TopTop

പൗരത്വ നിയമഭേദഗതിയെ വിമർശിച്ച കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ച് യുപി സർക്കാർ‌

പൗരത്വ നിയമഭേദഗതിയെ വിമർശിച്ച കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ച് യുപി സർക്കാർ‌

കഫീൽ ഖാനെ കൂടുതൽ നിയമക്കുരുക്കുകളിൽ പെടുത്തുന്ന നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രസ്താവന നടത്തിയതിന് കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്സെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞവർഷം അലിഗഢ് മുസ്ലിം സർവ്വകലാശാലയിൽ നടന്ന ഒരു പരിപാടിയിലാണ് കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമഭേദഗതിയെ വിമർശിച്ച് കഫീൽ സംസാരിച്ചത്. 2019 ഡിസംബർ 19നായിരുന്നു കഫീൽ ഖാന്റെ പ്രസംഗം.

ഇതേ സംഭവത്തിൽ ജയിലിലടയ്ക്കപ്പെട്ട കഫീൽ ഖാൻ ജാമ്യം നേടി പുറത്തിറങ്ങാനിരിക്കെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ കടുത്ത വകുപ്പ് ചുമത്തിയതിനെ പൊലീസ് ന്യായീകരിച്ചു. അതെസമയം തിങ്കളാഴ്ച കോടതി ജാമ്യം നൽകിയിട്ടും പൊലീസ് ഇദ്ദേഹത്തെ പുറത്തുവിടാൻ തയ്യാറാകാഞ്ഞതിനെ ചോദ്യം ചെയ്ത് കുടുംബാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

ജനുവരി 29നാണ് കഫീൽ ഖാനെ മുംബൈയിൽ വെച്ച് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്താൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഈ വകുപ്പുകളാണ് അന്ന് ചുമത്തിയിരുന്നത്.

2017ൽ യുപിയിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ കുട്ടികൾ മരിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് കഫീൽ ഖാൻ ദേശീയശ്രദ്ധയിൽ വരുന്നത്. യഥാർത്ഥത്തില്‍ ഇദ്ദേഹം കുട്ടികൾക്ക് ഓക്സിജൻ ലഭ്യമാക്കാനായി ഓടിനടക്കുകയായിരുന്നെന്ന് പിന്നീട് റിപ്പോർട്ടുകൾ വരികയുണ്ടായി. എങ്കിലും യുപി സർക്കാർ കഫീൽ ഖാനെ വേട്ടയാടാൻ തുടങ്ങിയതോടെ ഹിന്ദുത്വ ഭീകരതയ്ക്കെതിരായ ദേശീയ നീക്കങ്ങളിൽ ഇദ്ദേഹവും ഒരു കണ്ണിയായി മാറുകയായിരുന്നു.


Next Story

Related Stories