരാതിക്കു പിന്നാലെ

ഫഡ്നാവിസ് രാജി വെച്ചു; കാവൽ മുഖ്യമന്ത്രി അധികാരം ദുരുപയോഗം ചെയ്തേക്കുമെന്ന സേനയുടെ പരാതിക്കു പിന്നാലെ

മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം ദേവേന്ദ്ര ഫഡ്നാവിസ് രാജി വെച്ചു. ശനിയാഴ്ച സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി. ഫഡ്നാവിസിനെ കെയർടേക്കർ മുഖ്യമന്ത്രിയായി തുടരാനനുവദിക്കുന്നതിനെ എതിർത്ത് ശിവസേന രംഗത്തു വന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി. കെയർടേക്കർ പദവി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് ശിവസേന പ്രസ്താവനയിറക്കിയിരുന്നു.

ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ച ശിവസേന ഇപ്പോൾ ബിജെപിയോടാവശ്യപ്പെടുന്നത് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കണമെന്നാണ്. ശിവസേനയുടെ പിന്തുണയില്ലാതെ ഇത്തരമൊരു നീക്കത്തിന് ബിജെപി തയ്യാറല്ല. നിലവിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം ബിജെപിയാണെന്ന് ചൂണ്ടിക്കാട്ടി ശിവസേന തങ്ങളുടെ മുഖപത്രമായ സാമനയിൽ ലേഖനമെഴുതിയിരുന്നു.

സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം തുടങ്ങിയിട്ട് ഇന്നേക്ക് പതിനഞ്ച് ദിവസമായി. ശിവസേനയോ ബിജെപിയോ ഇതുവരെ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചിട്ടില്ല. മുഖ്യമന്ത്രിപദം തുല്യ കാലയളവിൽ രണ്ട് പാർട്ടികൾക്കായി പങ്കിടണമെന്ന ആവശ്യത്തിൽ നിന്നും ശിവസേന പിന്നോട്ടു പോയിട്ടില്ല. കഴിഞ്ഞദിവസം ബിജെപി നേതാക്കൾ ഗവർണറെ നേരിൽക്കണ്ട് സ്ഥിതിഗതികൾ വിശദീകരിച്ചു.

രണ്ട് സാധ്യതകളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി മുന്നിൽക്കാണുന്നത്. ഒന്ന്, പതിനഞ്ച് ദിവസത്തേക്കു കൂടി ഫഡ്നാവിസിനെ കെയർടേക്കർ സർക്കാരായി തുടരാൻ അനുവദിച്ച് ആ കാലയളവിനുള്ളിൽ സർക്കാർ രൂപീകരണം സാധിക്കുമോയെന്ന് നോക്കുക. നടന്നില്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിലേക്ക് പോകുക.

ഒരു സംസ്ഥാനത്തിന്റെ ഭരണഘടനാ സംവിധാനം പരാജയപ്പെട്ടെന്ന് ബോധ്യമായാൽ പ്രസിഡണ്ടിന്റെ ഭരണം നടപ്പാക്കാമെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 356 നിർദ്ദേശിക്കുന്നുണ്ട്. ഇതിന് ഗവർണറുടെ റിപ്പോർട്ടിനെയാണ് രാഷ്ട്രപതി ആശ്രയിക്കുക. മഹാരാഷ്ട്രയിലെ ഇന്നത്തെ സ്ഥിതി വെച്ച് രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാൻ ഗവർണർക്ക് സാധിക്കില്ല. എല്ലാ കക്ഷികളുമായും ചർച്ച നടത്തി, എല്ലാ സാധ്യതകളും അടഞ്ഞുവെന്ന് ഉറപ്പായ ശേഷം മാത്രമേ ഇത്തരമൊരു നടപടിയിലേക്ക് പോകാൻ ഗവർണർക്കാകൂ. നിലവിൽ ശിവസേന ഒരു സർക്കാർ രൂപീകരണത്തിന് ശ്രമിച്ചാൽ എൻസിപിയുടെയും കോൺഗ്രസ്സിന്റെയും പിന്തുണ ലഭിക്കാൻ സാധ്യത നിലനിൽക്കുന്നുണ്ട്.


Next Story

Related Stories