TopTop

'എന്‍95 മാസ്കുകളുമായി അവരെത്തുമ്പോള്‍ എന്റെ കുഴിമാടത്തിലേക്ക് അയയ്ക്കണ'മെന്ന് ഡോക്ടര്‍; സൈബര്‍ ആക്രമണവുമായി ബിജെപി ഐടി സെല്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് കൊറോണ സംബന്ധിച്ച് പ്രഖ്യാപനങ്ങളല്ലാതെ നടപടികളൊന്നും വരാത്തതില്‍ വൈദ്യരംഗത്ത് പ്രതിഷേധമുയരുന്നു. ആശുപത്രികളിലെ മാസ്ക് അടക്കമുള്ള സുരക്ഷാ വസ്ത്രങ്ങളുടെ ക്ഷാമമാണ് പ്രശ്നമാകുന്നത്. ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധത്തിലേക്ക് സുരക്ഷാവസ്ത്രങ്ങളുടെ ലഭ്യതക്കുറവ് എത്തിച്ചേര്‍ന്നിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹരിയാനയിലെ പണ്ഡിറ്റ് ഭാഗവത് ദയാല്‍ ശര്‍മ മെഡിക്കല്‍ കോളജിലെ ഒരു വൈദ്യവിദ്യാര്‍ത്ഥി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്: "എന്‍95 മാസ്കുകളുമായി അവരെത്തുമ്പോള്‍ എന്റെ കുഴിമാടത്തിലേക്ക് അയയ്ക്കണം." വലിയ ഇച്ഛാഭംഗമാണ് ഇക്കാര്യത്തില്‍ പൊതുവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്. അനസ്തേഷ്യോഷജി ആന്‍ഡ് ക്രിട്ടിക്കല്‍ കെയറിലെ ഡോക്ടറായ കാമ്ന കാക്കര്‍ ഇതേ പ്രശ്നം ഉന്നയിച്ച് ട്വീറ്റുകളിട്ടു. സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മ അവര്‍ ചൂണ്ടിക്കാട്ടി. ഇതിന് ആക്രമിച്ച് ബിജെപി ഐടി സെല്‍ തലവനായ അമിത് മാളവ്യയും സംഘവുമെത്തി. ഡോക്ടറുടെ ജീവന്മരണ പ്രശ്നം അവര്‍ക്ക് രാഷ്ട്രീയമായാണ് തോന്നിയത്.

ഡോ. കാമ്ന ജോലി ചെയ്യുന്ന അതേ സ്ഥാപനത്തിലെ മറ്റ് ഡോക്ടര്‍മാര്‍ അവരുടെ ട്വീറ്റുകള്‍ ശരിവെക്കുന്നുണ്ട്. സുരക്ഷാവസ്ത്രങ്ങളില്ല. അത് നിങ്ങള്‍ മനസ്സിലാക്കണമെന്നാണ് ഡോ. ധ്രുവ് ചൗധരി പറയുന്നത്. കഴിഞ്ഞദിവസം ക്വാറന്റൈനിലേക്ക് മാറ്റപ്പെട്ട ഒരു ഡോക്ടര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വമ്പിച്ച പ്രചാരണം നടക്കുന്നുണ്ട്. ഇദ്ദേഹത്തെ വില്ലനായി ചിത്രീകരിക്കുന്നതാണ് പോസ്റ്റുകളെല്ലാം. ഇദ്ദേഹത്തിന്റെ തുടര്‍ന്നുള്ള പ്രാക്ടീസിനെ ബഹിഷ്കരിക്കണമെന്നും ആഹ്വാനമുയരുന്നുണ്ട്.

2017 മുതല്‍ അനസ്തേഷ്യോഷജി ആന്‍ഡ് ക്രിട്ടിക്കല്‍ കെയറില്‍ ജോലിയെടുത്തു വരുന്നയാളാണ് ഡോ. കാമ്ന. ഹരിയാനയിലെ ഏറ്റവും വലിയ മെഡിക്കല്‍ സ്ഥാപനമാണിത്. ഇവിടെയാണ് മാസ്ക് അടക്കമുള്ളവ കിട്ടാനില്ലാത്ത അവസ്ഥയുണ്ടായിരിക്കുന്നത്.ഇവര്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നാരോപിച്ച് സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ അനുഭാവികള്‍ ശക്തമായ പ്രചാരണം തുടങ്ങി. സാമൂഹിക ആക്രമണം നേരിട്ടു തുടങ്ങിയതിനു പിന്നാലെ ഡോ. കാമ്നയുടെ ട്വിറ്റര്‍ പേജ് കാണാതാകുകയും ചെയ്തു. കൊറോണയെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാര്യക്ഷമമല്ലെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണിതെല്ലാം സംഭവിച്ചിരിക്കുന്നത്. കാമ്നയെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും രംഗത്തു വന്നിരുന്നു. കൊറോണ വ്യാപനത്തെ നേരിടുന്നതില്‍ രാജ്യം വൈകിയെന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

കാമ്ന തങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഏറ്റവും മികച്ച പോസ്റ്റ് ഗ്രാജ്വേറ്റുകളില്‍ ഒരാളാണെന്ന് ഡോ. ധ്രുവ് ചൗധരി പറയുന്നത്. വളരെ ഊര്‍ജസ്വലയാണ് അവര്‍. അയാള്‍ യുവാക്കള്‍ എങ്ങനെ ചിന്തിക്കണമോ അങ്ങനെ ചിന്തിക്കുന്ന ഒരാളാണ്. ഒരു ട്രോമാ കെയറില്‍ കാമ്നയെ നിയോഗിച്ചിരുന്നു. ഇവിടെ ഒരാള്‍ക്ക് ചുമ പിടിപെട്ടു. ഇത്തരം ഗൗരവമേറിയ സാഹചര്യങ്ങളെ നേരിടാന്‍ ആശുപത്രിയില്‍ ആവശ്യമായ സുരക്ഷാ ഉപാധികളൊന്നും ഇല്ലാത്ത അവസ്ഥയാണെന്ന് ധ്രുവ് ചൗധരി പറയുന്നു.

രാജ്യത്ത് ഇപ്പോഴും കൊറോണവൈറസ് ടെസ്റ്റിങ് വ്യാപകമാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നുണ്ട്. എത്ര വെന്റിലേറ്ററുകളും ആശുപത്രികലും കൊറോണയെ നേരിടാന്‍ തയ്യാറാണെന്നും ഇതിനായി കേന്ദ്രം എന്താണ് ചെയ്യുന്നതെന്നും ചോദ്യമുയരുന്നു. കിണ്ണമേളം നടത്തുന്നതു പോലുള്ള ഗിമ്മിക്കുകളില്‍ നിന്നും പ്രധാനമന്ത്രി പിന്മാറണമെന്നും സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

ഡോ. കാമ്നയുടെ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ആണ്. ഫേസ്ബുക്കും ട്വിറ്ററും അടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ലഭ്യമല്ല. കൂട്ടത്തോടെയുള്ള ആക്രമണമാണ് ഇവരെ സ്വയം മറഞ്ഞു നില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് അനുമാനിക്കപ്പെടുന്നത്.Next Story

Related Stories