TopTop
Begin typing your search above and press return to search.

സുപ്രീം കോടതിയും ചീഫ് ജസ്റ്റിസും വിവരാവകാശ പരിധിയില്‍ വരുമോ? നാളെ അറിയാം

സുപ്രീം കോടതിയും ചീഫ് ജസ്റ്റിസും വിവരാവകാശ പരിധിയില്‍ വരുമോ? നാളെ അറിയാം

സുപ്രീം കോടതിയും ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയും (സിജെഐ) വിവരാവകാശ നിയമപരിധിയില്‍ (ആര്‍ടിഐ ആക്ട്) വരുമെന്ന് ഡല്‍ഹി ഹൈക്കോടതി വിധിയ്‌ക്കെതിരായ അപ്പീലില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച് ആണ് അപ്പീലില്‍ വിധി പറയുക. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എന്‍ വി രമണ, സഞ്ജീവ് ഖന്ന, ദീപക് ഗുപ്ത എന്നിവരാണ് ബഞ്ചിലുള്ളത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടി വിധിയുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

2009ലെ ഡല്‍ഹി ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. സുപ്രീം കോടതിയും ചീഫ് ജസ്റ്റിസിന്റെ ഓഫീസും മറ്റ് പൊതു അധികാര കേന്ദ്രങ്ങളെപ്പോലെ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥരാണ് എന്നായിരുന്നു 2009ലെ ഡല്‍ഹി ഹൈക്കോടതി വിധി. 2007ല്‍ പൊതുപ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ ആവശ്യപ്പെട്ട് ആര്‍ടിഐ ഫയല്‍ ചെയ്തിരുന്നു. വിവരം നിഷേധിക്കപ്പെട്ടപ്പോള്‍ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ (സിഐസി) സമീപിച്ചു. ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഇത് ഡല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ശരിവച്ച ഹൈക്കോടതി അഗര്‍വാളിന് അനുകൂലമായി വിധിച്ചു. വിവരങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ടു.

2010ല്‍ സുപ്രീം കോര്‍ട്ട് സെക്രട്ടറി ജനറലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ ഈ അപ്പീല്‍, ഹൈക്കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു. ഈ വിധിയാണ് നാളെ വരാനിരിക്കുന്നത്. ചീഫ് ജസ്റ്റിസും സുപ്രീം കോടതിയും വിവരാവകാശ നിയമത്തിന് കീഴില്‍ വരുന്നത് ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളേയും അതിന്റെ സ്വാതന്ത്ര്യത്തേയും പ്രതികൂലമായി ബാധിക്കും എന്ന് പറഞ്ഞാണ് എതിര്‍പ്പുയര്‍ന്നത്. മോദി സർക്കാർ കൊണ്ടുവന്ന വിവരാവകാശ നിയമഭേദഗതി വിവരാവകാശ കമ്മീഷനെ തകർക്കുന്നതാണ് എന്ന ശക്തമായ വിമർശനം നിലനിൽക്കെയാണ് സുപ്രീം കോടതി ഈ കേസിൽ വിധി പറയാൻ പോകുന്നത്.


Next Story

Related Stories