TopTop
Begin typing your search above and press return to search.

അനധികൃത സ്വത്ത് സമ്പാദന കേസ്: ഡികെ ശിവകുമാറിന് സിബിഐയുടെ സമന്‍സ്

അനധികൃത സ്വത്ത് സമ്പാദന കേസ്: ഡികെ ശിവകുമാറിന് സിബിഐയുടെ സമന്‍സ്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന് സിബിഐ സമന്‍സ് നല്‍കി. 23ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 19ന് സിബിഐ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയിരുന്നതായി ശിവകുമാര്‍ അറിയിച്ചു. എന്നാല്‍ സ്വകാര്യ ചടങ്ങിന്റെ ഭാഗമായി പുറത്തായിരുന്നു. വീട്ടിലെത്തിയപ്പോള്‍ നോട്ടീസ് ലഭിച്ചു. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്തശേഷം 25ന് ഹാജരാകാന്‍ അനുമതി തേടിയിട്ടുണ്ടെന്നും ശിവകുമാര്‍ അറിയിച്ചു.

നവംബര്‍ 23ന് വൈകുന്നേരം നാലിന് ഹാജരാകാനാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മാസ്‌കി, ബസവകലന്യ നിയമസഭാ മണ്ഡലങ്ങളില്‍ സിദ്ധരാമയ്യയോടൊപ്പം പര്യടനം നിശ്ചയിച്ചിരിക്കുന്നതിനാല്‍ അതിന് സാധിക്കില്ല. അതിനാല്‍ 25ന് ഉച്ചകഴിഞ്ഞ് ഹാജരാകാമെന്ന് സിബിഐ അറിയിച്ചിട്ടുണ്ടെന്ന് ശിവകുമാര്‍ വ്യക്തമാക്കി.

ഒക്ടോബര്‍ അഞ്ചിന് കര്‍ണാടക, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ശിവകുമാറുമായി ബന്ധപ്പെട്ട 14 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. 57 ലക്ഷം രൂപ, സ്വത്തുരേഖകള്‍, ബാങ്കുമായി ബന്ധപ്പെട്ട രേഖകള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തിരുന്നു. 74.93 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ചാണ് ശിവകുമാറിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ സിബിഐ കേസെടുത്തത്. അതേസമയം, 19ന്, ശിവകുമാറിന്റെ മകളുടെ വിവാഹ നിശ്ചയ ദിനത്തിലാണ് സിബിഐ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. കഫേ കൊഫീ ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥ ഹെഗ്ഡെയുടെ മകനും ബിജെപി നേതാവ് എസ്എം കൃഷ്ണയുടെ കൊച്ചുമകനുമായ അമര്‍ത്യ ഹെഗ്ഡെയുമായിട്ടാണ് മകള്‍ ഐശ്വര്യയുടെ വിവാഹം നിശ്ചയിച്ചത്.


Next Story

Related Stories