TopTop
Begin typing your search above and press return to search.

മൂവായിരം ട്രാക്ടറുകളുമായി കര്‍ഷകരുടെ റാലി; ഇന്ന് കേന്ദ്ര സര്‍ക്കാരുമായുള്ള എട്ടാംവട്ട ചര്‍ച്ച

മൂവായിരം ട്രാക്ടറുകളുമായി കര്‍ഷകരുടെ റാലി;  ഇന്ന് കേന്ദ്ര സര്‍ക്കാരുമായുള്ള എട്ടാംവട്ട ചര്‍ച്ച

വിവാദ കൃഷി നിയമങ്ങള്‍ സംബന്ധിച്ച് കര്‍ഷകരും കേന്ദ്ര സര്‍ക്കാരുമായുള്ള എട്ടാം ചര്‍ച്ച വിഗ്വാന്‍ ഭവനില്‍ ഇന്ന് ഉച്ചയ്ക്കു രണ്ടിനു നടക്കും. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിച്ചില്ലെങ്കില്‍, രാജ്യതലസ്ഥാനം ഇതുവരെ കാണാത്ത വിധമുള്ള പ്രക്ഷോഭമുണ്ടാകുമെന്നാണു കര്‍ഷകരുടെ മുന്നറിയിപ്പ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യമൊഴികെ മറ്റ് എന്ത് നിര്‍ദേശവും പരിഗണിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഒറ്റ അജന്‍ഡയില്‍ ചര്‍ച്ച നടത്തണമെന്ന് കര്‍ഷക സംഘടനകള്‍ ഇന്നും ആവശ്യപ്പെടും. നിയമം പിന്‍വലിക്കാതെ താങ്ങുവില അടക്കം ആശങ്കകളില്‍ ചര്‍ച്ച ഫലപ്രദമാകില്ലെന്നാണ് കര്‍ഷക നേതാക്കളുടെ നിലപാട്. എന്നാല്‍, മറ്റ് എന്ത് നിര്‍ദേശവും പരിഗണിക്കാമെന്നും നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ആവര്‍ത്തിച്ചു പറയുന്നു. സുപ്രിംകോടതി അടുത്ത തിങ്കളാഴ്ച കര്‍ഷക സമരം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ ചര്‍ച്ച നിര്‍ണായകമാണ്. ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കടുപ്പിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു.

അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിനു വീര്യം കൂട്ടി ഡല്‍ഹി അതിര്‍ത്തികളില്‍ ആയിരക്കണക്കിനു കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തി. റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന സമാന്തര പരേഡിന്റെ റിഹേഴ്‌സലാണു നടന്നത്.ഡല്‍ഹി അതിര്‍ത്തി മേഖലകളായ സിംഘു, തിക്രി, ഗാസിപ്പുര്‍ എന്നിവിടങ്ങളിലും രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയിലെ ഷാജഹാന്‍പുരിലും ഹരിയാനയിലെ പല്‍വലിലുമായിരുന്നു റാലി. ദേശീയ പതാകകളുമായി അണിനിരന്ന മൂവായിരത്തോളം ട്രാക്ടറുകള്‍ ഓടിച്ചവരില്‍ വനിതകളുമുണ്ട്. വിമുക്ത ഭടന്മാരും തൊഴിലാളികളും ഒപ്പം ചേര്‍ന്നു. കേരളത്തില്‍ നിന്നുള്‍പ്പെടെ പരമാവധി കര്‍ഷകരെ വരുംദിവസങ്ങളില്‍ ഡല്‍ഹി അതിര്‍ത്തികളിലെത്തിക്കും. ലക്ഷക്കണക്കിനു കര്‍ഷകര്‍ 25നു ഡല്‍ഹിയിലേക്കു കടക്കുമെന്നാണ് റിപോര്‍ട്ടുകള്‍


Next Story

Related Stories